ad
Deshabhimani

print edition കോളിവുഡിലെ മാസ്‌റ്റർ ഫിലിംമേക്കർ

bharathiraja
വെബ് ഡെസ്ക്

Published on Jun 11, 2026, 12:00 AM | 3 min read

തമിഴകത്തെ ഗ്രാമങ്ങളെ ഭാരതിരാജ പകർത്തിയതുപോലെ മറ്റൊരു സംവിധായകനും ചെയ്‌തിട്ടുണ്ടാകില്ല. അതിനാടകീയതയിലും ആവർത്തനമടുപ്പിലും തമിഴ്‌ സിനിമ എത്തിയ കാലത്താണ്‌ ഭാരതിരാജയുടെ വരവ്‌. ദൃശ്യങ്ങളും സംഗീതവുമെല്ലാം ഗ്രാമത്തെയും മനുഷ്യരെയും തൊടുന്നതാക്കുകയായിരുന്നു അദ്ദേഹം. 1977ൽ റിലീസ് ആയ "16 വയതിനിലേ' എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജയുടെ സിനിമാപ്രവേശം. കിഴക്കേ പോഗും റെയിൽ, സിഗപ്പ് റോജാക്കൾ, അലൈകൾ ഓയ്‌വതില്ലൈ, മുതൽ മര്യാദൈ തുടങ്ങി 40ഓളം ശ്രദ്ധേയമായ ചിത്രങ്ങൾ. 2020ൽ പുറത്തിറങ്ങിയ "മീണ്ടും ഒരു മര്യാദൈ' ആണ് അവസാനം സംവിധാനം ചെയ്‌ത ചിത്രം. 2023ൽ ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയ ‘മോഡേൺ ലവ് ചെന്നൈ' എന്ന ആന്തോളജി സിരീസിലെ "പറവൈ കൂട്ടിൽ വാഴും മാനുകൾ'എന്ന എപ്പിസോഡ് സംവിധാനം ചെയ്‌തിരുന്നു.


ഭാരതിരാജയ്‌ക്ക്‌ കോളിവുഡിലെ മാസ്‌റ്റർ ഫിലിംമേക്കർ എന്ന വിശേഷണം നേടിക്കൊടുത്ത ആദ്യ സിനിമകൾമുതൽ ഒപ്പംചേർത്ത്‌ പറയാവുന്ന പേരാണ്‌ ഇളയരാജയുടേത്‌. ‘ഇയക്കുനർ ഇമയം’ എന്നറിയപ്പെടുന്ന ഭാരതിരാജയും ‘ഇസൈ ജ്ഞാനി’ എന്നറിയപ്പെടുന്ന ഇളയരാജയും സിനിമയ്‌ക്ക്‌ പുറത്തും ഉറ്റസുഹൃത്തുക്കളായിരുന്നു. അരങ്ങേറ്റ ചിത്രമായ 16 വയതിനിലേ, കിഴക്ക്‌ പോഗും റെയിൽ, സിഗപ്പു റോജാക്കൾ, പുതിയ വാർപുഗൾ, നിറം മാറാത പൂക്കൾ തുടങ്ങിയ ചിത്രങ്ങൾക്കെല്ലാം സംഗീതം ഇളയരാജ. എസ്‌ ജാനകിക്ക്‌ മികച്ച പിന്നണി ഗായികയ്‌ക്കുള്ള ആദ്യ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്‌ 16 വയതിനിലേ ‘ചെന്തൂരപ്പവേ..’എന്ന പാട്ടിലൂടെയാണ്‌.


