ഹൃദയം തൊട്ട ആ ശബ്ദമാധുര്യം ഇനി വെള്ളിത്തിരയിലുണ്ടാകില്ല; അരിജിത് പാട്ട് നിർത്തുമ്പോൾ


ഹർഷിദ ബത്താലി
Published on Jan 28, 2026, 07:11 PM | 3 min read
ചില പാട്ടുകൾ കേൾക്കുമ്പോൾ അത് നമ്മുടെ ഉള്ളിലെ മുറിവില്‍ തൊടുന്നത് പോലെ തോന്നും. പ്രണയത്തിന്റെ മനോഹരമായ നിമിഷങ്ങളിലും നഷ്ടപ്പെടലുകളുടെ നൊമ്പരങ്ങളിലും ഒരു തലമുറ കൂട്ടുപിടിച്ചത് അരിജിത് സിങ്ങിന്‍റെ ശബ്ദത്തെയായിരുന്നു. ആ ശബ്ദം ഇനി മുതല്‍ സിനിമകളില്‍ ഗാനരംഗങ്ങളെ അനശ്വരവും വെെകാരികവുമാക്കി എന്നെന്നേക്കും നമ്മുടെ ഹൃയത്തില്‍ സ്ഥാനം പിടിക്കാനുണ്ടാകില്ലെന്ന വാർത്ത സംഗീതപ്രേമികൾക്കിടയിൽ വലിയ വിഷമവും ചർച്ചയുമായിരിക്കുകയാണ്.
പാട്ടുകളിൽ വെെകാരികതയുടെ അവസാനിക്കാത്ത സ്പര്‍ശമായിരുന്നു അരിജിത് എന്ന മാന്ത്രിക ഗായകന്‍. 'തും ഹി ഹോ' മുതൽ ഇങ്ങോട്ട് അദ്ദേഹം പാടിയ ഓരോ പാട്ടും കേൾവിക്കാരന്റെ ഹൃദയമിടിപ്പിനൊപ്പമായിരുന്നു. പ്രണയവും വിരഹവുമെല്ലാം ആ ശബ്ദത്തിൽ കേൾക്കുമ്പോൾ അത് സ്വന്തം അനുഭവമായി മാറാത്തവരുണ്ടാകില്ല. തനിക്കായാണ് അദ്ദേഹം പാടുന്നതെന്ന് ഓരോ ശ്രോതാവിനെയും തോന്നിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. കേൾവിക്കാരനെ കരയിപ്പിക്കാനും ആശ്വസിപ്പിക്കാനും ഒരുപോലെ കഴിയുന്ന ആ സിദ്ധി തന്നെയാണ് കരിയറിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോഴും അദ്ദേഹത്തിന്റെ പിന്മാറ്റം ഇത്രയേറെ വേദനിപ്പിക്കുന്നതാകുന്നത്.
റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സൽമാൻ ഖാൻ ചിത്രം 'ബാറ്റിൽ ഓഫ് ഗാൽവാനിൽ' ശ്രേയ ഘോഷാലിനൊപ്പം അദ്ദേഹം പാടിയ 'മാതൃഭൂമി' എന്ന ഗാനം സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം വന്നത്.
2005ൽ 'ഫെയിം ഗുരുകുൽ' എന്ന റിയാലിറ്റി ഷോയിൽ നിന്നും ഫൈനലിന് മുൻപ് പുറത്തായ ഒരാളായിരുന്നു അരിജിത് സിംഗ്. എന്നാൽ ആ തോൽവി അദ്ദേഹത്തിന്റെ സംഗീത മോഹങ്ങൾക്ക് വിരാമമിട്ടില്ല. 2010ൽ തെലുങ്ക് ചിത്രം 'കേദി'യിലൂടെ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച അദ്ദേഹം, തൊട്ടടുത്ത വർഷം 'മർഡർ 2'ലെ 'ഫിർ മൊഹബത്ത്' എന്ന ഗാനത്തിലൂടെ ബോളിവുഡിൽ ശ്രദ്ധേയനായി. 2013ലെ 'ആഷിഖി 2' എന്ന ചിത്രമാണ് അരിജിത്തിനെ താരപദവിയിലേക്ക് ഉയർത്തിയത്. ഈ ചിത്രത്തിലെ ഗാനങ്ങൾ അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി.
