ad
Deshabhimani

കാനിൽ മലയാള തിളക്കം; ‘അമ്മ അറിയാൻ’ പ്രദർശിപ്പിച്ചു

amma ariyaan

photo credit: Film Heritage Foundation via festival-cannes.com

വെബ് ഡെസ്ക്

Published on May 17, 2026, 12:58 PM | 2 min read

കോഴിക്കോട്‌ : മലയാള സിനിമാ ചരിത്രത്തിലെ അവിസ്‌മരണീയനായ സംവിധായകൻ ജോൺ എബ്രഹാമിന്റെ മാസ്റ്റർപീസ് സൃഷ്ടി ‘അമ്മ അറിയാൻ' കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചു. ശനിയാഴ്‌ചയായിരുന്നു പ്രദർശനം. കാൻ ഫെസ്റ്റിവലിലെ ‘കാൻ ക്ലാസിക്സ്' വിഭാഗത്തിലേക്ക് ഇന്ത്യയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക ഫീച്ചർ ഫിലിമായിരുന്നു ‘അമ്മ അറിയാൻ.'


സിനിമയുടെ ഒറിജിനൽ നെഗറ്റീവുകൾ നഷ്ടപ്പെട്ടതിനാൽ നാഷണൽ ഫിലിം ആർക്കൈവ്സിൽ അവശേഷിച്ച പ്രിന്റുകൾ ഉപയോഗിച്ച് ‘ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ' ഒഡേസ കളക്ടീവുമായി ചേർന്ന് നടത്തിയ ശ്രമത്തിലാണ് ചിത്രം അത്യാധുനിക 4കെ ദൃശ്യമികവോടെ പുനഃസൃഷ്ടിച്ചത്.


പ്രേക്ഷകരിൽനിന്ന് പണം പിരിച്ച്‌ ജനകീയ കൂട്ടായ്മ ഒഡേസ മൂവീസിലൂടെ നാല് പതിറ്റാണ്ട് മുമ്പാണ്‌ ജോൺ സിനിമ നിർമിച്ചത്‌. മലയാളത്തിനും സിനിമയ്‌ക്കും അഭിമാനകരമായ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ‘അമ്മ അറിയാനി’ലെ പ്രധാന നടൻ ജോയ് മാത്യു, ഛായാഗ്രാഹകൻ വേണു, എഡിറ്റർ ബീനാ പോൾ, ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ഡയറക്ടർ ശിവേന്ദ്ര സിങ്‌ ദുംഗർപൂർ എന്നിവർ കാനിൽ എത്തിയിരുന്നു.

​1986ലാണ് ജോൺ എബ്രഹാമിന്റെ സംവിധാനത്തിൽ അമ്മ അറിയാൻ പുറത്തിറങ്ങിയത്. 2001-ൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എക്കാലത്തെയും മികച്ച പത്ത് ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ചിത്രത്തെ ഉൾപ്പെടുത്തിയിരുന്നു. ജനങ്ങളിൽ നിന്നും പണം ശേഖരിച്ചാണ് സിനിമ നിർമിച്ചത്. ജോൺ എബ്രഹാം സംവിധാനം ചെയ്ത നാല് സിനിമകളിൽ അവസാനത്തേതായിരുന്നു അമ്മ അറിയാൻ. ഡോക്യുമെന്ററിയും ഫിക്ഷനും ചേർന്ന നോൺ-ലിനിയർ ആഖ്യാനത്തിലൂടെ, ഒരു മകൻ അമ്മയ്ക്ക് എഴുതുന്ന കത്തിലൂടെയാണ് കഥ വികസിക്കുന്നത്. കൂട്ടുകാരന്റെ മരണം അമ്മയെ അറിയിക്കാൻ പോകുന്ന യുവാവിലൂടെയും ഈ യാത്രക്കിടെ കണ്ടെത്തുന്നവരിലൂടെയും ചിത്രം സഞ്ചരിക്കുന്നു.


ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ്റെ (FHF) നേതൃത്വത്തിൽ  ഇമേജിൻ റിട്രോവാട്ട (L’Immagine Ritrovata), ഡിജിറ്റൽ ഫിലിം റീസ്റ്റോർ പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ ഒഡേസ കളക്ടീവുമായി ചേർന്നാണ് ചിത്രത്തിൻ്റെ 4K പുനരുദ്ധാരണം പൂർത്തിയാക്കിയത്. 'തമ്പ്' (അരവിന്ദൻ ), 'ഇശാനു' (അരിബം ശ്യാം ശർമ്മ), 'മന്ഥൻ' (ശ്യാം ബെനഗൽ), 'അരണ്യർ ദിൻ രാത്രി' (സത്യജിത് റേ), 'ഗെഹേനു ലമൈ' (സുമിത്ര പെരീസ്) എന്നീ ചിത്രങ്ങളും ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ കാനിലെ റെഡ് കാർപെറ്റ് ലോക പ്രീമിയറുകളിൽ എത്തിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home