ആദ്യ 15 സിനിമകൾക്കുശേഷമാണ്‌ ഭാരതിരാജ മറ്റൊരു സംഗീതസംവിധായകനെ തേടിയത്‌. ഇളയരാജയുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ്‌ 1987 ൽ "വേദം പുതിത്‌' എന്ന ചിത്രത്തിൽ ദേവേന്ദ്രനെ സംഗീതം ഏൽപ്പിക്കുന്നത്‌. പിന്നീടും ചില ചിത്രങ്ങളിൽ ഇളയരാജയുമായി ഒന്നിച്ചിട്ടുണ്ട്‌. 1992 ൽ നാടോടി തെൻട്രൽ എന്ന ചിത്രത്തിലായിരുന്നു തമിഴ്‌ ഗ്രാമാന്തരീക്ഷത്തെ വെള്ളിത്തിരയിൽ ഹിറ്റാക്കിയ കൂട്ടുകെട്ട്‌ അവസാനം ഒന്നിച്ചത്‌. മൂന്നുപതിറ്റാണ്ടിനുശേഷം 2023 ൽ മകൻ മനോജ്‌ ഭാരതിരാജ സംവിധാനത്തിൽ അരങ്ങേറ്റം കുറിച്ച "മാർഗഴി തിങ്കൾ' സിനിമയിലൂടെ ഇവർ വീണ്ടും ഒന്നിച്ചു. ഇളയരാജ സംഗീതമൊരുക്കിയ ചിത്രത്തിൽ ഭാരതിരാജ അഭിനേതാവിന്റെ റോളിലായിരുന്നു. മനോജ്‌ അഭിനേതാവായി അരങ്ങേറിയത്‌ ഭാരതിരാജയുടെ "താജ്‌മഹൽ' എന്ന ചിത്രത്തിലൂടെ ആയിരുന്നു. 2025 മാർച്ചിൽ മനോജിന്റെ മരണം ‌ ഭാരതിരാജയ്‌ക്ക്‌ തീരാവേദനയായി.


​തൊണ്ണൂറുകളിൽ ഹംസലേഖ, എ ആർ റഹ്മാൻ, ദേവ, വിദ്യാസാഗർ തുടങ്ങിയവരെയാണ്‌ ഭാരതിരാജ ഒപ്പംകൂട്ടിയത്‌. റഹ്മാന്റെ എക്കാലത്തെയും മികച്ച ഗാനങ്ങൾ അടങ്ങിയ കിഴക്ക്‌ ചീമയിലേ, കറുത്തമ്മ, അന്തിമന്താരൈ, താജ്‌മഹൽ തുടങ്ങിയ സിനിമകൾ ഭാരതിരാജയുടേതാണ്‌. 94ൽ സ്വർണലതയ്‌ക്ക്‌ മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്‌ ഭാരതിരാജയുടെ ‘കറുത്തമ്മ’യിൽ റഹ്‌മാന ഒരുക്കിയ ‘പോരാലേ പൊന്നുത്തായ്‌...’ എന്നു തുടങ്ങുന്ന ഗാനത്തിനായിരുന്നു.


​നടൻ എന്ന നിലയിലും സജീവസാന്നിധ്യമായിരുന്നു ഭാരതിരാജ. ആദ്യകാലങ്ങളിൽ സ്വന്തം സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന അദ്ദേഹം, പിൽക്കാലത്ത് വളരെ ശക്തമായ സ്വഭാവ വേഷങ്ങളിലൂടെ അഭിനയരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ആയുധ എഴുത്ത്, പാണ്ഡ്യനാട്, കുരങ്ങ് ബൊമ്മൈ, തിരുച്ചിട്രമ്പലം, മഹാരാജ, റോക്കി എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തു.


അവസാനവേഷം മലയാളത്തിൽ


‘ഇമയമല’ (ഹിമാലയം) തമിഴ്‌നാട്ടിൽ ഭാരതിരാജയ്‌ക്ക്‌ ഇങ്ങനെയൊരു വിശേഷണമുണ്ട്‌. തമിഴകസിനിമയുടെ പ്രശസ്‌തിയെ ആകാശം മുട്ടിച്ച സംവിധായകന്‌ തമിഴ്‌മക്കൾ നൽകിയ ഏറ്റവും ഉചിതമായ വിശേഷണം. തമിഴ്‌ സിനിമയെ സ്‌റ്റുഡിയോ സെറ്റപ്പിൽനിന്ന്‌ ഗ്രാമവീഥികളിലെത്തിച്ചും കഥാപാത്രങ്ങളെ രാജാപ്പാട്ട്‌ വേഷങ്ങളിൽനിന്ന്‌ ദാവണി ചുറ്റിച്ചും സിനിമയെ റിയലിസ്‌റ്റിക്ക്‌ ആക്കിയ സംവിധായകന്‌ മലയാള സിനിമയുമായും നല്ല ബന്ധമുണ്ട്‌. ഭാരതിരാജ സംവിധാനം ചെയ്‌ത ആദ്യ സിനിമയുടെ (16 വയതിനിലെ) ഛായാഗ്രാഹകൻ കോഴിക്കോട്‌ സ്വദേശിയായ പരേതനായ പി എസ്‌ നിവാസ്‌ (പി ശ്രീനിവാസൻ) ആയിരുന്നു. സംവിധാനത്തിനു പുറമെ നിരവധി സിനിമകളിൽ അഭിനയിച്ച ഭാരതിരാജ അവസാനം നടിച്ചത്‌ മലയാള സിനിമയിലും. തരുൺമൂർത്തി സംവിധാനം ചെയ്‌ത ‘തുടരും’ സിനിമയിലെവേഷത്തോടെയാണ്‌ അദ്ദേഹം വിടവാങ്ങുന്നത്‌.

