ad
Deshabhimani

'ശ്രീനി പോയി'; ഇത്രമാത്രം പറഞ്ഞ്‌ ഒരുസെക്കന്റ്‌ കഴിഞ്ഞ്‌ അച്ഛൻ ഫോൺ കട്ട്‌ ചെയ്തു; വൈകാരിക കുറിപ്പുമായി അഖിൽ സത്യൻ

akhil sathyan
വെബ് ഡെസ്ക്

Published on Dec 21, 2025, 05:20 PM | 2 min read

തിരുവനന്തപുരം: സത്യൻ അന്തിക്കാടും ശ്രീനിവാസനുമായുള്ള ബന്ധം ഓർത്തെടുത്ത് സംവിധായകനും സത്യൻ അന്തിക്കാടിന്റെ മകനുമായ അഖിൽ സത്യൻ. 'ശ്രീനി പോയി'; ഇത്രമാത്രം പറഞ്ഞ്‌ ഒരുസെക്കന്റ്‌ കഴിഞ്ഞ്‌ അച്ഛൻ ഫോൺ കട്ട്‌ ചെയ്തു'- അഖിൽ സത്യൻ വൈകാരിക കുറിപ്പ് ഇത്തരത്തിലാണ് ആരംഭിക്കുന്നത്.


'എന്റെ ഏറ്റവും പ്രിയപ്പെട്ട സ്ക്രിപ്റ്റ്‌ റൈറ്റർ ശ്രീനിയങ്കിളാണ്‌. എന്റെ ആദ്യ സിനിമ ഞാൻ എഴുതിയത്‌ അദ്ദേഹത്തിന്റെ ഒരു സ്ക്രിപ്റ്റ്‌ ബുക്ക്‌ അപ്പുറത്ത്‌ തുറന്നു വെച്ചിട്ടാണ്‌. ഏറ്റവും കൂടുതൽ അറിയുന്നത്‌ അഛനിൽ നിന്നും കേട്ട സിനിമക്കപ്പുറത്ത്‌ ഉള്ള ശ്രീനിവാസനെയാണ്‌. ലൈഫിലെ ഏതൊരു മൊമന്റിനും ഒരു അഛൻ-ശ്രീനിയങ്കിൾ കഥയുണ്ട്‌. അതോർത്തെടുത്ത്‌ പറയാൻ അച്ഛനൊരു സെക്കന്റ്‌ മതി. ഇന്ന് രാവിലെ വിളിച്ച കോളിലൊഴികെ' - അഖിൽ സത്യൻ എഴുതി.


ശ്രീനിവാസന് ഏറെ പ്രിയപ്പെട്ട പേനയും എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന വാക്കുകളെഴുതിയ പേപ്പറും നെഞ്ചോടു ചേർ‌ത്തുള്ള മലയാളത്തിന്റെ ശ്രീനിയുടെ മടക്കത്തിലും സത്യൻ അന്തിക്കാടുമായുള്ള ബന്ധം നാടറിഞ്ഞു. സത്യൻ അന്തിക്കാടാണ് പേപ്പറും പേനയും ശ്രീനിവാസന്റെ ശരീരത്തിൽ ചേർത്തുവച്ചത്.


പോസ്റ്റിന്റെ പൂർണ രൂപം:


"ശ്രീനി പോയി".

ഇത്‌ മാത്രം പറഞ്ഞ്‌ ഒരു സെക്കന്റ്‌ കഴിഞ്ഞ്‌ അച്ഛൻ ഫോൺ കട്ട്‌ ചെയ്തു. ഈയിടെ പെട്ടെന്നെങ്ങാനും ശ്രീനിയങ്കിൾ ഹോസ്പിറ്റലിൽ അഡ്മിറ്റാകുമ്പോൾ അഛന്റെ കോൾ വരാറുണ്ട്‌. "ഒന്നു പോയി നോക്കു" എന്ന് പറഞ്ഞ്‌.



