ഓസ്‌കർ ഷോർട്ട്‌ലിസ്റ്റിൽ ഇടംപിടിച്ച് 'ഹോംബൗണ്ട്'

മുംബൈ: നീരജ് ഗയ്‌വാന്റെ 'ഹോംബൗണ്ട്' ഓസ്‌കർ ഷോർട്ട്‌ലിസ്റ്റിൽ. മികച്ച അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിലാണ് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയായി ചിത്രം ഇടം നേടിയത്. ഗ്രാമത്തിലുളള രണ്ട് സുഹൃത്തുക്കളെയും അവരുടെ അഭിലാഷങ്ങളെയും കുറിച്ചുള്ള ചിത്രമാണ് ഹോംബൗണ്ട്. ഇത് കൂടാതെ 14 ചിത്രങ്ങളാണ് ഓസ്കറിലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടത്. പട്ടികയുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് ചലച്ചിത്രകാരൻ കരൺ ജോഹറാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മെയ്‍യിൽ കാൻ ചലച്ചിത്ര മേളയുടെ അൺ സെർട്ടൈൻ റിഗാർഡ് വിഭാഗത്തിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്.
2020-ൽ ബഷാരത് പീർ ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തെ അടിസ്ഥാനമാക്കി നീരജ് ഗയ്‌വാൻ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഹോംബൗണ്ട്. ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവർ അഭിനയിക്കുന്ന ഈ ചിത്രം ദേശീയ പൊലീസ് പരീക്ഷയിൽ വിജയിക്കാൻ ശ്രമിക്കുന്ന രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്നു. സെപ്തംബർ 26 ന് ചിത്രം ഇന്ത്യയിലെ തിയേറ്ററുകളിൽ റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്സിനാണ് ഒടിടി സ്ട്രീമിംങ് അവകാശം. 30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കലിഡിയോസ്കോപ് വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.
അർജന്റീനയുടെ "ബെലാൻ", ബ്രസീലിന്റെ "ദി സീക്രട്ട് ഏജന്റ്", ഫ്രഞ്ച് സിനിമ "ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്", ജർമ്മനിയുടെ "സൗണ്ട് ഓഫ് ഫാലിംഗ്", ഇറാഖിന്റെ "ദി പ്രസിഡന്റ്സ് കേക്ക്", ജപ്പാനിലെ "കൊക്കുഹോ", ജോർദാന്റെ "ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു", നോർവേയുടെ "സെന്റിമെന്റൽ വാല്യൂ", പാലസ്തീനിന്റെ "പാലസ്തീൻ 36", ദക്ഷിണ കൊറിയൻ ഹിറ്റ് "നോ അദർ ചോയ്‌സ്", സ്പെയിനിന്റെ "സിറാത്ത്", സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള "ലേറ്റ് ഷിഫ്റ്റ്", തായ്‌വാനിൽ നിന്നുള്ള "ലെഫ്റ്റ്-ഹാൻഡഡ് ഗേൾ", ടുണീഷ്യൻ ചിത്രം "ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്" എന്നിവയാണ് ഷോർട്ട്‌ലിസ്റ്റിലുള്ള മറ്റ് സിനിമകൾ.










0 comments