ad
Deshabhimani

print edition മഞ്ഞിടിച്ചിൽ
നൽകുന്ന
വിപൽസൂചനകൾ

editorial.
വെബ് ഡെസ്ക്

Published on Aug 28, 2026, 12:00 AM | 2 min read

പ്രകൃതിക്ഷോഭങ്ങളും മഹാദുരന്തങ്ങളും മാനവരാശിയെ നടുക്കുകയാണ്‌. ഭ‍ൗമതാപനത്തിന്റെ ഫലമെന്നവിധം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏതാനും പതിറ്റാണ്ടുകളായി അതിതീവ്ര മഴ‍, പ്രളയങ്ങൾ, ഉരുൾപൊട്ടലുകൾ, ചുഴലിക്കാറ്റുകൾ എന്നിവ വൻദുരന്തങ്ങൾക്ക്‌ കാരണമാകുന്നു. പ്രവചിക്കാനാകാത്തതും എന്നാൽ പ്രത്യക്ഷവുമാണ്‌ കാലാവസ്ഥാ വ്യതിയാനം. ആർത്തിപൂണ്ട മുതലാളിത്തം പ്രകൃതിയെ ഹൃദയശൂന്യമായി, വീണ്ടെടുക്കാൻ കഴിയാത്തവിധം നശിപ്പിച്ചു. പുനരുജ്ജീവിപ്പിക്കാൻ സാധിക്കാത്തവിധം തീവ്രമായ തോതിലാണ്‌ വിഭവങ്ങളുടെ ചൂഷണം. ഇതിന്റെ കെടുതികളാണ്‌ നാം നേരിടുന്നത്‌.


ഇപ്പോൾ, ഹിമാലയൻ പർവതനിരകളിലെ നേപ്പാളിലും തിബറ്റിലും നൂറുകണക്കിനുപേരുടെ ജീവനപഹരിച്ച മിന്നൽപ്രളയദുരന്തം അങ്ങേയറ്റം ദുഃഖകരവും ഭയാനകവുമാണ്‌. സ്വദേശികളും വിനോദസഞ്ചാരികളുമടക്കം ആയിരങ്ങളെ കാണാതായെന്ന്‌ നേപ്പാൾ വിദേശമന്ത്രി ഷിസിർ ഖനാൽ മാധ്യമങ്ങളോട്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. തീർഥാടകർ ഉൾപ്പെടെ മുന്നൂറോളം ഇന്ത്യക്കാരെ കാണാതായെന്നാണ്‌ പ്രാഥമികവിവരം. അമേരിക്ക,‍ ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ എന്നിവിടങ്ങളിൽനിന്നുള്ളവരും കാണാതായവരിൽപ്പെടുന്നു. തിബറ്റിലെ ഗ്യിറോങ്‌ പ്രവിശ്യയിൽ ഏതാണ്ട്‌ 560 പേരെ കാണാതായെന്ന്‌ ചൈനീസ്‌ ഒ‍ൗദ്യോഗിക മാധ്യമം റിപ്പോർട്ട്‌ ചെയ്യുന്നു. അഭൂതപൂർവമായ ദുരന്തമാണ്‌ നേരിടുന്നതെന്ന്‌ വ്യക്തമാക്കിയ നേപ്പാൾ അധികൃതർ, രക്ഷ–ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മറ്റു രാജ്യങ്ങളുടെ സഹായം അഭ്യർഥിച്ചിട്ടുണ്ട്‌. ഇന്ത്യ ഇതിനകം ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കുചേർന്നു.


ബുധൻ രാവിലെ എട്ടരയോടെ, നേപ്പാൾ തലസ്ഥാനമായ കാഠ്‌മണ്ഡുവിൽനിന്ന്‌ 60 കിലോമീറ്ററോളം അകലെ, ഹിമാലയൻ മഞ്ഞുപാളിയിൽനിന്ന്‌ പടുകൂറ്റൻ ഭാഗം വേർപെട്ട്‌ താഴേക്ക്‌ കുത്തിയൊലിച്ചുവന്ന്‌ നദികളിലും പരിസരങ്ങളിലും മിന്നൽപ്രളയം സൃഷ്ടിക്കുകയായിരുന്നു. 0.2 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള ഭീമാകാരമായ ഹിമച്ചീന്ത്‌ 1.2 കിലോമീറ്റർ താഴ്‌ചയിലേക്ക്‌ വന്നുവെന്നാണ്‌ ഉപഗ്രഹദൃശ്യങ്ങൾ വിശകലനം ചെയ്‌ത്‌ ഭ‍ൗമശാസ്‌ത്രജ്ഞർ വിശദീകരിക്കുന്നത്‌. 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്‌ ഉണ്ടായതെന്ന്‌ ആദ്യം ഏജൻസികൾ റിപ്പോർട്ട്‌ ചെയ്‌തിരുന്നു. എന്നാൽ, ഉറഞ്ഞുകിടന്ന ഹിമപാളി ഉരുകി പൊട്ടിയതിന്റെ ഫലമായി 5.2 തീവ്രതയിൽ പ്രകമ്പനമുണ്ടായതാണെന്ന്‌ പിന്നീട്‌ അമേരിക്കൻ ഭ‍ൗമനിരീക്ഷണ ഏജൻസി സ്ഥിരീകരിച്ചു. നദീതീരങ്ങളിലെ പട്ടണങ്ങളും ഗ്രാമങ്ങളും പ്രളയജലത്തിൽ ഒലിച്ചുപോകുന്നതിന്റെ ഭീകരമായ വീഡിയോദൃശ്യങ്ങൾ ലോകത്തെയാകെ ഞെട്ടിച്ചു. പാലങ്ങളും വൈദ്യുതിവിതരണശൃംഖലയും നാമാവശേഷമായി. അടിസ്ഥാനസ‍ൗകര്യങ്ങൾ തകർന്നതിനാൽ ആദ്യനാളിൽ രക്ഷാപ്രവർത്തനം പരിമിതമായ തോതിൽ നടത്താനേ സാധിച്ചുള്ള‍ൂവെന്ന്‌ അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. അരലക്ഷത്തോളംപേർ പാർക്കുന്ന, നേപ്പാളിലെ പ്രളയബാധിതമേഖലയായ റസുവായിൽ ഹെലികോപ്‌റ്ററുകൾക്ക്‌ ഇറങ്ങാൻപോലും കഴിഞ്ഞില്ലെന്നാണ്‌ റിപ്പോർട്ടുകളിൽ പറയുന്നത്‌.


