ad
Deshabhimani

print edition സ്വപ്‌നങ്ങൾ 
ആയിരം

suryaa

സൂര്യ ബാലസുബ്രഹ്മണ്യം

avatar
കെ എ നിധിൻ നാഥ്‌ 


Published on May 24, 2026, 07:20 AM | 2 min read

സിനിമ മാത്രമായിരുന്നു പാലക്കാട്‌ സ്വദേശി സൂര്യയുടെ സ്വപ്‌നം. ചെറുപ്പംമുതൽ സിനിമാനടിയാകണമെന്ന്‌ ആഗ്രഹിച്ചു. കാണുന്ന സിനിമകളിലെല്ലാം സൂര്യ ബാലസുബ്രഹ്മണ്യം സ്വയം കഥാപാത്രമായി. അഭിനേത്രിയാകാനുള്ള പരിശ്രമങ്ങൾ തുടർന്നു. സിനിമയാണ്‌ തന്റെ ഇടമെന്ന്‌ തീരുമാനിച്ച്‌ ജോലി ഉപേക്ഷിച്ചു. ആ യാത്ര ജി പ്രജിത് സംവിധാനം ചെയ്‌ത ജയറാം–കാളിദാസ്‌ ചിത്രം ആശകൾ ആയിരത്തിൽ എത്തിനിൽക്കുകയാണ്‌. ജയറാമിന്റെ മകളായുള്ള സൂര്യയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. നടി സൂര്യ ബാലസുബ്രഹ്മണ്യം സംസാരിക്കുന്നു.


surya


ഐഡന്റിറ്റി കിട്ടി


ചെറുപ്പംമുതൽ കാണുന്ന ഒരാളാണ്‌ ജയറാം. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. കാളിദാസ്‌ ജയറാം, ആശ ശരത് എന്നിവരെല്ലാമുള്ള സിനിമയായിരുന്നു. ആളുകൾ നല്ല അഭിപ്രായമാണ്‌ പറഞ്ഞത്‌. ആളുകൾ തിരിച്ചറിയുന്ന കഥാപാത്രമാണ്‌ ചെയ്യാനായത്‌. സിനിമയിലെ മുന്നോട്ടുപോക്കിന്‌ കഥാപാത്രം സഹായമാകുമെന്നാണ്‌ പ്രതീക്ഷ. ജയറാമേട്ടന്റെ മകളായിട്ടാണ്‌ ചെയ്‌തത്‌. സെറ്റിലും ഒരു അച്ഛൻ–മകൾ വൈബ്‌തന്നെയാണ്‌ കിട്ടിയത്‌. ഏറ്റവും കൂടുതൽ പിന്തുണ തന്നത്‌ ആശച്ചേച്ചി (ആശ ശരത്)യായിരുന്നു. സിനിമയിൽ ജയറാമേട്ടന്റെ മകളുടെ കഥാപാത്രം ചെയ്‌ത ആൾ എന്ന ഐഡന്റിറ്റി ആശകൾ ആയിരത്തിലൂടെ കിട്ടി.


​കഥാപാത്രം


ചെറുപ്പംമുതൽ സിനിമ കാണുമ്പോൾ അഭിനയിക്കണമെന്ന്‌ ആഗ്രഹമുണ്ടായിരുന്നു. ബാലതാരങ്ങളെ കാണുമ്പോൾ അത്‌ ഞാനായിരുന്നെങ്കിൽ, അല്ലെങ്കിൽ അത്‌ ഞാൻ ചെയ്‌താൽ എങ്ങനെയുണ്ടാകും എന്നൊക്കെ തോന്നുമായിരുന്നു. വെള്ളിനക്ഷത്രം സിനിമ കണ്ടപ്പോൾ ആ കുട്ടി ഞാനാണെങ്കിലെന്ന്‌ ആഗ്രഹിച്ചിരുന്നു. എന്തുചെയ്യുമ്പോഴും അത്‌ സിനിമയിലെത്താൻ സഹായിക്കുമോ എന്നായിരുന്നു ചിന്ത. കുട്ടിക്കാലംമുതൽതന്നെ ക്ലാസിക്കൽ ഡാൻസ്‌ പഠിച്ചിരുന്നു. രണ്ടുതവണ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ട്‌. മഞ്ജു വാര്യരൊക്കെ കലോത്സവംവഴിയാണ്‌ സിനിമയിലെത്തിയതെന്ന്‌ കേട്ടിട്ടുണ്ട്‌. അങ്ങനെ എത്താൻ പറ്റുമെന്നും കരുതിയിരുന്നു.


