കരാര്‍ ലംഘിച്ചതായി ഹര്‍ജി; 'ഡിമോണ്ടെ കോളനി 3' യുടെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു

ചെന്നൈ : അരുൾനിധി നായകനായ ഹൊററർ ഫ്രാഞ്ചൈസി ഡിമോണ്ടെ കോളനി 3 യുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. നിർമാതാക്കളായ വൈറ്റ് നൈറ്റ്സ് എന്റർടെയിൻമെന്റ്സും സംവിധായകൻ അജയ് ജ്ഞാനമുത്തുവും തമ്മിലുള്ള തർക്കത്തെത്തുടർന്നാണ് റിലീസ് സ്റ്റേ ചെയ്തത്.
വൈറ്റ് നൈറ്റ്സ് എന്റർടെയിൻമെന്റ്സിന്റെ ഉടമ എ വിജയ സുബ്രഹ്മണ്യൻ സമർപ്പിച്ച ഹർജിയെ തുടർന്നാണ് കോടതിയുടെ നടപടി. സിനിമയുടെ നിർമാണം, വിതരണം, ഒടിടി റിലീസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന കരാറുകൾ സംവിധായകൻ ലംഘിച്ചുവെന്ന് തന്റെ സമ്മതമില്ലാതെയാണ് സിനിമയൊരുക്കിയതെന്നും ഹർജിയിൽ ആരോപിച്ചു. 2023 ജനുവരി രണ്ടിന് അജയ് ജ്ഞാനമുത്തുലുമായി കരാർ ഒപ്പിട്ടുവെന്നും ഇതിൽ ചിത്രത്തിന്റെ മൂന്നും നാലും ഭാഗങ്ങളുടെ നിർമാണം, വിപണനം, ഒടിടി ബിസിനസ് ഉൾപ്പെടെയുള്ള കാര്യങ്ങളും വ്യക്തമാക്കിയിരുന്നുവെന്നും ഹർജിയിൽ പറയുന്നു.
തന്റെ സമ്മതമില്ലാതെ പാഷൻ സ്റ്റുഡിയോസ് എന്ന കമ്പനിയുമായി ചേർന്ന് സംവിധായകൻ പ്രവർത്തിച്ചുവെന്നും ഇത് ചോദ്യം ചെയ്തപ്പോൾ സാങ്കേതിത സഹായം മാത്രമാണ് തേടുന്നതെന്ന് മറുപടി നൽകിയെന്നും വിജയ സുബ്രഹ്മണ്യൻ പറഞ്ഞു. പിന്നീട് താനറിയാതെ ചിത്രം സെൻസർ ചെയതുവെന്നും പ്രൊമോഷണൽ മെറ്റീരിയലുകളിലോ ടൈറ്റിൽകാർഡുകളിലോ തന്റെ പേരോ പ്രൊഡക്‌ഷൻ കമ്പനിയുടെ വിവരമോ ഉൾപ്പെടുത്താതെ കരാറുകൾ ലംഘിച്ചുവെന്നും നിർമാതാവ് ചൂണ്ടിക്കാട്ടി. ഹർജിയിൽ വാദംകേട്ട ജസ്റ്റിസ് കെ കുമരേഷ് ബാബുവിന്റെ ബെഞ്ച് അജയ് ജ്ഞാനമുത്തുവിൽനിന്ന് നാലാഴ്ചയ്ക്കകം വിശദീകരണംനൽകാൻ ഉത്തരവിട്ടു.









0 comments