'മീറ്റ് സാം ബോയ്': ബേസിൽ ചിത്രം 'അതിരടി'യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്

കൊച്ചി: ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'അതിരടി'യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ബേസിൽ ജോസഫിന്റെ കഥാപാത്രത്തെയാണ് അണിയറ പ്രവർത്തകർ പരിചയപ്പെടുത്തിയിരിക്കുന്നത്. സാം കുട്ടി അഥവാ സാംബോയ് എന്നാണ് കഥാപാത്രത്തിന്റെ പേര്. കോളേജ് വിദ്യാർഥിയുടെ ലുക്കിലാണ് ക്യാരക്ടർ പോസ്റ്ററിൽ ബേസിൽ ജോസഫിനെ അവതരിപ്പിച്ചിരിക്കുന്നത്.
2026ൽ ഓണം റിലീസായാണ് ചിത്രം എത്തുക എന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ഡോ. അനന്തു എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. നവാഗതനായ അരുൺ അനിരുദ്ധനാണ് സംവിധാനം നിർവഹിക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ.
ചിത്രത്തിന്റെ ടൈറ്റിൽ ടീസർ നേരത്തെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ബേസിൽ ജോസഫ് ഒരുക്കിയ മിന്നൽ മുരളിയുടെ രചയിതാക്കളിൽ ഒരാളായ അരുൺ അനിരുദ്ധന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണ് അതിരടി. മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ, അരുൺ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പോൾസൺ സ്‌കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.










0 comments