ആദ്യം നടി, ഇപ്പോൾ സംവിധായികയും


ആൻസ് ട്രീസ ജോസഫ്
Published on Dec 15, 2025, 01:44 AM | 1 min read
സമൂഹത്തിൽ അരികുവൽക്കരിക്കപ്പെടുന്നവരുടെ മനസ്സിലൂടെ സഞ്ചരിക്കുന്നു, മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന അംബ്രോസിയ. മൂന്നാം തവണയും സിനിമയുമായി ഐഎഫ്എഫ്‌കെയിൽ എത്തിയ ആദിത്യ ബേബി...
സ്വപ്നം കണ്ട സിനിമ
സിനിമ കണ്ട് വളര്‍ന്ന കുട്ടിയാണ്. അതിനോടൊരു പാഷനുണ്ടായി. നാടകം പഠിക്കാന്‍ പോകുന്നത് പുച്ഛത്തോടെ കണ്ടിരുന്ന നാട്ടില്‍നിന്നാണ് സിനിമവരെ എത്തിനില്‍ക്കുന്നത്. ഡ്രാമ സ്കൂളിലെ പഠനം ജീവിതത്തെ മാറ്റിമറിച്ചു. അഭിനയം ഒരിക്കലും പഠിച്ചുതീരില്ലെന്ന ബോധ്യമുണ്ടായി. ഓരോന്നായി പഠിച്ച് സംവിധായികയുമായി. ഓരോ വിഷയങ്ങളെ അതിന്റെ വ്യാപ്തിയില്‍ പഠിക്കാനും ഇടപെടാനും പഠിപ്പിച്ചത് നാടകകളരിയാണ്. ഈ സിനിമയില്‍ അഭിനയവും സംവിധാനവും ഒരേപോലെ ചെയ്യാനായതും നാടകത്തിന്റെ പിന്‍ബലത്തിൽത്തന്നെ.
അംബ്രോസിയയുടെ രാഷ്ട്രീയം
ഏത് പശ്ചാത്തലത്തിലും വികസിപ്പിക്കാവുന്ന കഥയാണ് അംബ്രോസിയ. റസ്റ്റോറന്റിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയെന്ന് മാത്രം. അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ചപ്പോൾ ചേരികള്‍ കെട്ടിമറിച്ച്, മനോഹര കാഴ്ചകള്‍മാത്രം അദ്ദേഹത്തിന് മുന്നില്‍ കാണിച്ചു. ഇതേപോലതന്നെ അടിമപ്പണിയെടുക്കുന്ന ഒരുവിഭാഗവും എലൈറ്റ് ക്ലാസ് ആളുകളും ചുമരിനപ്പുറവുമപ്പുറവും നിൽക്കുന്നുണ്ട് അംബ്രോസിയിലും. നീലമുടി, കാമദേവൻ നക്ഷത്രം കണ്ടപ്പോൾ എന്നീ സിനിമകള്‍ക്കും വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.
ആദിത്യയുടെ ലോകം
സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഇപ്പോഴും പി കെ റോസിയുടെ കാലത്തുണ്ടായ പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. നാടകത്തിലേക്ക് സ്ത്രീകള്‍ വരുന്നെന്ന് കേള്‍ക്കുമ്പോള്‍ മുഖം ചുളിക്കുന്നവരുണ്ട്. സ്ത്രീപ്രാതിനിധ്യമാണ് ഐഎഫ്എഫ്കെയുടെ പ്രത്യേകത. ഇത്തരം വേദികൾ ഞങ്ങളെപ്പോലുള്ളവരെ വളരാൻ സഹായിക്കുന്നു. ഐഎഫ്എഫ്കെയില്‍ എന്റെ സിനിമകള്‍ വന്നതുകൊണ്ട് നാട്ടില്‍ എനിക്കൊരു സ്ഥാനമുണ്ടായി. സിനിമാക്കാരിയായി അവരെന്നെ അംഗീകരിച്ചു. ആദ്യ സിനിമ സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍നിന്നുണ്ടായതാണ്. അന്ന് അഭിനേത്രിയായിരുന്നു. പിന്നീട് സംവിധായികയായി. ഇനി അഭിനയത്തില്‍ ഉൗന്നണം. അടുത്തവര്‍ഷവും മേളയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നു.










0 comments