​​സിനിമതന്നെ


അന്ന്‌ ഇന്നത്തെയത്ര സോഷ്യൽ മീഡിയ ഇല്ലല്ലോ. കുടുംബത്തിൽ സിനിമാപാരന്പര്യവുമില്ല. പക്ഷേ, കലോത്സവത്തിന്റെ വാർത്ത പത്രത്തിൽ വന്നപ്പോഴും നാട്ടിൽ അഭിനന്ദിച്ച്‌ ബോർഡുകൾ വന്നപ്പോഴുമെല്ലാം സിനിമയിലേക്ക്‌ അവസരം വരുമെന്ന്‌ കരുതിയിരുന്നു. പിന്നീട്‌ പഠനത്തിലേക്ക്‌ തിരിഞ്ഞു. എംബിഎ ചെയ്‌തു. പക്ഷേ, സിനിമയായിരുന്നു മനസ്സിൽ. നിരവധി ഓഡിഷനുകൾ ചെയ്‌തു. അങ്ങനെയാണ്‌ ആശകൾ ആയിരത്തിലേക്ക്‌ വിളിവന്നത്‌. സിനിമയിൽ അവസരം നഷ്ടമാകാൻ പാടില്ലെന്ന്‌ കരുതി ബോക്‌സിങ്‌, മാർഷ്യൽ ആർട്‌സ്‌, നീന്തൽ ഒക്കെ പഠിക്കുകയും ചെയ്‌തിരുന്നു.


​മുടി ചുരുണ്ടതാണെന്നു പറഞ്ഞ് മാറ്റിനിർത്തിയിട്ടുണ്ട്. പലതവണ ഓഡിഷനുകളിൽ മുടി സ്‌ട്രൈറ്റാണ് വേണ്ടതെന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ മെലിഞ്ഞിട്ടാണ്‌; കുറച്ച്‌ തടിവേണമെന്ന്‌ പറഞ്ഞ്‌ അവസരം നഷ്ടമായിട്ടുണ്ട്‌. അ പ്പോൾ ഞാൻ തടിവയ്‌ക്കാൻ ശ്രമിക്കും. ആ സമയത്ത്‌ തടി കൂടി; മെലിഞ്ഞിട്ടായിരുന്നെങ്കിലെന്ന്‌ ഓ ഡിഷനുകളിൽ പ റയുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്‌. പിന്നെ ഓരോരുത്തരും പറയുന്നതിനനുസരിച്ച്‌ മാറുന്ന പരിപാടി നിർത്തി.


​രാജിവച്ചു


എംബിഎയ്‌ക്കുശേഷം ജോലി കിട്ടിയെങ്കിലും മനസ്സിൽ മുഴുവൻ സിനിമതന്നെയായിരുന്നു. വീട്ടുകാർ ജോലിയാണ്‌ സുരക്ഷിതമെന്ന്‌ പറയുമായിരുന്നു. പക്ഷേ, എനിക്ക്‌ സിനിമയാണ്‌ വേണ്ടതെന്നുതന്നെയായിരുന്നു ചിന്ത. ജോലി എന്റെ കപ്പ്‌ ഓഫ്‌ ടീ അല്ല എന്ന ചിന്തയായിരുന്നു. റിസ്‌ക്‌ എടുക്കാൻതന്നെ തീരുമാനിച്ചു. തുടർന്ന്‌ ജോലി രാജിവച്ച്‌ സിനിമയിൽ അവസരത്തിനായി ശ്രമിക്കാൻ തുടങ്ങി. അതിനിടയിൽ വരുമാനത്തിനായി മോഡലിങ്‌ ചെയ്‌തു. ഇതിനുമുന്പും അവസരങ്ങൾ വന്നെങ്കിലും നല്ലത്‌ കിട്ടാൻവേണ്ടി പലതും വേണ്ടെന്നുവച്ചു. ആശകൾ ആയിരത്തിനുശേഷവും ചില അവസരങ്ങൾ വന്നിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home