ad
Deshabhimani

'ജീവിതനിവൃത്തിക്ക് അഭിനയം, നിർവൃതിക്ക് സംവിധാനം'; രാജേഷ് മാധവൻ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Dec 15, 2025, 08:08 PM | 1 min read

തിരുവനന്തപുരം: അപ്രതീക്ഷിതമായാണ് താൻ അഭിനയത്തിലേക്കെത്തിയതെന്നും ജീവിതനിവൃത്തിക്കായി അഭിനയവും, നിർവൃതിക്കായി സംവിധാനവുമാണ് തെരഞ്ഞെടുത്തതെന്നും നടനും സംവിധായകനുമായ രാജേഷ് മാധവൻ പറഞ്ഞു. ഐഎഫ്എഫ്കെയുടെ മീഡിയ സെല്ലിൽ നിന്നാണ് ചലച്ചിത്ര യാത്ര ആരംഭിച്ചത്. അവിടെനിന്നും ഒരു ഡെലിഗേറ്റ് ആയും പിന്നീട് അതിഥിയായും സഞ്ചാരം തുടരാൻ സാധിച്ചത് ഒരു വലിയ ഭാഗ്യമായി കണക്കാക്കുന്നു. ഐഎഫ്എഫ്കെയിലെ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിച്ച 'പെണ്ണും പൊറാട്ടും' എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.



പെണ്ണും പൊറാട്ടും


ഡിസംബർ 14നാണ് 'പെണ്ണും പൊറാട്ടും' വെള്ളിത്തിരയിലെത്തിയത്. സുഹൃത്തായ രവി ശങ്കറുമായുള്ള കാലങ്ങളായുള്ള സംവാദങ്ങളിൽ നിന്നുമുദിച്ച ആശയങ്ങളാണ് ചിത്രത്തിലേക്ക് വഴിതെളിച്ചത്. നൂറോളം പുതുമുഖങ്ങളെ വെച്ച് എടുത്ത ഈ ചിത്രത്തിന്റെ കാസ്റ്റിംഗ് സമയം ഒരുപാട് ആസ്വദിച്ചു. ഒരു കാസ്റ്റിംഗ് സംവിധായകനായിരുന്നതു കൊണ്ടുതന്നെ അവരെ ഏവരെയും ഒരു കുടുംബംപോലെ സ്നേഹിക്കുവാനും സാധിച്ചു.


മലയാള സിനിമയുടെ വളർച്ചയിൽ ഐഎഫ്എഫ്കെ


മലയാള സിനിമയ്ക്ക് ഇന്നിവിടെ നല്ല അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ടെങ്കിൽ അതിന് ഐഎഫ്എഫ്കെയുടെ ചലച്ചിത്രസംസ്കാരം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സിനിമയുടെ നവ ശൈലികളെ പ്രോത്സാഹിപ്പിക്കുന്ന ഈ ചലച്ചിത്രമേളയുടെ ഭാഗമാകുവാൻ സാധിക്കുക എന്നത് സ്വപ്നസമാനമാണ്. തുടക്കക്കാരായ സിനിമാമോഹികളോട് തുടർന്നും സിനിമകൾ കാണുക എന്നും ചലച്ചിത്രമേളകളിൽ പങ്കെടുക്കുക എന്നും മാത്രമാണ് പറയാനുള്ളത്. കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മനസിൽ നിലനിൽക്കുന്ന അനുഭവമാകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home