‘ടോക്സിക്കി‘ൽ മെലിസയായി രുക്മിണി വസന്ത്: ഗീതു മോഹൻദാസ് - യഷ് ചിത്രത്തിന്റെ പുത്തന്‍ അപ്ഡേറ്റ്

ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യഷ് നായകനാകുന്ന ടോക്സിക്കിന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത്. മെലിസ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ ആണ് ഇന്ന് റിലീസ് ചെയ്തത്. നടി രുക്മിണി വസന്ത് ആണ് മെലിസയായി ടോക്‌സികിൽ എത്തുന്നത്. സംവിധായിക ഗീതു മോഹൻദാസിന്റെ വ്യത്യസ്തമായ സിനിമാറ്റിക് കാഴ്ചപ്പാടിൽ ഒരുങ്ങുന്ന ടോക്സിക് മാർച്ച് 19 ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. മുമ്പ് കിയാര അദ്വാനി (നാദിയ), ഹുമ ഖുറേഷി (എലിസബത്ത്), നയൻതാര (ഗംഗ), താര സുതാരിയ (റിബേക്ക) എന്നിവരുടെ ശ്രദ്ധേയമായ ഫസ്റ്റ് ലുക്കുകൾ പുറത്തിറങ്ങിയിരുന്നു. വെങ്കട് കെ നാരായണയും യാഷും ചേർന്ന് കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമിക്കുന്ന ചിത്രമാണ് ടോക്സിക്. യാഷിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ജനുവരി 8ന് ചിത്രത്തിന്റെ വമ്പൻ അപ്‌ഡേറ്റ് പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.
യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച് ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ കന്നഡയും ഇംഗ്ലീഷും ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകളും ഒരേ സമയം റിലീസാകുന്നു. ദേശീയ അവാർഡ് ജേതാവായ രാജീവ് രവിയാണ് ഛായാഗ്രഹണം. സംഗീതം- രവി ബസ്രൂർ, എഡിറ്റിംഗ്- ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ- ടി പി അബിദ്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ ജെ പെറി (ജോൺ വിക്)യ്ക്കൊപ്പം ദേശീയ അവാർഡ് ജേതാക്കളായ അൻബറിവും കേച്ച ഖംഫാക്ഡിയും ചേർന്നാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. പി ആർ ഓ: പ്രതീഷ് ശേഖർ.










0 comments