ഇക്കൊല്ലം യൂറോപ്പിൽ തീവ്രമായ ഉഷ്‌ണതരംഗമാണ്‌ അനുഭവപ്പെട്ടത്‌. ഭൂമിയുടെ താപനില ക്രമാതീതമായി ഉയരുന്നതിനാൽ ധ്രുവപ്രദേശങ്ങളിലെയും ഹിമാലയൻ മേഖലയിലെയും ഹിമപാളികൾ ഉരുകുന്നത്‌ വൻവിപത്തായി മാറുമെന്ന്‌ ഗവേഷകരും പരിസ്ഥിതിവിദഗ്‌ധരും മുന്നറിയിപ്പ്‌ നൽകാൻ തുടങ്ങിയിട്ട്‌ നാളേറെയായി. ഹിന്ദുകുഷ്‌–ഹിമാലയൻ മേഖലകളിൽ മഞ്ഞുപാളികളുടെ ഉരുകൽ ഇ‍ൗ വർഷം വേഗത്തിലായെന്ന്‌ റിപ്പോർട്ടുകൾ വന്നിരുന്നു. ഭ‍ൗമതാപനം നിയന്ത്രിക്കാനുള്ള നടപടികളിലേക്ക്‌ നീങ്ങാൻ ആഗോള അഭിപ്രായസമന്വയത്തിനായി പല വേദികളിലും ചർച്ചകൾ നടക്കുന്നു. വികസിത മുതലാളിത്ത രാജ്യങ്ങൾ വിട്ടുവീഴ്‌ചയ്ക്ക്‌ തയ്യാറാകാത്തതിനാൽ ചർച്ചകൾ പുരോഗമിക്കാത്തത്‌ അതിസങ്കീർണ സ്ഥിതിവിശേഷമാണ്‌ വരുത്തിയിരിക്കുന്നത്‌. രണ്ടായിരത്തിനുശേഷം ലോകത്തെ ഹിമപാളികളിൽ അഞ്ചുശതമാനം നഷ്ടമായിട്ടുണ്ട്‌.


ഹിമാലയൻ ഹിമപാളികളുടെ തകർച്ച ഇന്ത്യക്ക്‌ വൻഭീഷണിയാണ്‌. ഉത്തരേന്ത്യയിൽ ഒഴുകുന്ന ഏതാണ്ടെല്ലാ നദികളുടെയും തുടക്കം ഹിമാലയൻനിരകളിൽനിന്നാണ്‌; ഇവയുടെ പോഷകനദികളും മറ്റൊരിടത്തുനിന്നല്ല. നിലവിൽ നേപ്പാളിലെ നാരായണി നദിയിൽ ജലനിരപ്പ്‌ അപകടകരമായി ഉയർന്നത്‌ ഇന്ത്യയിലെ ഗണ്ഡക്‌ നദിയിൽ പ്രതിഫലിക്കും. ബിഹാറിലും കിഴക്കൻ ഉത്തർപ്രദേശിലും പ്രളയസാധ്യതയുണ്ട്‌. ബിഹാറിലെ ചമ്പാരൻ, ഗോപാൽഗഞ്ച്‌, ശരൺ, മുസഫർപുർ, വൈശാലി മേഖലകളും പ്രളയഭീഷണിയിലാണ്‌. നേപ്പാളുമായി അതിർത്തിപങ്കിടുന്ന പടിഞ്ഞാറൻ ചമ്പാരനിലെ പ്രദേശങ്ങളിൽ നിരീക്ഷണസംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്‌. ദുരന്തവേളകളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിലുപരി, വിനാശകരമായ നിലയിലേക്ക്‌ ആഗോളതാപനം എത്തുന്നത്‌ തടയാനുള്ള പ്രവർത്തനങ്ങളിൽ ആത്മാർഥതയോടെ ഇടപെടാൻ എല്ലാവരും തയ്യാറാകണം. രാഷ്‌ട്രങ്ങളും സമൂഹങ്ങളും വ്യക്തികളും ഇക്കാര്യത്തിൽ അവരവരുടേതായ പങ്കുവഹിക്കേണ്ടതുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home