കാളകൂറ്റന്മാർക്ക് നടുവിൽ 'കൃഷ്ണൻകുട്ടി'; 'അനന്തൻ കാട്' സിനിമയിലെ ഇന്ദ്രൻസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

അനന്തൻ കാട് സിനിമയിലെ ഇന്ദ്രൻസിന്റെ ക്യാരക്ടർ പോസ്റ്റർ
തിരുവനന്തപുരം : പ്രേക്ഷക-നിരൂപക ശ്രദ്ധ നേടിയ 'ടിയാൻ' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന 'അനന്തൻ കാട്' എന്ന ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. തെന്നിന്ത്യൻ താരം ആര്യ നായകനായെത്തുന്ന ചിത്രത്തിൽ 'കൃഷ്ണൻകുട്ടി' എന്ന ശക്തമായ കഥാപാത്രമായി എത്തുന്ന ഇന്ദ്രൻസിന്റെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. കാളകൂറ്റന്മാർക്ക് നടുവിൽ നെറ്റിയിൽ ഭസ്മക്കുറിയുമായി നിൽക്കുന്ന ഇന്ദ്രൻസിന്റെ ലുക്ക് ഇതിനോടകം ശ്രദ്ധനേടി. ജൂൺ 25 നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
തിരുവനന്തപുരത്തിന്റെ ഒരുകാലത്തെ ചരിത്രം ദൃശ്യവത്കരിക്കുന്ന ചിത്രത്തിന്റെ ടീസർ നേരത്തെ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തിൽ എത്തുന്നത്. വൻവിജയമായി മാറിയ മാർക്ക് ആന്റണിക്ക് ശേഷം മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. ആഗോളതലത്തിൽ തരംഗമായ കാന്താരയുടെ രണ്ട് ഭാഗങ്ങളുടെയും സംഗീത സംവിധായകനായ ബി അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത്.
ഇന്ദ്രൻസ്, മുരളി ഗോപി എന്നിവർക്ക് പുറമെ പുഷ്പയിലൂടെ ശ്രദ്ധേയനായ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഒട്ടേറെ അന്യഭാഷാ താരങ്ങളും അണിനിരക്കുന്നു.
എസ് യുവയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റർ: രോഹിത് വി എസ് വാരിയത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ: ആർ. ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ: ബിനോയ് സദാശിവൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി സി, സൗണ്ട് ഡിസൈൻ: അരുൺ എസ് മണി, ഗാനരചനയും ആലാപനവും: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കർ (വി.ബി2എച്ച്), ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ് എം ടി, ഫിനാൻസ് കൺട്രോളർ: എം എസ് അരുൺ, വിഎഫ്എക്സ്: ടിഎംഇഎഫ്എക്സ്, കോസ്റ്റ്യൂം: അരുൺ മനോഹർ, സ്റ്റിൽസ്: റിഷ്‍ലാൽ ഉണ്ണികൃഷ്ണൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്. എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്നർ.










0 comments