print edition മോദിയുടെ മുസ്ലിം ധ്വംസനത്തിന് വി ഡി സതീശന്റെ മേലൊപ്പ്

സംഘപരിവാറിന്റെ പ്രീതി സന്പാദിക്കാനുള്ള ഒരവസരംപോലും നഷ്‌ടപ്പെടുത്താൻ മുഖ്യമന്ത്രി വി ഡി സതീശനും അദ്ദേഹം നേതൃത്വം നൽകുന്ന സർക്കാരും ആഗ്രഹിക്കുന്നില്ല എന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളിൽ വ്യക്തമാകുന്നത്. യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിച്ചതിലും പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലും ഉൾപ്പെടെ ഓരോ ഘട്ടത്തിലും ആർഎസ്‌എസ് നിയന്ത്രിക്കുന്ന കേന്ദ്രസർക്കാരിന്റെ വിനീതവിധേയരാകുന്നതിൽ ലജ്ജയേതുമില്ല സതീശനും മന്ത്രിസഭയിലെ സഹപ്രവർത്തകർക്കും.
ഇൗ പരന്പരയിലെ ഏറ്റവും പുതിയ സംഭവമാണ് വഖഫ് ബോർഡ് സംബന്ധിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട്. ഏകീകൃത വഖഫ് മാനേജ്മെന്റ്, ശാക്തീകരണം, കാര്യക്ഷമത, വികസനനിയമ പ്രകാരം വഖഫ് ബോർഡിൽ രണ്ട് അമുസ്ലിങ്ങളെ അംഗങ്ങളാക്കണമെന്ന ബിജെപി വൈസ് പ്രസിഡന്റ് ഷോൺ ജോർജിന്റെ ഹർജിയിലെ ആവശ്യത്തെ സർക്കാർ പിന്തുണച്ചതോടെ നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽനിന്ന് ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങുന്ന ബെഞ്ച് വിലക്കിയിരിക്കുകയാണ്. വഖഫ് നിയമഭേദഗതിയിലെ വകുപ്പ് 14-ന്റെ നിർദേശങ്ങൾ കർശനമായി പാലിച്ച് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാർ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ സമ്മതിക്കുകയും ചെയ്‌തു.
കേരളത്തിലെ ന്യൂനപക്ഷങ്ങളെയും ആർഎസ്‌എസിന്റെ ന്യൂനപക്ഷധ്വംസനങ്ങളെ ശക്തമായി ചെറുക്കുന്ന മതനിരപേക്ഷസമൂഹത്തെയും വഞ്ചിച്ച്, ഇങ്ങനെയൊരു നിലപാട് കോടതിയിൽ സ്വീകരിച്ച സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കാപട്യത്തെക്കുറിച്ച് യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിംലീഗിന് എന്താണ് പറയാനുള്ളത്? യുഡിഎഫിനെ ജയിപ്പിച്ചെടുക്കാൻ രാപകൽ പണിയെടുത്ത ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകൾക്ക് ഇൗ വിഷയത്തിൽ എന്തു നിലപാടാണുള്ളത്? സിപിഐ എം ബിജെപിയുമായി ഡീലുണ്ടാക്കിയെന്ന കള്ളക്കഥ പ്രചരിപ്പിച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേട്ടമുണ്ടാക്കിയത്. ലീഗ് നേതാക്കളും വി ഡി സതീശനുമായിരുന്നു ആ പ്രചാരണം നയിച്ചത്. സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാർടികൾക്ക് പങ്കാളിത്തമുള്ള ‘ഇന്ത്യാകൂട്ടായ്‌മ’യെ നയിക്കുന്ന രാഹുൽ ഗാന്ധിയും സതീശന്റെയും ലീഗുകാരുടെയും കള്ളപ്രചാരണം തെരഞ്ഞെടുപ്പുപ്രചാരണ യോഗങ്ങളിൽ ഏറ്റുചൊല്ലി.