ഞാൻ പോകും. വിമലാന്റിയെ കാണും. ആന്റി "ഇപ്പൊ കുഴപ്പമൊന്നുമില്ല" എന്ന് പറഞ്ഞു എന്നെ അങ്കിളിന്റെ അടുത്ത്‌ കൊണ്ടു പോകും. ഞാൻ അഛൻ പറഞ്ഞോർമ്മയുള്ള അവരുടെ പഴയ കഥകളെന്തെങ്കിലും പറഞ്ഞിരിക്കും. തിരിച്ചു പോകുന്ന വഴി അഛനെ വിളിച്ച്‌ അന്നത്തെ കാര്യം പറയും. "ക്ഷീണമുണ്ട്‌. പക്ഷെ അങ്കിൾ ഓക്കെയാണ്‌. വിമലാന്റി എന്റെ കല്ല്യാണക്കാര്യം എടുത്തിട്ടപ്പോൾ, കറക്റ്റ്‌ ടൈമിൽ ബ്ലഡ്‌ എടുക്കാൻ വന്ന നഴ്സിനെ പിടിച്ചു നിർത്തി എനിക്ക്‌ കല്ല്യാണം ആലോചിച്ചു. നഴ്സിനും എനിക്കും നാണം വന്നു." അഛൻ ചിരിച്ചു കൊണ്ട് ഇത്‌ പോലെയുള്ള മറ്റൊരു സംഭവം പറയും. ‌


ഈ സമയത്താണ്‌ ഞാൻ ഏറ്റവും കൂടുതൽ ശ്രീനിയങ്കിളിന്റെ കൂടെയിരുന്നിട്ടുള്ളത്‌. അഛന്റെ കൂടെ ഉദയം പേരൂർ ഉള്ള വീട്ടിൽ വെച്ചും,‌ പിന്നെ ഹോസ്പിറ്റലിൽ ആകുന്ന സമയങ്ങളിലും. ആരോഗ്യം മോശമായ കാലമാണ്‌, സംസാരിക്കുന്നത്‌ ബുദ്‌ധിമുട്ടിയാണ്‌. പക്ഷേ ചില കാര്യങ്ങളും കഥകളും അങ്കിൾ ഓർത്തെടുത്ത്‌ പറയുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട്‌, ഈ സ്ട്രോക്കിനും ഹാർട്ട്‌ ഇഷ്യൂസിനും പിടി കൊടുക്കാത്ത ഒരു ശ്രീനിവാസൻ ഇപ്പോഴും മുന്നിലിരിക്കുന്നയാളിലുണ്ടെന്ന്. രണ്ടാഴ്ച്ച മുൻപാണ്‌ ഞാൻ അവസാനമായി അങ്കിളിനെ കണ്ടത്‌. ഒന്നു വീണപ്പോൾ കാലിൽ ചെറിയൊരു പൊട്ടൽ ഉണ്ടായി അഡ്മിറ്റായതാണ്‌. സ്നേഹം ഒരു ഡിസ്റ്റൻസിൽ കാണിക്കുന്നയാളാണ്‌. പക്ഷേ അന്ന് ഞാൻ അടുത്തിരുന്നപ്പോൾ എന്റെ കൈ പിടിച്ചിരുന്നാണ്‌ സംസാരിച്ചത്‌. "ജീവിതത്തിൽ അനുഭവിച്ചതിൽ ഏറ്റവും വലിയ വേദനയാണ്‌, കഴിഞ്ഞ മൂന്നു മണിക്കൂറിൽ ഞാൻ അനുഭവിച്ചത്‌" എന്നു പറഞ്ഞു. അതിനി ഉണ്ടാവില്ലല്ലോ എന്നു സ്വയം പറഞ്ഞ്‌ ഞാൻ ഇപ്പോൾ സമാധാനിക്കുന്നു.


എന്റെ ഏറ്റവും പ്രിയപ്പെട്ട സ്ക്രിപ്റ്റ്‌ റൈറ്റർ ശ്രീനിയങ്കിളാണ്‌. എന്റെ ആദ്യ സിനിമ ഞാൻ എഴുതിയത്‌ അദ്ദേഹത്തിന്റെ ഒരു സ്ക്രിപ്റ്റ്‌ ബുക്ക്‌ അപ്പുറത്ത്‌ തുറന്നു വെച്ചിട്ടാണ്‌. ഏറ്റവും കൂടുതൽ അറിയുന്നത്‌ അഛനിൽ നിന്നും കേട്ട സിനിമക്കപ്പുറത്ത്‌ ഉള്ള ശ്രീനിവാസനെയാണ്‌.

ലൈഫിലെ ഏതൊരു മൊമന്റിനും ഒരു അഛൻ-ശ്രീനിയങ്കിൾ കഥയുണ്ട്‌. അതോർത്തെടുത്ത്‌ പറയാൻ അഛനൊരു സെക്കന്റ്‌ മതി. ഇന്ന് രാവിലെ വിളിച്ച കോളിലൊഴികെ...

"ശ്രീനി പോയി"..... അതിന്റെ കൂടെ പറയാൻ വേറൊന്നും ഇല്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home