ad
Deshabhimani

'ഇപ്പൊ പേടിയാ സാറേ ,ഇതുപോലെ ഇനി ആരൊക്കെ ഉണ്ടെന്ന് എനിക്കറിയില്ല'; നാലാം ക്ലാസുകാരന്റെ മൂന്നാം വരവ്: ദൃശ്യം 3 ടീസർ പുറത്ത്

Drishyam 3

ദൃശ്യം3 ടീസർ പോസ്റ്റർ

വെബ് ഡെസ്ക്

Published on Apr 29, 2026, 06:04 PM | 1 min read

തിരുവനന്തപുരം : മലയാള സിനിമാ പ്രേമികൾ മാസങ്ങളായി കാത്തിരുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3'യുടെ ടീസർ പുറത്തിറങ്ങി. ഇന്ന് വൈകുന്നേരം അഞ്ചു മണിക്കാണ് സസ്പെൻസും ഇമോഷനും ഒരുപോലെ നിറച്ച ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഒരു മിനിറ്റും അൻപത് സെക്കൻഡും ദൈർഘ്യമുള്ള ടീസർ 2013ലെയും 2021ലെയും ആദ്യ രണ്ട് ഭാഗങ്ങളിലെ പ്രധാന രംഗങ്ങൾ കോർത്തിണക്കിയാണ് ആരംഭിക്കുന്നത്. തുടർന്ന് 2026 എന്ന് കാണിച്ചുകൊണ്ട് മൂന്നാം ഭാഗത്തിന്റെ ദൃശ്യങ്ങളിലേക്ക് കടക്കുമ്പോൾ ജോർജുകുട്ടിയുടെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന വ്യക്തമായ സൂചനയാണ് നൽകുന്നത്. ഒരു പള്ളിക്കുള്ളിൽ ജോർജുകുട്ടി ഇരിക്കുന്ന ദൃശ്യങ്ങൾ ആരാധകരിൽ വലിയ ആകാംക്ഷയാണ് ഇതിനോടകം ഉണ്ടാക്കിയിരിക്കുന്നത്.


'ജനിച്ചപ്പോ മുതൽ തുടങ്ങിയതാണ് എന്റെ ഈ യുദ്ധം, സ്വന്തമെന്ന് പറയാൻ ആരുമില്ലായിരുന്നു. കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് സ്വന്തമാക്കിയതാണ് എന്റെ കുടുംബം. അത് തകരുമെന്നൊരു ഘട്ടം വന്നപ്പോൾ മുന്നും പിന്നും ചിന്തിക്കാതെ പ്രവർത്തിച്ചു പോയി. അതിനിടയിൽ ആരൊക്കെ വേദനിക്കുന്നെന്ന് ഞാൻ മനസിലാക്കിയില്ല. ഇപ്പൊ പേടിയാ സാറേ, ഇതുപോലെ ഇനി ആരൊക്കെ ഉണ്ടെന്ന് എനിക്കറിയില്ല' എന്ന മോഹൻലാലിന്റെ മുഴുനീള ഡയലോഗാണ് ടീസറിലെ പ്രധാന ആകർഷണം. സസ്പെൻസിനൊപ്പം വൈകാരികമായ തലം കൂടി സിനിമയ്ക്കുണ്ടെന്ന് ഈ സംഭാഷണം വ്യക്തമാക്കുന്നു.


മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് മെയ് 21നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന മൂന്നാം ഭാഗം ആശിർവാദ് സിനിമാസ്, പനോരമ സ്റ്റുഡിയോസ്, പെൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. മീന, എസ്തർ അനിൽ, അൻസിബ ഹസൻ,മുരളി ഗോപി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണവും അനിൽ ജോൺസൺ സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ വിനായകാണ്.


മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ 'ദൃശ്യം' 2013ലാണ് റിലീസ് ചെയ്തത്. 75 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആകെ കളക്ഷൻ. കോവിഡ് കാലത്ത് ഒടിടി റിലീസായെത്തിയ രണ്ടാം ഭാഗവും ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ജോർജുകുട്ടിയും കുടുംബവും ഇത്തവണ എങ്ങനെ നിയമത്തെ നേരിടും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home