വെള്ളിത്തിരയിലെ വിസ്മയ രാവുകൾക്ക് നാളെ സമാപനം: ആസ്വാദകർക്കായി അവസാന ദിനം 11 സിനിമകൾ

തിരുവനന്തപുരം: വെള്ളിത്തിരയിലെ വിസ്മയക്കാഴ്ചകൾക്ക് തിരശ്ശീല വീഴാനൊരുങ്ങുമ്പോൾ, മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ദിനം സിനിമാപ്രേമികൾക്കായി കാത്തുവെച്ചിരിക്കുന്നത് 11 മികച്ച ചിത്രങ്ങളാണ്.
കടൽ കാണാൻ പലസ്‌തീനിൽ നിന്ന് ഇസ്രായേലിലേക്ക് യാത്ര തിരിക്കുന്ന 12 വയസ്സുകാരന്റെ നോവുന്ന കഥയുമായാണ് ഷായ് കർമ്മേലി പൊള്ളാക്കിന്റെ 'ദി സീ' പ്രേക്ഷകരിലേക്ക് എത്തുന്നത്. 98-ാമത് ഓസ്കറിലേക്കുള്ള ഇസ്രായേലിന്റെ ഔദ്യോഗിക എൻട്രിയായ ഈ ചിത്രം രാവിലെ 9.30-ന് കൈരളി തിയറ്ററിൽ പ്രദർശിപ്പിക്കും.
ജീവിതത്തിലെ തകർച്ചകൾക്കിടയിൽ പതറാതെ നിൽക്കുന്ന ഒരമ്മയുടെയും മക്കളുടെയും കഥ പറയുന്ന ജോക്കിം ലാഫോസിന്റെ ‘സിക്സ് ഡേയ്സ് ഇൻ സ്പ്രിങ്’ ഉച്ചയ്ക്ക് 12ന് ഇതേ തിയറ്ററിൽ കാണാനാകും.

മനുഷ്യബന്ധങ്ങളുടെയും അതിജീവനത്തിന്റെയും പുതിയ ലോകങ്ങൾ തുറക്കുന്ന ‘കോട്ടൺ ക്യൂൻ’, ‘റൊമേറിയ’, ‘ഗ്ലോമിങ് ഇൻ ലുവോമു’, ‘റിവർ സ്റ്റോൺ’ എന്നീ ചിത്രങ്ങൾ മേളയുടെ അവസാന ദിനത്തെ സമ്പന്നമാക്കും. ലിസ്ബൺ സ്പെഷ്യൽ ജൂറി അവാർഡ് നേടിയ ക്രിസ്റ്റ്യൻ പെറ്റ്സോൾഡിന്റെ ‘മിറേഴ്‌സ് നമ്പർ 3’ സിനിമാ ലോകത്തെ വിസ്മയങ്ങളിൽ ഒന്നായിരിക്കും. വിയറ്റ്നാം യുദ്ധത്തിന്റെ അമ്പതാം വാർഷികം അനുസ്മരിച്ചുകൊണ്ട് ഒരുക്കിയ കൺട്രി ഫോക്കസ് വിഭാഗത്തിലെ ‘വൺസ് അപ്പോൺ എ ലവ് സ്റ്റോറി’ ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാകും.
ലോകസിനിമയിലെ ഇതിഹാസങ്ങൾക്കുള്ള ആദരമായി അബ്ദെർറഹ്‌മാൻ സിസ്സാക്കോയുടെ ‘വെയ്റ്റിംഗ് ഫോർ ഹാപ്പിനസ്’, യൂസഫ് ഷഹീന്റെ ‘കയ്‌റോ സ്‌റ്റേഷൻ’ എന്നിവയും അവസാന ദിനത്തിൽ ആസ്വാദകർക്ക് മുന്നിലെത്തും. ലാറ്റിൻ അമേരിക്കൻ വിഭാഗത്തിലെ ‘ഇൻസൈഡ് ദി വുൾഫ്’ എന്ന ചിത്രവും കാണാനാകും.
വൈകിട്ട് 6 മണിയോടെ സമാപന ചടങ്ങുകൾ നിശാഗന്ധിയിൽ നടക്കും. തുടർന്ന് സുവർണ ചകോരം നേടിയ സിനിമ പ്രദർശിപ്പിക്കും.










0 comments