ഹിന്ദി സിനിമയുടെ വേരുകൾ അറ്റുപോയി, ലക്ഷ്യം വെറും പണം മാത്രം; ബോളിവുഡിനെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്

കോഴിക്കോട്: മുഖ്യധാരാ ഹിന്ദി സിനിമകൾക്ക് അതിന്റെ സത്തയും വേരുകളും നഷ്ടപ്പെട്ടതായി നടൻ പ്രകാശ് രാജ്. കോഴിക്കോട് നടന്ന ഒമ്പതാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദക്ഷിണേന്ത്യൻ സിനിമകൾ, പ്രത്യേകിച്ച് മലയാളവും തമിഴും, ശക്തമായ ഉള്ളടക്കങ്ങളിലൂടെ മുന്നേറുമ്പോൾ ബോളിവുഡ് വെറും ഉപരിപ്ലവമായ സൗന്ദര്യത്തിനും പണത്തിനും പിന്നാലെയാണെന്ന് അദ്ദേഹം വിമർശിച്ചു.
ഹിന്ദി സിനിമകൾ ഇന്ന് ഒരു 'മാഡം തുസാഡ്‌സ് മ്യൂസിയം' പോലെയാണെന്ന് അദ്ദേഹം പരിഹസിച്ചു. അവിടെ എല്ലാം കാണാൻ ഭംഗിയുണ്ട്, എന്നാൽ അവയ്ക്കൊന്നും ഒരു അർത്ഥവുമില്ല. ദക്ഷിണേന്ത്യൻ സിനിമകൾക്ക് ഇന്നും ഒരുപാട് കഥകൾ പറയാനുണ്ട്.
തമിഴിലെ യുവ സംവിധായകർ ദളിത് പ്രശ്‌നങ്ങളെക്കുറിച്ചും സാമൂഹിക യാഥാർത്ഥ്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു. എന്നാൽ ബോളിവുഡ് കേവലം മൾട്ടിപ്ലക്സ് പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള വ്യാജ നിർമ്മിതികളായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇന്ത്യൻ മൂല്യങ്ങളെയും രാഷ്ട്രനിർമ്മാണത്തെയും ഉയർത്തിപ്പിടിച്ചിരുന്ന ഹിന്ദി സിനിമകൾക്ക് ആ വൈകാരിക ബന്ധം നഷ്ടമായി.
'അമർ അക്ബർ ആന്റണി' പോലെ മതസൗഹാർദ്ദം വിളിച്ചോതിയിരുന്ന ആ പഴയ കാലം പോയെന്നും ഇന്ന് ബോളിവുഡ് ഗ്ലാമറിന് പിന്നാലെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ദി ആർട്ടിസ്റ്റ് ഐ ബികേം' എന്ന സെഷനിൽ പങ്കെടുത്ത പ്രകാശ് രാജിന്റെ വാക്കുകൾക്ക് സദസ്സിൽ നിന്നും വലിയ കയ്യടിയാണ് ലഭിച്ചത്.










0 comments