print edition പശ്ചിമേഷ്യയിൽ സമാധാനം പ്രതീക്ഷിക്കാമോ

പശ്ചിമേഷ്യയിൽ സമാധാനം ലക്ഷ്യമിട്ട് ഇസ്ലാമാബാദിൽ ഇന്ന് യുഎസ്-–ഇറാൻ ഉഭയകക്ഷിചർച്ച നടക്കാനിരിക്കെ ഇസ്രയേൽ ലെബനനിൽ കനത്ത ആക്രമണം നടത്തിയത് ലോകത്തെ വീണ്ടും ആശങ്കയിലാക്കി. യുഎസും ഇറാനും രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ലെബനനിൽ ഇസ്രയേൽ ആക്രമണം നടത്തിയത് സമാധാനശ്രമങ്ങളെ അട്ടിമറിക്കാനാണെന്ന് ഉറപ്പാണ്. ഇറാൻ മുന്നോട്ടുവച്ച പത്തിന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന സമാധാനചർച്ച ഇതോടെ അനിശ്ചിതത്വത്തിലായി. ചർച്ചയിൽനിന്ന് പിന്മാറുമെന്ന് ഇറാൻ പറഞ്ഞിട്ടില്ല. എന്നാൽ, വെടിനിർത്തൽ പ്രഖ്യാപനത്തെ തുടർന്ന് തുറന്ന ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു. വെടിനിർത്തൽ കാലയളവിൽ ഹോർമുസ് കടലിടുക്കിലൂടെ നിയന്ത്രിതമായി കപ്പലുകൾ കടത്തിവിടുമെന്ന ഉറപ്പ് പാലിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്നാലെ ഭീഷണി മുഴക്കുകയും ചെയ്തിരിക്കുന്നു.
ഹോർമുസ് കടലിടുക്ക് തുറന്നാൽ വെടിനിർത്തൽ പ്രഖ്യാപിക്കാമെന്നും ഇറാൻ മുന്നോട്ടുവച്ച പത്തിന നിർദേശങ്ങളിൽ ചർച്ച ആകാമെന്നും ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ചത് 40 ദിവസം പിന്നിടുന്ന പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷ നൽകിയിരുന്നു.
ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന് സമ്മതിച്ച ഇറാൻ വാക്കുപാലിക്കുകയും ചെയ്തതോടെ വെടിനിർത്തൽ കരാർ പ്രാബല്യത്തിലാകുകയും ചെയ്തു. എന്നാൽ, ലെബനൻ കരാറിന്റെ ഭാഗമല്ലെന്ന മുട്ടായുക്തിയുമായി മണിക്കൂറുകൾക്കകം ഇസ്രയേൽ തെക്കൻ ലെബനനിൽ മുമ്പത്തേക്കാൾ രൂക്ഷമായ തോതിൽ ആക്രമണം നടത്തി. നൂറിലേറെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടന്ന ആക്രമണത്തിൽ 203 പേർ കൊല്ലപ്പെട്ടു. ആയിരത്തിലേറെപ്പേർക്ക് പരിക്കേറ്റു. ആക്രമണങ്ങളിൽ ഇതുവരെ ആകെ 137 കുട്ടികൾ ഉൾപ്പെടെ 1700ലേറെപ്പേർ കൊല്ലപ്പെട്ടു. യുഎസ്–-ഇറാൻ വെടിനിർത്തലിനെ സ്വാഗതം ചെയ്ത് തൊട്ടുപിന്നാലെ നടത്തിയ ആക്രമണം ഇസ്രയേലിന്റെ യഥാർഥ ഉദ്ദേശ്യം വ്യക്തമാക്കുന്നു.
