ad
Deshabhimani

സംസ്ഥാനങ്ങളെ ദുർബലപ്പെടുത്താൻ 
ബജറ്റിനെയും കരുവാക്കുന്നു

edit
വെബ് ഡെസ്ക്

Published on Feb 03, 2026, 12:00 AM | 2 min read


ഒളിപ്പിച്ചും അവ്യക്തമായും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞുപോയ കാര്യങ്ങളാണ്‌ ബജറ്റിലെ അപകടസൂചനകളെങ്കിലും മുഖ്യപ്രശ്‌നം ഫെഡറൽ തത്വങ്ങൾക്കുനേരെയുള്ള കടന്നാക്രമണമാണ്‌. വളർച്ചയുടെ പൊങ്ങച്ചപ്രകടനങ്ങൾക്കിടയിലും കേന്ദ്രത്തിന്റെ വരുമാനത്തിൽ നടപ്പുവർഷം രണ്ടുലക്ഷം കോടിയോളം രൂപയുടെ കുറവുണ്ടായിരിക്കുന്നു. എണ്ണയിൽനിന്നുള്ള എക്‌സൈസ്‌ വരുമാനത്തിന്റെ ബലത്തിലാണ്‌ കേന്ദ്രം പിടിച്ചുനിൽക്കുന്നത്‌, ഇതിന്റെ ഭാരം പേറേണ്ടിവരുന്നത്‌ സാധാരണക്കാരും പാവപ്പെട്ടവരുമാണ്‌. ആഗോളസാഹചര്യം കൂടുതൽ മോശമായാൽ സർക്കാരിന്റെ ഇ‍ൗ തന്ത്രവും പാളും, അല്ലാത്തപക്ഷം ജനങ്ങളെ ഇതിലേറെ കഠിനമായി ശിക്ഷിക്കേണ്ടിവരും.


അതേസമയം, ക്ഷേമപദ്ധതികളുടെ നടത്തിപ്പിന്റെ ഉത്തരവാദിത്വത്തിൽനിന്ന്‌ കേന്ദ്രം ഒഴിഞ്ഞുമാറുകയാണ്‌. കേന്ദ്രാവിഷ്‌കൃതപദ്ധതികളുടെ വിഹിതം മാത്രമല്ല, സാമൂഹ്യക്ഷേമ മേഖലയിൽ എല്ലാ ഇനങ്ങളിലും 2025–26ലെ ബജറ്റിൽ വകയിരുത്തിയതിൽ വൻ വെട്ടിക്കുറവ്‌ വരുത്തിയാണ്‌ പുതുക്കിയ കണക്ക്‌. സ്‌ത്രീകൾക്കും കുട്ടികൾക്കും അരികുവൽക്കരിക്കപ്പെട്ട മറ്റു ജനവിഭാഗങ്ങൾക്കും സാമൂഹ്യസുരക്ഷാ സഹായങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതികളുടെ വിഹിതം കുറയ്‌ക്കുകയാണ്‌.


രാഷ്‌ട്രീയ കൃഷി വികാസ്‌ യോജന, വിള ഇൻഷുറൻസ്‌ പദ്ധതി‍, പട്ടികജാതി–വർഗ ക്ഷേമ പദ്ധതികൾ, വടക്കുകിഴക്കൻ മേഖലാ പദ്ധതികൾ എന്നിവയ്‌ക്കെല്ലാം ബജറ്റിൽ പരിഗണന കുറഞ്ഞു. പുതുക്കിയ കണക്കിൽ നഗരവികസന വിഹിതം 41 ശതമാനം വെട്ടിക്കുറച്ചു. ജൽ ജീവൻ മിഷന്‌ കഴിഞ്ഞ ബജറ്റിൽ 67,000 കോടി രൂപയാണ്‌ അനുവദിച്ചതെങ്കിൽ യഥാർഥത്തിൽ ചെലവിടുക 17,000 കോടി. കേന്ദ്രാവിഷ്‌കൃതപദ്ധതികൾ, ധന കമീഷൻ ശുപാർശകൾ എന്നീ ഇനങ്ങളിൽ സംസ്ഥാനങ്ങൾക്ക്‌ ലഭിക്കേണ്ട വിഹിതത്തിൽ 2025–26ലെ ബജറ്റ്‌ വകയിരുത്തലിനെ അപേക്ഷിച്ച്‌ പുതുക്കിയ കണക്കിൽ 59,456 കോടി രൂപയുടെ കുറവുണ്ടായി. ധന കമീഷൻ ശുപാർശകൾപ്രകാരം സംസ്ഥാനങ്ങൾക്ക്‌ നൽകാൻ 1.32 ലക്ഷം കോടി രൂപയാണ്‌ നീക്കിവച്ചതെങ്കിൽ പുതുക്കിയ കണക്കിൽ ഇത്‌ 1.29 കോടിമാത്രം. പണപ്പെരുപ്പംകൂടിയാകുന്പോൾ ഇതിന്റെ -യഥാർഥ ഫലം വീണ്ടും കുറയും.