​84–ാംവയസ്സിന്റെ ശാരീരിക അസ്വസ്ഥതകൾക്കിടയിലും പളനിസ്വാമിയെന്ന സ്‌റ്റണ്ട്‌ മാസ്‌റ്ററായി അഭിനയിച്ച്‌ ഭാരതിരാജ മലയാളികളുടെ മനംകവർന്നു. ഓർമക്കുറവും ശരീരം വിറയ്‌ക്കുന്ന അവസ്ഥയൊക്കെ ഉണ്ടായിരുന്നെങ്കിലും അതിനെയൊക്കെ മറികടന്നായിരുന്നു അഭിനയമെന്ന്‌ തരുൺമൂർത്തി ഓർക്കുന്നു.


അദ്ദേഹത്തിന്റെ ശബ്ദത്തിൽത്തന്നെ ഡബ്ബ്‌ ചെയ്യണമെന്ന്‌ സംവിധായകന്‌ നിർബന്ധമുണ്ടായിരുന്നു. സീൻ കാണിച്ചതിനുശേഷം ഡയലോഗ്‌ പ്രത്യേക മോഡുലേഷനിൽ സംവിധായകൻ ഭാരതിരാജയുടെ ചെവിയിൽ പറയും. അത്‌ അദ്ദേഹം ആവർത്തിച്ചാണ്‌ ഡബ്ബിങ്‌ നിർവഹിച്ചത്‌. സിനിമയുടെ വിജയാഘോഷത്തിന്‌ വരാൻ അനാരോഗ്യം അനുവദിച്ചില്ല.


തലമുറകളെ പ്രചോദിപ്പിക്കും: 
മോഹൻലാൽ


മണ്ണിൽ കവിതയും നിശബ്ദതയിൽ സത്യവും ഓരോ ഫ്രെയിമിലും ആത്മാവും കണ്ടെത്തിയ സംവിധായകൻ. തുടരും സിനിമയിൽ ഭാരതിരാജ സാറിനൊപ്പം അഭിനയിക്കാൻ സാധിച്ചത്‌ ആദരമായി ഞാൻ എന്നും മനസ്സിൽ സൂക്ഷിക്കും. അദ്ദേഹത്തിന്റെ സംഭാവനകൾ തലമുറകളെ പ്രചോദിപ്പിക്കും.


ഭാരതിരാജയുടെ കല തുടർന്നും ജീവിക്കും: 
കമൽഹാസൻ


‘ആ മാന്യവ്യക്തിത്വം വിടവാങ്ങി. പക്ഷേ, അദ്ദേഹത്തിന്റെ കല തുടർന്നും ജീവിക്കും. ഞാൻ നഷ്‌ടങ്ങളെണ്ണുന്നില്ല; നേട്ടങ്ങളാണ്‌ നോക്കുന്നത്‌. അദ്ദേഹം ഇവിടെയുണ്ടായിരുന്നു. എന്നോടൊപ്പം സിനിമകൾ ചെയ്‌തു. ഞാൻ വളരെ കൃതാർഥനാണ്‌’


കാലം മറക്കില്ല 
ആ സൃഷ്ടികൾ: 
രജനീകാന്ത്


അദ്ദേഹം കഴിഞ്ഞ 50 വർഷമായി എന്റെ സുഹൃത്തായിരുന്നു. നിരവധി അഭിനേതാക്കളെയും സാങ്കേതികപ്രവർത്തകരെയും കലാപ്രവർത്തകരെയും അദ്ദേഹം അവതരിപ്പിച്ചു. അഭിനേതാക്കൾക്കോ സംവിധായകർക്കോ നിർമാതാക്കൾക്കോ മറ്റോ ഒരു പ്രശ്‌നമുണ്ടായാൽ ആദ്യം പിന്തുണ അറിയിക്കുന്നത്‌ അദ്ദേഹമായിരുന്നു. ജനങ്ങൾ ഒരിക്കലും അദ്ദേഹത്തിന്റെ സൃഷ്‌ടികൾ മറക്കില്ല. അവ എല്ലാക്കാലവും ജനഹൃദയങ്ങളിൽ ജീവിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home