ലെബനൻ ഉൾപ്പെടെ എല്ലാ യുദ്ധമുന്നണികളും വെടിനിർത്തൽ കരാറിന്റെ ഭാഗമാണെന്ന് ഇറാൻമാത്രമല്ല മധ്യസ്ഥരായ പാകിസ്ഥാനും പറയുന്നു. എന്നാൽ, ഇസ്രയേലിന്റെ നിലപാടുമാറ്റത്തിനുപിന്നാലെ യുഎസും ലെബനൻ കരാറിന്റെ ഭാഗമല്ലെന്ന് പറഞ്ഞതോടെ സമാധാനചർച്ചയുടെ ഭാവി ഇരുളടഞ്ഞതായി. തുറന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടയ്‌ക്കുകയും യുഎസ് വീണ്ടും ആക്രമണഭീഷണി മുഴക്കുകയും ചെയ്തതോടെ അത് ഇരട്ടിക്കുകയും ചെയ്തു.
പത്തിന നിർദേശങ്ങൾ സംബന്ധിച്ച ഇറാന്റെയും യുഎസിന്റെയും നിലപാടുകളിൽ കടുത്ത വൈരുധ്യങ്ങളുണ്ടെങ്കിലും രണ്ടു കക്ഷികളെയും ഒരു മേശയ്‌ക്ക് ഇരുപുറവും ഇരുത്താൻ കഴിയുന്നത് പ്രതീക്ഷയ്‌ക്ക് വകനൽകുന്നതായി ലോകം കണ്ടിരുന്നു. ഇറാൻ മേലിൽ യുറേനിയം സമ്പുഷ്‌ടീകരണം നടത്തില്ലെന്നും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം വിട്ടുനൽകുമെന്നുമാണ് പത്തിന നിർദേശങ്ങൾ സംബന്ധിച്ച് വൈറ്റ് ഹൗസിന്റെ വിശദീകരണം. എന്നാൽ, യുറേനിയം സമ്പുഷ്‌ടീകരിക്കുന്നതിനുള്ള അവകാശവും ഹോർമുസ് കടലിടുക്കിന്മേലുള്ള നിയന്ത്രണവും നിലനിർത്തുമെന്നാണ് ഇറാൻ പരമോന്നത ദേശീയ സുരക്ഷാസമിതി വ്യക്തമാക്കിയിരിക്കുന്നത്.
എങ്കിൽത്തന്നെയും, ചർച്ചകൾക്ക് ഉന്നതതലത്തിലുള്ള ഒരാളെ അയക്കണമെന്ന ഇറാന്റെ നിർദേശം മാനിച്ച് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെത്തന്നെ ട്രംപ് ഇസ്ലാമാബാദിലേക്ക് നിയോഗിച്ചതാണ് പ്രതീക്ഷയ്‌ക്ക് വക നൽകിയിരുന്നത്. എന്നാൽ, ഇസ്രയേലിന്റെ മുട്ടാളത്തം ഈ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചു.
ലെബനനിൽ ആക്രമണം അവസാനിപ്പിക്കാൻ ഇസ്രയേൽ തയ്യാറാകാതെ ചർച്ചയിൽ എന്തെങ്കിലും പുരോഗതി പ്രതീക്ഷിക്കാനാകില്ല. അതിന് യുഎസിന്റെ സമ്മർദം ഇസ്രയേലിന്റെ മേലുണ്ടാകണം. ലെബനൻ വെടിനിർത്തൽ കരാറിന്റെ ഭാഗമല്ലെന്ന നിലപാടിൽ ഇസ്രയേലിനൊപ്പം നിൽക്കുന്ന അമേരിക്ക അതിന് തയ്യാറാകാൻ സാധ്യത കാണുന്നുമില്ല. യുഎസിന്റെ യുദ്ധക്കൊതിയെ വിമർശിച്ച ലിയോ പതിനാലാമൻ മാർപാപ്പയെ ഭീഷണിപ്പെടുത്താൻവരെ മടിക്കാത്ത യുഎസ് ഭരണകൂടത്തിന് സമാധാനചർച്ചയിലുള്ള ആത്മാർഥതയിലും സംശയമുണ്ട്. പശ്ചിമേഷ്യയിൽ സമാധാനം അകലെയാണെന്ന ആശങ്ക അതിനാൽ ഒഴിയുന്നുമില്ല.










0 comments