കേന്ദ്രാവിഷ്‌കൃതപദ്ധതി നിർവഹണത്തിന്റെ സാന്പത്തികബാധ്യത സംസ്ഥാനങ്ങളുടെ ചുമലിലേക്ക്‌ കൂടുതലായി മാറ്റുന്ന പ്രവണത 2015ൽ ആരംഭിച്ചതാണ്‌. 2025–26 ബജറ്റിലും ഇപ്പോൾ അവതരിപ്പിച്ചതിലും ഇ‍ൗ വ്യതിയാനം തീവ്രമായ തോതിലായി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ പകരമായി കൊണ്ടുവന്ന വിബി–ജിആർഎഎം പദ്ധതിക്ക്‌ ധനമന്ത്രി നീക്കിവയ്‌ക്കുന്നത്‌ 96,000 കോടി രൂപയാണ്‌. പദ്ധതി മുന്നോട്ടുപോകണമെങ്കിൽ സംസ്ഥാനങ്ങൾ 56,000 കോടിയിൽപ്പരം രൂപ വിനിയോഗിക്കേണ്ടിവരും; 40 ശതമാനം തുക സംസ്ഥാനങ്ങൾ ചെലവിടണമെന്നാണ്‌ മോദിസർക്കാരിന്റെ ആജ്ഞ. കേന്ദ്രനടപടികളുടെ ഫലമായി സംസ്ഥാനങ്ങളുടെ വരുമാനം ഇടിയുകയാണ്‌. ധന കമീഷൻ ശുപാർശപ്രകാരം മൊത്തം നികുതിവരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങൾക്ക്‌ വീതിച്ചുനൽകേണ്ടതുണ്ട്‌, സംസ്ഥാനങ്ങൾക്ക്‌ കിട്ടുന്നത്‌ 34 ശതമാനംമാത്രം. കേന്ദ്രസർക്കാർ സെസുകളും സർചാർജുകളും കൂടുതലായി ഏർപ്പെടുത്തുന്നതാണ്‌ ഇ‍ൗ അവസ്ഥയ്‌ക്ക്‌ കാരണം. ഇ‍ൗയിനങ്ങളിലെ വരുമാനം സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ല. സാന്പത്തിക സർവേയിൽ അപകടകരമായ ഇ‍ൗ സ്ഥിതിവിശേഷം ചൂണ്ടിക്കാണിക്കുന്നുണ്ട്‌. റവന്യു മിച്ചമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 2018–19ൽ 19 ആയിരുന്നെങ്കിൽ 2024–25ൽ ഇത്‌ 11 ആയി കുറഞ്ഞു. സംസ്ഥാനങ്ങളുടെയാകെ റവന്യു കമ്മി ഇക്കാലയളവിൽ ജിഡിപിയുടെ 0.1 ശതമാനത്തിൽനിന്ന്‌ 0.7 ശതമാനമായി വർധിച്ചു.


അധികാരകേന്ദ്രീകരണത്തിനായി നിലകൊള്ളുന്ന മോദിസർക്കാർ രാജ്യത്തിന്റെ -ഫെഡറൽ ചട്ടക്കൂട്‌ തകർക്കാനും ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കാനും ശ്രമിച്ചുവരികയാണ്‌. ഇതിനായി രാഷ്‌ട്രീയനടപടികൾ സ്വീകരിക്കുന്നതിനു പുറമെയാണ്‌ സാന്പത്തിക–ധനകാര്യ മേഖലകളിൽ സംസ്ഥാനങ്ങൾക്കുനേരെ നടത്തുന്ന കടന്നാക്രമണം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള രാഷ്‌ട്രീയ പകപോക്കൽകൂടിയാകുന്പോൾ സ്ഥിതിഗതി തികച്ചും വഷളാകുന്നു. ഇതിനെതിരെ സംസ്ഥാനങ്ങളുടെ യോജിച്ച പ്രതിരോധം ഉയരേണ്ടതുണ്ട്‌. സങ്കുചിത രാഷ്‌ട്രീയതാൽപ്പര്യങ്ങൾ മാറ്റിവച്ച്‌ ഐക്യത്തോടെ നീങ്ങിയില്ലെങ്കിൽ മോദിസർക്കാരിന്റെ സ്വേച്ഛാധിപത്യവാഴ്‌ച ഇന്ത്യയെന്ന ആശയത്തെ തകർക്കും. കേരളത്തോടുള്ള കൊടിയ അവഗണനയിൽ പ്രതിഷേധിച്ച്‌ ചൊവ്വാഴ്‌ച കരിദിനമായി ആചരിക്കാൻ സിപിഐ എം ആഹ്വാനം ചെയ്‌തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home