കളങ്കാവല്‍ തകർത്തോടുന്നതിനിടയിൽ ചർച്ചയായി ദഹാദ്; പ്രൈമിൽ സീരീസ് തേടുന്നവർ നിരവധി

വേഷപ്പകര്‍ച്ചകള്‍കൊണ്ട് മമ്മൂട്ടി വിസ്മയിപ്പിച്ച് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കളങ്കാവൽ സിനിമയ്ക്ക് ഗംഭീര പ്രേക്ഷക പ്രതികരണമായി മുന്നേറുമ്പോൾ വീണ്ടും ചർച്ചയാകുകയാണ് ദഹാദ് വെബ് സീരീസ്. തലാഷ് സംവിധായിക റീമ കാഗ്തിയും രുചിക ഒബ്റോയിയും ചേർന്ന് സംവിധാനം ചെയ്ത ദഹാദ് അമ്പതിനടുത്ത് മിനിറ്റുകൾ ദൈർഘ്യമുള്ള എട്ട് എപ്പിസോഡുകളാണ്.കളങ്കാവൽ പോലെതന്നെ വില്ലനെ നേരത്തെ അറിയാവുന്നതും എങ്കിൽ പൊലീസ് എങ്ങനെ ഇയാളെ പിടികൂടുമെന്നതുമാണ് ത്രില്ലിംഗ് പോയിന്റ്. ആമസോൺ പ്രൈമിലാണ് ചിത്രം കാണാനാകുക.
രാജസ്ഥാനിലെ ഗ്രാമത്തിനടുത്തുള്ള ഒരു ഗേൾസ് കോളേജിലെ അധ്യാപകനായ ആനന്ദ് സ്വർണകാർ എന്ന തരത്തിലാണ് സയനൈഡ് മോഹനനെ അവതരിപ്പിച്ചിരിക്കുന്നത്. വിജയ് വർമ്മയുടെ കേന്ദ്രകഥാപാത്രവും സോണാക്ഷി സിൻഹയുടെ അഞ്ചലി ഭാസ്തിയും ഗുൽഷൻ ദേവയ്യയുടെ സ്റ്റേഷൻ ഹെഡ് ദേവിലാൽ സിങ്ങും സോഹം ഷായുടെ ഇൻസ്പെക്ടർ കൈലാഷ് പർഗിയുമെല്ലാം മികച്ച പ്രതികരണമാണ് നേടിയത്.
മമ്മൂട്ടിയ്ക്കൊപ്പം തന്നെ വിനായകനും കേന്ദ്ര കഥാപാത്രമായി എത്തിയ കളങ്കാവല്‍ തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്. ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങൾക്ക് മറുപടിയുമായി മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു.
'കഴിഞ്ഞ രണ്ട് ദിവസങ്ങൾ വളരെ ആവേശകരമായിരുന്നു. റിലീസ് ചെയ്തതിനു ശേഷം കളങ്കാവലിന് ലഭിക്കുന്ന സ്നേഹത്തിൽ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. എന്റെ തിരഞ്ഞെടുപ്പുകളിൽ നിങ്ങൾ വിശ്വസിച്ചതിന് നന്ദി,' മമ്മൂട്ടി പറഞ്ഞു.
കുറുപ്പ് എന്ന ചിത്രത്തിന്റെ സഹസംവിധായകനായിരുന്ന ജിതിൻ കെ ജോസാണ് കളങ്കാവൽ സംവിധാനം ചെയ്തത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
ഏഴ് മാസത്തെ ഇടവേളക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും ബിഗ്സ്ക്രീനിലെത്തിയത്. മമ്മൂട്ടിയുടെ പ്രതിനായക വേഷം കളം നിറഞ്ഞുതന്നെ കളിച്ചുവെന്നാണ് ആരാധകരുടെയും അഭിപ്രായം. മുജീബ് മജീദ് ആണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിനും സംഗീതത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സോണി ലിവ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.










0 comments