ad
Deshabhimani

യുവജനങ്ങളിലെ 
തൊഴിലില്ലായ്‌മ 
രൂക്ഷമാകുമ്പോൾ

editorial.
വെബ് ഡെസ്ക്

Published on Aug 31, 2026, 12:30 AM | 2 min read

രാജ്യത്തെ തൊഴിലില്ലായ്‌മ സംബന്ധിച്ച ആധികാരിക രേഖയായി പരിഗണിക്കപ്പെടുന്നത്‌ പീരിയോഡിക്‌ ലേബർ ഫോഴ്‌സ്‌ സർവേ റിപ്പോർട്ടാണ്‌. ഇതിന്റെ ഏറ്റവും ഒടുവിലത്തെ (2025) റിപ്പോർട്ടുപ്രകാരം 18–29 പ്രായപരിധിയിൽ രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക്‌ 14.8 ശതമാനമാണ്‌. എന്നാൽ ഡിപ്ലോമ–ബിരുദം–ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യത നേടിയവർക്കിടയിൽ ഇത്‌ 29.4 ശതമാനമാണ്‌. ഇ‍ൗ നിരക്ക്‌ യഥാർഥത്തിൽ തൊഴിലില്ലാത്തവരുടെ എണ്ണം പ്രതിഫലിപ്പിക്കുന്നതല്ല. സജീവമായ തൊഴിലന്വേഷണം അവസാനിപ്പിച്ചവരും തൊഴിൽ കമ്പോളത്തിൽ ലഭ്യമാകാത്തവരും ഇ‍ൗ കണക്കിൽപ്പെടില്ല. യുവതികളിൽ വലിയൊരു വിഭാഗം ഒ‍ൗപചാരിക തൊഴിൽമേഖലയിൽ വന്നിട്ടില്ലെങ്കിലും തൊഴിൽരഹിതരുടെ പരിധിയിൽ വരില്ല. ഇതെല്ലാം പരിഗണിക്കുമ്പോൾ രാജ്യത്തെ ഡിപ്ലോമ, ബിരുദധാരികളിൽ 40 ശതമാനം തൊഴിൽ ചെയ്യാത്തവരോ തൊഴിൽ തേടാൻ ശ്രമിക്കാത്തവരോ വിദ്യാഭ്യാസം തുടരാത്തവരോ ആണെന്ന്‌ കാണാം. സ്‌ത്രീകളുടെമാത്രം കണക്ക്‌ എടുത്താൽ ഇ‍ൗ നിരക്ക്‌ 75 ശതമാനംവരെയാകും.

യുവജനങ്ങളിൽ വലിയ വിഭാഗത്തിന് അവരുടെ കഴിവുകൾ വിനിയോഗിക്കാൻ അവസരം ലഭിക്കാതെ പോകുന്നത്‌ വ്യക്തിപരമായ നഷ്ടമോ ദുരന്തമോ മാത്രമല്ല; ഇത്‌ കുടുംബങ്ങൾക്കും സമൂഹത്തിനും രാഷ്‌ട്രത്തിനുംതന്നെ തീരാനഷ്ടമാണ്‌. തൊഴിൽ അന്വേഷിക്കുന്നവരുടെ യ‍ൗവനനാളുകൾ ചോദ്യപേപ്പർ ചോർച്ചകളിലും നിയമന നടപടികളിലെ കാലതാമസത്തിലും നിയമന നിരോധനത്തിലും കുടുങ്ങി ഇരുളടഞ്ഞതാകുന്നു. ബിരുദധാരികളെ സൃഷ്ടിക്കാൻ ഓരോ കുടുംബവും ചെലവിടുന്ന ഉ‍ൗർജവും സമ്പത്തും പ്രധാനമാണ്‌. അഭ്യസ്‌തവിദ്യരുടെ തൊഴിലില്ലായ്‌മ ഇ‍ൗ വീക്ഷണകോണിൽ ചർച്ചചെയ്യാൻ പലപ്പോഴും ഭരണാധികാരികൾ തയ്യാറാകുന്നില്ല. സാങ്കേതികവിദ്യാഭ്യാസ മേഖലയിലും മറ്റും ബിരുദമെടുക്കുന്ന യുവജനങ്ങൾ വൻതുക മുടക്കിയാണ്‌ തൊഴിലന്വേഷണത്തിന്‌ സജ്ജരാകുന്നത്‌. കുടുംബത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടാണ്‌ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഭാരിച്ച തുക മുടക്കാൻ മിക്കവരും തയ്യാറാകുന്നത്‌. ഒരാൾമാത്രം ജോലി ചെയ്യുന്ന കുടുംബങ്ങളിൽ അഭ്യസ്‌തവിദ്യരായ യുവജനങ്ങൾക്ക്‌ തൊഴിലും വരുമാനവും ലഭിക്കാൻ വൈകുന്നത്‌ സ്ഥിതിഗതികൾ സങ്കീർണമാക്കും. ബാങ്ക്‌ വായ്‌പയും മറ്റും എടുത്ത്‌ വിദ്യാഭ്യാസം നേടുന്നവരുടെ കാര്യത്തിൽ കൂടുതൽ വൈഷമ്യം ഉണ്ടാകും. തൊഴിൽരഹിതരായ യുവജനങ്ങളെ എത്രകാലം പിന്തുണയ്‌ക്കാൻ കുടുംബങ്ങൾക്ക്‌ കഴിയുമെന്നത്‌ പ്രധാന ചോദ്യമാണ്‌. കാർഷികമേഖലയിലെ പ്രതിസന്ധിയും തൊഴിൽകോഡുകൾ സൃഷ്ടിച്ച അനിശ്‌ചിതത്വവും ചെറുകിട വ്യാപാരമേഖലയിലെ മാന്ദ്യവും ഇടത്തരം കുടുംബങ്ങളെ ഞെരുക്കുന്ന സാഹചര്യത്തിൽ യുവജനങ്ങളിലെ തൊഴിലില്ലായ്‌മ സാമൂഹ്യഅസ്വസ്ഥതകൾ ശക്തിപ്പെടാൻ കാരണമാകുന്നു. കിട്ടുന്ന ഏതെങ്കിലും തൊഴിലിൽ ഏർപ്പെടാൻ നിർബന്ധിതരാകുന്ന യുവജനങ്ങളിൽ മടുപ്പും നിരാശയും ഉണ്ടാകുമെന്നതു മാത്രമല്ല വിഷയം, സാന്പത്തിക അരക്ഷിതാവസ്ഥയ്‌ക്കും ഇത്‌ ഇടയാക്കും.

