ദൃശ്യം 3 പാക്കപ്പ്: ഇനി ജോർജുകുട്ടിയുടെ പുതിയ കരുനീക്കങ്ങൾക്കായി കാത്തിരിക്കാം

കൊച്ചി: മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന മെഗാ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായി. നിർമാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പാക്ക് അപ്പ് വീഡിയോയും പങ്കുവയ്ച്ചിട്ടുണ്ട്. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാര പ്രഖ്യാപനത്തിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ദൃശ്യം 3.

ദൃശ്യം സീരീസിലെ മൂന്നാമത്തെ ചിത്രമാണിത്. ജോർജുകുട്ടിയുടേയും കുടുംബത്തിന്റെയും വരവിനായി പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ആദ്യ രണ്ട് സിനിമകളിലും ജീത്തു എന്ന സംവിധായകൻ ഒളിപ്പിച്ചുവച്ച സസ്പെൻസും മാജിക്കും ദൃശ്യം 3യിലും തുടരുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. ജോർജുകുട്ടിയുടെ കുടുംബത്തിൽ എന്താണ് സംഭവിക്കുന്നത്, അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് തുടങ്ങിയവയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു.
ദൃശ്യം 3യുടെ ആഗോള തിയേറ്ററിക്കൽ, ഡിജിറ്റൽ റൈറ്റുകൾ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിട്ടുണ്ട്. 350 കോടിയുടെ ബിസിനസ് നേട്ടം ഇതിനകം ചിത്രം ഉറപ്പാക്കിയിട്ടുണ്ട്. ആദ്യ രണ്ട് ഭാഗങ്ങൾ വലിയ വിജയമായിരുന്നതിനാൽ തന്നെ മൂന്നാം ഭാഗം വരുമ്പോൾ എന്തൊക്കെ പുതുമയാണ് ചിത്രത്തിലുണ്ടാവുക എന്നുള്ള വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. കൊവിഡ് കാലമായതിനാൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ദൃശ്യം 2' ഒടിടിയിലൂടെയാണ് പ്രദർശനത്തിന് എത്തിയത്. അന്യഭാഷാ റീമേക്കുകൾക്ക് മുമ്പുതന്നെ ദൃശ്യം 3 തിയറ്ററിലെത്തുമെന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത്.

ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളേക്കാൾ ഉയർന്ന ചിത്രമാണ് ദൃശ്യം 3 എന്ന് ചിന്തിക്കേണ്ടതില്ല. നാലര വർഷങ്ങൾക്ക് ശേഷം ജോർജുകുട്ടിയുടെ കുടുംബത്തിലുണ്ടാകുന്ന മാറ്റങ്ങളാകും സിനിമയിലുണ്ടാകുകയെന്നും ജിത്തു പറഞ്ഞു. ദൃശ്യം, ദൃശ്യം 2 സിനിമകൾ സാമ്പത്തികമായും അല്ലാതെയും വലിയ വിജയമായിരുന്നു. വർഷങ്ങളോളം സംവിധായകനുമായി സംസാരിച്ചാണ് ദൃശ്യം 3ലേക്ക് എത്തിയതെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇനി ജോർജുകുട്ടിയുടെ പുതിയ കരുനീക്കങ്ങൾക്കായി നമുക്ക് കാത്തിരിക്കാം








0 comments