ad
Deshabhimani

ഇന്ത്യക്കുമേൽ 
അമേരിക്കൻ ഉപരോധമോ?

Deshabhimani Editorial
വെബ് ഡെസ്ക്

Published on Jul 31, 2026, 12:00 AM | 2 min read

സാമ്രാജ്യത്വവ്യാപനത്തിനായി അമേരിക്ക കാലാകാലങ്ങളായി നടത്തിവന്ന യുദ്ധങ്ങൾക്ക്‌ എപ്പോഴും ഒരു മറയുണ്ടായിരുന്നു. ദേശീയ സുരക്ഷ സംരക്ഷിക്കുക, ഭീകരർക്കെതിരെ പോരാടുക, ജനാധിപത്യവും അന്താരാഷ്‌ട്രനിയമങ്ങളും സംരക്ഷിക്കുക എന്നീ കാരണങ്ങളെല്ലാം ലോകപൊലീസ്‌ ചമയുമ്പോൾ എടുത്തണിയുന്ന മുഖംമൂടിമാത്രം. എണ്ണയും ഊർജസുരക്ഷയുമാണ് അമേരിക്ക സാമ്രാജ്യത്വവ്യാപനത്തിനായി കാലങ്ങളായി നടത്തിവരുന്ന സൈനിക ഇടപെടലുകളുടെ പ്രധാന പ്രേരകശക്തി എന്നതാണ്‌ വാസ്‌തവം.

​1990–91ലെ ഗൾഫ്‌ യുദ്ധത്തിന് പറഞ്ഞ കാരണം കുവൈത്തിന്റെ അധികാര പുനഃസ്ഥാപനമാണെങ്കിൽ 2003ൽ ഇറാഖിനെ ആക്രമിച്ചത്‌ വിനാശകാരിയായ ആയുധങ്ങൾ ഇറാഖ്‌ പ്രസിഡന്റ്‌ സദ്ദാം ഹുസൈൻ ശേഖരിച്ചുവച്ചു എന്നതായിരുന്നു. യുദ്ധാനന്തരം ഒന്നും കണ്ടുകിട്ടിയില്ല എന്നത്‌ മറ്റൊരു വിരോധാഭാസം. 2011ൽ ലിബിയയിൽ മുഅമ്മർ ഗദ്ദാഫിക്കെതിരായി ആഭ്യന്തരകലഹങ്ങളിൽ ലിബിയയിൽ അമേരിക്ക ഇടപെട്ടത്‌ സാധാരണക്കാരെ സംരക്ഷിക്കാനെന്ന പേരിൽ. സിറിയയിൽ ഇടപെട്ടത്‌ ഐഎസ്‌എസിനെ തുരത്താനെന്ന പേരിലും. ഇ‍ൗ നാടുകളിലെ എണ്ണശേഖരത്തിലായിരുന്നു യാങ്കികളുടെ കഴുകൻകണ്ണ്‌. അതേ തന്ത്രംതന്നെയാണ്‌ ഇപ്പോൾ ഇറാനിലും പയറ്റുന്നത്‌.


ഇപ്പോൾ ഇസ്രയേലുമൊത്ത്‌ ഇറാനെ കടന്നാക്രമിച്ച്‌ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന അമേരിക്കൻ സാമ്രാജ്വത്വം 1953-ലും ഇ‍ൗ രാജ്യത്തിനുമേൽ കൈവച്ചിരുന്നു. മൊഹമ്മദ്‌ മൊസാദെഗിനെ അട്ടിമറിച്ച്‌ ഷാ ഭരണകൂടത്തെ വാഴിക്കാൻ അമേരിക്കയും ബ്രിട്ടനും പിന്തുണച്ചത് അന്നാട്ടിലെ എണ്ണവ്യവസായം ദേശസാൽക്കരിച്ചതിൽ പ്രകോപിതരായാണ്‌.