2024ൽ വഖഫ് ഭേദഗതിക്കെതിരെ ശക്തമായ നിലപാടെടുത്ത പാർടിയാണ് സിപിഐ എം. മധുരയിൽ സിപിഐ എം പാർടി കോൺഗ്രസ് നടക്കുന്ന വേളയിൽ, പാർലമെന്റ് അംഗങ്ങളായ സിപിഐ എം നേതാക്കൾ ഡൽഹിയിൽ പോയി ബില്ലിനെതിരെ പാർലമെന്റിന്റെ ഇരുസഭകളിലും പ്രസംഗിക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്‌തു. അന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കളും ബില്ലിനെതിരെ നിലപാടെടുത്തു. വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്താനുള്ള തീരുമാനത്തെ ശക്തമായി എതിർത്ത വേണുഗോപാൽ ചോദിച്ചത്, അയോധ്യയിലെ രാമക്ഷേത്ര ഭരണസമിതിയിലോ ഗുരുവായൂർ ദേവസ്വം ബോർഡിലോ അഹിന്ദുക്കളെ ഉൾപ്പെടുത്താൻ കഴിയുമോ എന്നാണ്. കോൺഗ്രസിന്റെ ഇൗ നിലപാടിൽ കേരളത്തിലെ യുഡിഎഫ് സർക്കാർ വെള്ളംചേർത്തത് ആർഎസ്‌എസിന്റെ പ്രീതി നേടാൻവേണ്ടി മാത്രമാണ്. അതിനുശേഷം ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ വഖഫ് ഭേദഗതി ബില്ലിനെതിരെ സംസ്ഥാന നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. വഖഫ് വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ അധികാരത്തെയും സ്വയംഭരണത്തെയും കേന്ദ്രസർക്കാർ ദുർബലപ്പെടുത്തുമെന്ന് നിയമസഭ അഭിപ്രായപ്പെട്ടു. വഖഫ് ബോർഡുകളുടെയും വഖഫ് ട്രിബ്യൂണലുകളുടെയും അധികാരങ്ങൾ കുറയ്‌ക്കുന്ന വ്യവസ്ഥകൾ ബില്ലിലുണ്ടെന്നും ഇതുവഴി വഖഫ് സ്വത്തുക്കളുടെ പരിപാലനവും സംരക്ഷണവും പ്രതികൂലമായി ബാധിക്കുമെന്നും പ്രമേയം വിലയിരുത്തി.
ദൈവപ്രീതി ലക്ഷ്യംവച്ച് ഇസ്ലാം മതവിശ്വാസികൾ ദാനം ചെയ്യുന്നതാണ് വഖഫ് സ്വത്ത്. പള്ളികൾ, ഖബർസ്ഥാനുകൾ, മദ്രസകൾ, ആരാധനാലയങ്ങൾ തുടങ്ങിയവയെല്ലാം അതിലുൾപ്പെടും. അത് സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള സർക്കാർസംവിധാനമാണ് വഖഫ് ബോർഡ്. ഇങ്ങനെയൊരു സ്ഥാപനത്തിന്റെ കാര്യനിർവഹണത്തിൽ കേന്ദ്രസർക്കാരിന് ഇടപെടാൻ അവസരം നൽകുന്ന വ്യവസ്ഥകൾ ഉൾപ്പെടുന്നതാണ് കേന്ദ്രസർക്കാരിന്റെ ഭേദഗതി ബിൽ. രാജ്യത്തെ 20 കോടി മുസ്ലിങ്ങളുടെ ആത്മാഭിമാനത്തെയാണ് വഖഫ് നിയമഭേദഗതിയിലൂടെ മോദിസർക്കാർ കടന്നാക്രമിച്ചത്. ആ കടന്നുകയറ്റത്തിന് മേലൊപ്പ് ചാർത്തിയിരിക്കുകയാണ് വി ഡി സതീശൻ സർക്കാർ.










0 comments