രാജ്യത്ത്‌ യുവജനങ്ങൾക്കിടയിൽ ഉയർന്നുവരുന്ന അമർഷത്തിനും അസ്വസ്ഥതകൾക്കും പിന്നിൽ രാഷ്‌ട്രീയ കാരണങ്ങൾക്കൊപ്പം തൊഴിലില്ലായ്‌മയും പ്രവർത്തിക്കുന്നുണ്ട്‌. നവഉദാരവൽക്കരണ നയങ്ങൾ ഇന്ത്യയെ പുരോഗതിയിലേക്കും സാമ്പത്തിക വളർച്ചയിലേക്കും നയിച്ചെന്നാണ്‌ കോൺഗ്രസും ബിജെപിയും മത്സരിച്ച്‌ അവകാശപ്പെടുന്നത്‌. ഉദാരവൽക്കരണ, സ്വകാര്യവൽക്കരണ, ആഗോളവൽക്കരണ നയങ്ങൾ നടപ്പാക്കിയതിന്റെ ഖ്യാതി ഏറ്റെടുക്കാൻ ഇരുകൂട്ടർക്കും മടിയില്ല; അതിനാൽ രാജ്യത്ത്‌ ഇത്രയും ഉയർന്ന തോതിൽ തൊഴിലില്ലായ്‌മ സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വംകൂടി ഇവർ ഏറ്റെടുക്കണം. തൊഴിൽ ഉൽപ്പാദിപ്പിക്കാത്ത സാമ്പത്തിക വളർച്ചയാണ്‌ ഇന്ത്യയിൽ രേഖപ്പെടുത്തുന്നത്‌. 1990കളുടെ തുടക്കത്തിൽ ഉദാരവൽക്കരണ നയങ്ങൾ ആരംഭിച്ചശേഷം ഇന്നേവരെ രാജ്യത്ത്‌ ലക്ഷക്കണക്കിന്‌ കർഷകരും തൊഴിലാളികളും കടക്കെണിയിൽ കുടുങ്ങി ആത്മഹത്യ ചെയ്‌തു. കുടുംബങ്ങളിലെ തകർച്ചയും മദ്യപാനാസക്തിയുമൊക്കെ മരണകാരണങ്ങളായി രേഖകളിൽ പറയുന്നിടത്തും ആത്യന്തികമായി മനുഷ്യനെ തകർക്കുന്നത്‌ മെച്ചപ്പെട്ട ജീവിതനിലവാരം നിഷേധിക്കപ്പെടുന്ന അവസ്ഥയാണ്‌. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ 2014ൽ രാജ്യത്ത്‌ ശതകോടി ഡോളർ ആസ്‌തിയുള്ള സമ്പന്നരുടെ എണ്ണം 70 ആയിരുന്നെങ്കിൽ നിലവിൽ ആ ഗണത്തിൽ 308 പേരുണ്ട്‌. ലക്ഷം കോടി ഡോളറിലേറെയാണ്‌ ഇവരുടെ ആകെ ആസ്‌തി. മറുവശത്ത്‌ ആഗോളപട്ടിണി സൂചികയിൽ 123ൽ 102–ാം സ്ഥാനത്താണ്‌ ഇന്ത്യ; അതായത്‌ ഇന്ത്യയേക്കാൾ മോശം സ്ഥിതിയിൽ 21 രാജ്യംമാത്രം. ‘സബ്‌ കാ സാഥ്‌, സബ്‌ കാ വികാസ്‌’ എന്നൊക്കെ മുദ്രാവാക്യങ്ങൾ ആവർത്തിക്കുമ്പോഴും രാജ്യത്തിന്റെ സമ്പത്തും വിഭവങ്ങളും ഒരുപിടി ആളുകളുടെ കൈയിൽ ഒതുങ്ങുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home