ഹ്രസ്വമായ ഒരിടവേളയിലെ ശാന്തതയ്‌ക്കുശേഷം യുഎസ്‌–ഇറാൻ ഏറ്റുമുട്ടൽ ശക്തമായ ഘട്ടത്തിലാണ്‌ റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളിൽനിന്ന്‌ എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങൾക്കുമേല്‍ ഉപരോധം ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്ന ബില്ലിന്‌ കഴിഞ്ഞദിവസം യുഎസ്‌ സെനറ്റില്‍ വന്‍ ഭൂരിപക്ഷം ലഭിക്കുന്നത്‌. ആഗോളമായി എണ്ണസന്പത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുക, തങ്ങളുടെ ഇംഗിതത്തിന്‌ വഴങ്ങാത്ത രാഷ്‌ട്രങ്ങൾക്കുമേൽ താരിഫ്‌ അടിച്ചേൽപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ്‌ ഇ‍ൗ നിയമനിർമാണത്തിനും പിന്നിൽ. 12-നെതിരെ 86 വോട്ടിന് പ്രമേയം പാസായതോടെ ഇന്ത്യക്കും ചൈനയ്‌ക്കും മാത്രമല്ല സ്ലൊവാക്യ, ഹംഗറി, അസർബൈജാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കും ഇ‍ൗ ബിൽ ഭീഷണിയാകുമെന്ന്‌ ഉറപ്പ്‌. റഷ്യയിൽനിന്നോ ഇറാനിൽനിന്നോ എണ്ണ വാങ്ങിയാൽ നൂറുശതമാനം നികുതിമാത്രമല്ല ഉപരോധവും ഉണ്ടാകും. ഇന്ത്യയെയും ചൈനയെയും ശിക്ഷിക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിൽ റഷ്യൻ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന സ്വന്തം സഖ്യകക്ഷികളെ ഒഴിവാക്കാൻ യുഎസ്‌ കൃത്യമായി ശ്രദ്ധിച്ചിട്ടുണ്ട്‌. ചെെനയെയും ഇന്ത്യയെയും താരിഫുകൊണ്ടും ഉപരോധംകൊണ്ടും ആക്രമിക്കാൻ ലക്ഷ്യംവച്ചുള്ള ബില്ലിൽ വോട്ടെടുപ്പ്‌ നടക്കുന്ന സമയത്ത്‌ സെനറ്റ് ഗ്യാലറിയില്‍ ഉക്രയ്‌ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയുടെ സാന്നിധ്യമുണ്ടായിരുന്നു.


സെനറ്റിലെയും പിന്നീട് ജനപ്രതിനിധിസഭയിലെയും നടപടികൾ പൂർത്തിയാക്കി പ്രസിഡന്റിന്റെ ഒപ്പ്‌ ലഭിച്ചാൽമാത്രമേ പ്രാബല്യത്തിൽ വരൂ. ട്രംപിന്റെ ഇറക്കുമതിത്തീരുവ അധികാരം വിപുലീകരിക്കുന്നതിൽ ഭൂരിപക്ഷം ഡെമോക്രാറ്റ് നേതാക്കൾക്കും താൽപ്പര്യമില്ല. അതുകൊണ്ടുതന്നെ ജനപ്രതിനിധിസഭയിൽ ഉണ്ടാകാനിടയുള്ള എതിർപ്പ് ബില്ലിനുമുന്നിലെ പ്രധാന കടന്പയാകും. ഏതാനും വർഷങ്ങളായി ഇന്ത്യ കുറഞ്ഞ വിലയ്‌ക്ക്‌ റഷ്യൻ ക്രൂഡ് ഓയിൽ വലിയ തോതിൽ ഇറക്കുമതി ചെയ്യുന്നുണ്ട്‌. ഈ ബിൽ നിയമമായാൽ, ഇന്ത്യ റഷ്യൻ എണ്ണയുടെ ഉപഭോക്താവായി തുടരുകയാണെങ്കിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ 100 ശതമാനംവരെ അധികതീരുവ ചുമത്താനുള്ള അധികാരം അമേരിക്കൻ പ്രസിഡന്റിന് ലഭിക്കും. അപകടകരമായ ഇ‍ൗ തീരുമാനത്തിനെതിരെ ഇന്ത്യ ഒരക്ഷരം ഇതുവരെ മിണ്ടിയിട്ടില്ല. സമീപഭാവിയിൽ അതിനോട്‌ പ്രതികരിക്കാനുള്ള സാധ്യതയുമില്ല. കാരണം അമേരിക്കയോടും അതിന്റെ സാമ്രാജ്യത്വ അജൻഡയോടും അത്രമാത്രം വിധേയപ്പെട്ടുനിൽക്കുന്ന രാജ്യമാണ്‌. സമ്പദ് ഘടനയെ ഗുരുതരമായി ബാധിക്കാനിടയുള്ള വിഷയമായിട്ടും ഇന്ത്യ പ്രതികരിക്കാത്തതുകൊണ്ടാണ്‌ ഇന്ത്യയെ അമേരിക്കയുടെ സാമന്തരാജ്യം എന്ന്‌ വിശേഷിപ്പിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home