ഇതുവരെ 800ലധികം സിനിമാ ഗാനങ്ങളും സിംഗിളുകളും അരിജിത് ആലപിച്ചിട്ടുണ്ട്. വർഷത്തിൽ ശരാശരി 53 പാട്ടുകൾ എന്ന കണക്കിൽ റെക്കോർഡ് വേഗത്തിലാണ് അദ്ദേഹം സംഗീത ലോകത്ത് സജീവമായിരുന്നത്. രണ്ട് ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ എണ്ണമറ്റ അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി. പാട്ടുകൾ പാടുന്നത് കൂടാതെ, സാനിയ മൽഹോത്ര പ്രധാന വേഷത്തിലെത്തിയ 'പഗ്ലൈറ്റ്' പോലുള്ള സിനിമകൾക്ക് അദ്ദേഹം സംഗീതം ഒരുക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 15 വർഷമായി രാജ്യത്തിനകത്തും പുറത്തുമായി നിരന്തരമായ ലൈവ് ഷോകളിലും സംഗീത ടൂറുകളിലും അരിജിത് സജീവമായിരുന്നു. പുതിയ ഗായകര്‍ വരുമ്പോഴും ഈ ഗായകന്‍റെ ശബ്ദത്തിനും പാട്ടുകള്‍ക്കും ഒരു പ്രത്യേക സ്ഥാനമുണ്ട്. എന്നാൽ പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുന്ന സമയത്തും അദ്ദേഹത്തിന്റെ ജീവിതത്തിൽ ലാളിത്യം നിറഞ്ഞുനിന്നു. മുംബൈയുടെ ആഢംബരങ്ങളിൽ നിന്ന് അകന്ന്, പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ സ്വന്തം സ്റ്റുഡിയോയിലിരുന്ന് പാട്ടുകൾ റെക്കോർഡ് ചെയ്യാനായിരുന്നു അദ്ദേഹത്തിന് ഏറെ ഇഷ്ടം. ആവശ്യത്തിന് മാത്രം മുംബൈയിൽ വരികയും പിന്നീട് സ്വന്തം ലോകത്തേക്ക് മടങ്ങുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.
ആയിരക്കണക്കിന് കോടി രൂപ വരുമാനമുള്ള ഒരു ഇൻഡസ്ട്രിയുടെ നെറുകയിൽ നിൽക്കുമ്പോഴും ലളിതമായ വസ്ത്രം ധരിച്ച് സ്കൂട്ടറിൽ കറങ്ങിനടക്കുന്ന, ഗ്ലാമർ ലോകത്തിന്റെ മടുപ്പുകളിൽ നിന്ന് ഓടിമാറുന്ന ഒരു അരിജിത്തിനെയാണ് നമ്മൾ കണ്ടത്. സിനിമാ സംഗീതത്തിന്റെ കച്ചവടക്കണ്ണുകളിൽ നിന്ന് മാറി, തന്റെ മനസ്സിനെ സ്പർശിക്കുന്ന സംഗീതത്തിലേക്ക് അദ്ദേഹം മടങ്ങുകയാണ്.
കരിയറിന്റെ ഏറ്റവും മികച്ച സമയത്തുള്ള ഈ വിരമിക്കലിനു പിന്നിൽ നിരവധി കാരണങ്ങളുണ്ടെന്ന് അരിജിത് തന്നെ സൂചിപ്പിച്ചു. "എനിക്ക് പെട്ടെന്ന് മടുപ്പ് തോന്നുന്ന ആളാണ്, അതുകൊണ്ടാണ് ഒരേ പാട്ടുകൾക്ക് വ്യത്യസ്ത അറേഞ്ച്‌മെന്റുകൾ നൽകി സ്റ്റേജിൽ പാടുന്നത്. എനിക്ക് മടുത്തു" - അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. സിനിമയുടെ നിർമ്മാതാക്കൾ, സംവിധായകർ, കഥയുടെ ആവശ്യം, മാർക്കറ്റ് ആവശ്യകതകൾ എന്നിവയെല്ലാം സംഗീതത്തിൽ പലപ്പോഴും പരിമിതികൾ ഉണ്ടാക്കുന്നുണ്ട്. ഈ ചട്ടക്കൂടുകൾ പൊളിച്ച്, സ്വന്തം ഇഷ്ടപ്രകാരം സംഗീതം സൃഷ്ടിക്കാനുള്ള ആഗ്രഹമാണ് വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നിൽ.
സിനിമയുടെ തിരക്കുകളിൽ നിന്ന് അദ്ദേഹം പടിയിറങ്ങുമ്പോൾ ആരാധകർ ചോദിക്കുന്നത് ഒന്നേയുള്ളൂ "ഇനി ആര് ഞങ്ങളുടെ സങ്കടങ്ങൾ പാടും?". എന്നാൽ അദ്ദേഹം സംഗീതം പൂർണ്ണമായും ഉപേക്ഷിക്കുന്നില്ല എന്ന ഉറപ്പ് ഒരു പ്രതീക്ഷയാണ്. അരിജിത് സംഗീതം ഉപേക്ഷിക്കുന്നില്ല, പകരം സിനിമയുടെ ലോകത്ത് നിന്ന് മാറി, സ്വതന്ത്രമായ സംഗീതത്തിന്റെ പുതിയ അധ്യായം തുറക്കുകയാണ്. ആരാധകരുടെ ഹൃദയത്തിൽ അദ്ദേഹത്തിന്റെ പാട്ടുകൾ എന്നും നിലനിൽക്കും. സിനിമാ പാട്ടുകളുടെ ചട്ടക്കൂടില്ലാതെ, തന്റെ ഹൃദയത്തിൽ നിന്ന് വരുന്ന ആ സംഗീതം സ്വതന്ത്ര ആൽബങ്ങളിലൂടെ ഇനിയും നമ്മളിലേക്ക് എത്തും. സിനിമയിൽ നിന്ന് അദ്ദേഹം വിരമിക്കുമ്പോഴും ആ ശബ്ദം ഇനിയും അനേകം ഹൃദയങ്ങളെ കീഴടക്കിക്കൊണ്ടേ ഇരിക്കും










0 comments