'ബ്രിഡ്ജർട്ടൺ' തരംഗം: റിലീസ് ചെയ്ത ആദ്യ വാരത്തിൽ തന്നെ നേടിയത് 3.9 കോടി കാഴ്ചക്കാരെ

ലണ്ടൻ: നെറ്റ്ഫ്ലിക്സിലെ പ്രശസ്തമായ പീരിയഡ് ഡ്രാമ 'ബ്രിഡ്ജർട്ടൺ' നാലാം സീസൺ ആഗോളതലത്തിൽ വൻ കുതിപ്പ് തുടരുന്നു. ജനുവരി 29-ന് പ്രീമിയർ ചെയ്ത നാലാം സീസൺ, ആദ്യ വാരം പിന്നിടുമ്പോൾ തന്നെ 39.7 ദശലക്ഷം കാഴ്ചക്കാരെ നേടി നെറ്റ്ഫ്ലിക്സിന്റെ ഇംഗ്ലീഷ് ടിവി പട്ടികയിൽ ഒന്നാമതെത്തി. ഇന്ത്യയുൾപ്പെടെ 91 രാജ്യങ്ങളിൽ ഈ സീരീസ് നിലവിൽ ടോപ്പ് 10 ലിസ്റ്റിലുണ്ട്.
ഇന്ത്യയിൽ ബ്രിഡ്ജർട്ടൺ സീസൺ 4 നിലവിൽ രണ്ടാം സ്ഥാനത്താണ്. ഇമ്രാൻ ഹാഷ്മി നായകനായ 'തസ്കരി' എന്ന സീരീസാണ് ഇന്ത്യയിൽ നിലവിൽ ഒന്നാം സ്ഥാനത്ത്. എന്നിരുന്നാലും, സോഷ്യൽ മീഡിയയിലെ വലിയ ചർച്ചകളും പോസിറ്റീവ് റിവ്യൂകളും ബ്രിഡ്ജർട്ടണെ വരും ദിവസങ്ങളിൽ കൂടുതൽ മുന്നിലെത്തിക്കുമെന്നാണ് കരുതപ്പെടുന്നത്.
ബെനഡിക്റ്റ് ബ്രിഡ്ജർട്ടണും (ലൂക്ക് തോംസൺ) സോഫി ബെയ്‌ക്കും (യെറിൻ ഹാ) തമ്മിലുള്ള പ്രണയകഥയാണ് നാലാം സീസണിന്റെ പ്രമേയം. ഒരു മാസ്ക്കറേഡ് ബോളിനിടെ ഇവർ തമ്മിൽ കണ്ടുമുട്ടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സീസണിന്റെ കാതൽ. ജോനാഥൻ ബെയ്‌ലി, സിമോൺ ആഷ്‌ലി, നിക്കോള കോഗ്ലൻ തുടങ്ങിയ പഴയ താരനിരകളും ഈ സീസണിൽ തിരിച്ചെത്തിയിട്ടുണ്ട്.
സീസൺ 4-ന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഇതിന്റെ രണ്ടാം ഭാഗം ഫെബ്രുവരി 26-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ഷോണ്ട റൈംസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഈ സീരീസ് അതിലെ കഥാപാത്രങ്ങളുടെ വസ്ത്രധാരണ രീതി കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.










0 comments