ad
Deshabhimani

print edition മുഖംമൂടി അഴിക്കുന്ന 
ഭരണനേതൃത്വം

editorial.
വെബ് ഡെസ്ക്

Published on Aug 06, 2026, 01:31 AM | 2 min read

തൻപ്രമാണിത്തവും ജനങ്ങളോടുള്ള അവഹേളനവും പരിഹാസവും ചെറിയ കാലത്തിനുള്ളിൽ യുഡിഎഫ്‌ സർക്കാരിന്റെ മുഖമുദ്രയായി മാറുകയാണ്. ഏതുവിഷയത്തിലും ഇതേസമീപനമാണ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ കൈക്കൊള്ളുന്നത്. തങ്ങൾ യജമാനന്മാരും ജനങ്ങൾ ദാസന്മാരുമെന്ന നിലപാടാണ് മന്ത്രിസഭയിലെ അംഗങ്ങൾക്ക്‌. ഈ സമീപനത്തിൽ ഒടുവിലത്തേതാണ് സംസ്ഥാനത്തെ സ്ത്രീകളെ മുഴുവൻ അടച്ചാക്ഷേപിക്കുന്ന ഗതാഗതമന്ത്രി സി പി ജോണിന്റെ പ്രസ്താവന. സ്ത്രീകളുടെ ആത്മാഭിമാനത്തെ അത്‌ ചോദ്യംചെയ്യുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്നാലും പറഞ്ഞതിൽ കഴമ്പുണ്ടെന്ന മന്ത്രിയുടെ നിലപാട് സമൂഹത്തെയാകെ വെല്ലുവിളിക്കുന്നതാണ്‌.


കെഎസ്‌ആർടിസിയിൽ സ‍ൗജന്യയാത്ര സ്‌ത്രീകൾ അങ്ങോട്ട്‌ ആവശ്യപ്പെട്ടതല്ല; തെരഞ്ഞെടുപ്പുകാലത്ത്‌ യുഡിഎഫ് വാഗ്‌ദാനം നൽകിയതാണ്‌. പലരും ഇതിൽ വിശ്വസിക്കുകയും ചെയ്തു. അധികാരത്തിലേറിയശേഷം പറഞ്ഞതെല്ലാം യുഡിഎഫ് വിഴുങ്ങുകയാണ്‌. സൗജന്യയാത്രാ പദ്ധതി ഓർഡിനറി ബസുകളിൽമാത്രം ഒതുക്കി. പ്രിയദർശിനി സൗജന്യയാത്രാ പദ്ധതിയുടെ ഉദ്ഘാടനത്തിൽ ഇത്‌ സ്ത്രീകളുടെ അവകാശമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒന്നരമാസം കഴിയുന്നതിനുമുമ്പ്, സൗജന്യയാത്രാ പദ്ധതിയിൽപ്പെട്ട കെഎസ്ആർടിസി ബസുകളിൽ കയറുന്ന സ്ത്രീകളെ ഗതാഗതമന്ത്രി ആക്ഷേപിക്കുന്നു.


പരമദാരിദ്ര്യം അഭിനയിക്കുകയാണ് കേരളത്തിലെ സ്ത്രീകളെന്നും സൗജന്യമായി ബസുകളിൽ വലിഞ്ഞുകയറുന്ന ഇവർ, ഫീസ് കൊടുത്താണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നും ഇതേ സ്ത്രീകൾ അച്ഛനെയും ഭർത്താവിനെയുംകൊണ്ട് ആശുപത്രിവരാന്തകളിൽ പോയി കിടക്കുന്നുവെന്നുമാണ് മന്ത്രിയുടെ അധിക്ഷേപം.


വോട്ട് നേടാനും എങ്ങനെയും അധികാരത്തിലേറാനും യുഡിഎഫ് നൽകിയ വാഗ്ദാനമാണിത്. സൗജന്യയാത്രാ പദ്ധതിയുടെ തുടക്കത്തിൽ അനുവദിച്ച അത്രയും ബസുകൾ നിലവിൽ ഓടുന്നില്ല. ദിവസം കഴിയുംതോറും ബസുകളുടെ എണ്ണം കുറയുന്നു. കാലപ്പഴക്കത്താൽ മാറ്റേണ്ട ബസുകളാണ് പലയിടത്തും സൗജന്യപദ്ധതിക്ക് കെഎസ്ആർടിസി അനുവദിച്ചത്. ഇത് അപകടങ്ങളും വരുത്തുന്നു. യാത്രാസുരക്ഷ ഉറപ്പാക്കാനും സർക്കാർ തയ്യാറാകുന്നില്ല. അതിനിടെയാണ് ആക്ഷേപം. സദ്യക്ക്‌ വിളിച്ചുവരുത്തി മുഖത്ത് ആട്ടുന്നതിനുതുല്യമായി മന്ത്രിയുടെ നടപടി.


വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന, പല മേഖലയിലും മുട്ടറ്റം വെള്ളത്തിൽ കഴിയുന്ന ജനങ്ങളുടെ നേർക്കാണ് ആരോഗ്യമന്ത്രിയുടെ ആക്ഷേപം. എലിപ്പനി പ്രതിരോധത്തിന് ആവശ്യമായ മരുന്ന് എത്തിച്ചില്ലെങ്കിലും രോഗം വരില്ലെന്നാണ്‌ മന്ത്രി കെ മുരളീധരന്റെ കണ്ടെത്തൽ. കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയെ അഞ്ചുദിവസമായിട്ടും കണ്ടെത്താൻ സാധിക്കാത്തതുസംബന്ധിച്ച്‌ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, കടലിൽ കാണാതായാൽ കണ്ടെത്താൻ ദിവസങ്ങൾ എടുക്കുമെന്ന മനുഷ്യത്വരഹിതമായ മറുപടിയും ഇതേമന്ത്രിയിൽനിന്ന്‌ ഉണ്ടായി. സർക്കാർസംവിധാനം പരാജയപ്പെടുന്നതിനെ മൂടിവയ്ക്കാനാണ് ഇത്തരം ഹീനമായ പരാമർശങ്ങൾ നടത്തുന്നത്.


ഇതിനെയെല്ലാം കടത്തിവെട്ടുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. സുതാര്യഭരണം ഉറപ്പുവരുത്താൻ നേതൃത്വം നൽകേണ്ട അദ്ദേഹം, അതിൽനിന്ന് തികച്ചും ഭിന്നമായ സമീപനം സ്വീകരിക്കുന്നു. അധികാരമേൽക്കുംമുമ്പ് നടത്തിയ നിഗൂഢ വിമാനയാത്രമുതൽ തുടങ്ങുന്നു ദുരൂഹതകൾ. മുഖ്യമന്ത്രിയുടെ ഓരോ പരാമർശവും സത്യവിരുദ്ധ അംശങ്ങൾ ഉൾപ്പെട്ടതാണ്‌. ഒടുവിലത്തേതാണ് കൊച്ചിയിലേക്ക് നടത്തിയ ഹെലികോപ്റ്റർ യാത്ര. ആശുപത്രിയിൽ കഴിയുന്ന ഭാര്യാപിതാവിനെ കാണാനായിരുന്നു ഹെലികോപ്‌റ്റർ യാത്രയെന്ന് തെളിഞ്ഞപ്പോൾ അതിനെ മറയ്ക്കാൻ ദിവസവും വീണിടത്തുകിടന്ന് ഉരുളുകയാണ് മുഖ്യമന്ത്രി.


സംസ്ഥാനത്തിന് ഗുണകരമാകുന്ന നിക്ഷേപകസംഘത്തെ കാണാനായിരുന്നു കൊച്ചി യാത്രയെന്നായിരുന്നു ആദ്യവെളിപ്പെടുത്തൽ. എന്നാൽ, ഒ‍ൗദ്യോഗികരേഖകളിലൊന്നും ഇത്തരം യാത്രാപരിപാടിയില്ലെന്നത്‌ പുറത്തായപ്പോൾ അതിൽനിന്ന്‌ തെന്നിമാറാൻ ശ്രമിച്ചു. വെള്ളപ്പൊക്കം നേരിടുന്നതിനുള്ള ക്രമീകരണം നടത്തുന്നതിലെ വീഴ്ച മറയ്ക്കാൻ, മുൻസർക്കാർ വേണ്ടനടപടി കൈക്കൊണ്ടില്ലെന്നായി. ദുരിതാശ്വാസകേന്ദ്രങ്ങളിൽ ജനങ്ങൾ ഭക്ഷണം കിട്ടാതെയും മറ്റ് സൗകര്യമില്ലാതെയും നരകിക്കുമ്പോൾ വിരുന്നുസൽക്കാരത്തിലും കടകളുടെയുടെ ഉദ്‌ഘാടനത്തിലും മുഴുകിയ മുഖ്യമന്ത്രിയുടെ നടപടിക്കെതിരെയും വ്യാപകവിമർശമാണ് ഉയരുന്നത്.

അധികാരത്തിലുള്ളവർ കാണിക്കേണ്ട സാമാന്യമര്യാദയും ഒ‍ൗചിത്യവുമാണ്‌ ഭരണനേതൃത്വത്തിന്‌ നഷ്ടമായിരിക്കുന്നത്‌. ഇതിനെതിരെ ഉയരുന്ന വിമർശത്തെ പരിഹസിക്കാനുള്ള ധാർഷ്ട്യവും ഇവർ പ്രകടിപ്പിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home