ബ്രിട്ടന്റെ ഓസ്‌കർ എൻട്രി; ഹിന്ദി ചിത്രം 'സന്തോഷി'ന് ഇന്ത്യയിൽ പ്രദർശന വിലക്ക്

ന്യൂഡൽഹി: അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ നിരൂപക പ്രശംസ നേടിയ ഹിന്ദി ചിത്രം 'സന്തോഷി'ന്റെ ഇന്ത്യയിലെ പ്രദർശനത്തിന് വിലക്ക്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ആണ് പ്രദർശനാനുമതി നിഷേധിച്ചത്. സന്ധ്യ സുരി സംവിധാനം ചെയ്ത പോലീസ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ചിത്രം.
2025-ലെ ഓസ്‌കർ പുരസ്കാരത്തിനുള്ള ബ്രിട്ടന്റെ ഔദ്യോഗിക എൻട്രിയായിരുന്നു സന്തോഷ്. പോലീസ് സേനയിലെ സ്ത്രീകളെയും അവരുടെ പ്രശ്നങ്ങളെയും തുറന്നുകാട്ടിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പുതുതായി സേനയിൽ ചേരുന്ന ഒരു യുവ വിധവയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ദളിത് പെൺകുട്ടിയുടെ കൊലപാതകം അന്വേഷിക്കാന്‍ ഇവർ നിയോഗിക്കപ്പെടുന്നതോടെയാണ് കഥാഗതി മാറുന്നത്.
ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിച്ച സിബിഎഫ്സിയുടെ നടപടി നിരാശാജനകവും ഹൃദയഭേദകവുമാണെന്നാണ് ചിത്രത്തിന്റെ സംവിധായക സന്ധ്യാ സുരി പ്രതികരിച്ചത്. കാൻ ഫിലിം ഫെസ്റ്റിവലിൽ സന്തോഷ് പ്രീമിയർ ചെയ്തിരുന്നു. മികച്ച അരങ്ങേറ്റ ഫീച്ചറിനുള്ള ബാഫ്റ്റ നോമിനേഷനും ചിത്രം നേടിയിരുന്നു. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഷഹാന ഗോസ്വാമിക്ക് മികച്ച നടിക്കുള്ള ഏഷ്യൻ ഫിലിം പുരസ്കാരവും ലഭിച്ചിട്ടുണ്ട്.










0 comments