print edition ആരോഗ്യമേഖല വിൽക്കുന്ന യുഡിഎഫ് ഭരണം

ആഗോളതലത്തിൽ അംഗീകാരവും പ്രശസ്തിയും പിടിച്ചുപറ്റിയതാണ് കേരളത്തിന്റെ ആരോഗ്യമേഖല. പ്രത്യേകിച്ച് 2006 മുതൽ 2011 വരെയും 2016 മുതൽ 2026 വരെയും ഭരണം നയിച്ച എൽഡിഎഫ് സർക്കാരുകൾ സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയെ ജനക്ഷേമപരമായ പാതയിൽ ഉയരങ്ങളിലെത്തിച്ചു. പ്രകൃതിദുരന്തങ്ങളും മഹാമാരികളും മറികടന്ന് കേരളജനതയുടെ ആരോഗ്യപരിപാലനം ഉന്നതനിലവാരത്തിലേക്ക് കൊണ്ടുവന്നു. സങ്കുചിത രാഷ്ട്രീയ ആക്രമണങ്ങളും കുത്തിത്തിരിപ്പുകളും ഇൗ കുതിച്ചുചാട്ടത്തിന് വിലങ്ങുതടിയായില്ല. എന്നാൽ, ഭരണമാറ്റത്തെ തുടർന്ന് സംസ്ഥാന ആരോഗ്യമേഖലയിൽ നടക്കുന്ന കാര്യങ്ങൾ തീരെ അഭിലഷണീയമല്ല; തികച്ചും അവിശ്വസനീയമായ വിധത്തിൽ ചുരുങ്ങിയ സമയത്തിനകം അനാരോഗ്യകരമായ പ്രവണതകൾ കടന്നുവന്നിരിക്കുകയാണ്.
ജീവിതശൈലീരോഗം നിയന്ത്രിക്കാനെന്ന പേരിൽ യുഡിഎഫ് സർക്കാർ നിയോഗിച്ച കർമസമിതിയുടെ ലക്ഷ്യവും അംഗങ്ങളുടെ പശ്ചാത്തലവും ഗുരുതര ആരോപണങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ‘രോഗപ്രതിരോധം, നേരത്തേയുള്ള രോഗനിർണയം, ആരോഗ്യകരമായ വാർധക്യം, പുനരധിവാസം’ എന്നിവ ലക്ഷ്യമിട്ടാണ് പ്രത്യേക സമിതി രൂപീകരിച്ചതെന്ന് സർക്കാർ അവകാശപ്പെടുന്നു. എന്നാൽ, ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാനെന്ന പേരിൽ വാണിജ്യതാൽപ്പര്യങ്ങൾക്ക് വഴിതുറക്കുകയാണ് സർക്കാരെന്ന് സമിതി രൂപീകരണ ഉത്തരവിലെ നിർദേശങ്ങളിൽനിന്ന് വ്യക്തമാണ്. സ്വകാര്യനിക്ഷേപം ഇതിൽ പ്രധാന അജൻഡയാണ്. സ്വകാര്യ ആശുപത്രികൾ, ഡയഗ്നോസ്റ്റിക് സ്ഥാപനങ്ങൾ, ആയുർവേദ വെൽനെസ് വ്യവസായം തുടങ്ങി വിവിധ മേഖലകളിലുള്ളവർ സമിതിയിലുണ്ട്. മുഖ്യമന്ത്രി നേതൃത്വം നൽകുന്ന കർമസമിതിയിൽ പൊതുജനാരോഗ്യരംഗത്തെ വിദഗ്ധർക്കുപകരം സ്വകാര്യ വ്യാവസായികതാൽപ്പര്യമുള്ളവരെയാണ് നിയോഗിച്ചിരിക്കുന്നത്. അഴിമതിക്കേസിൽപ്പെട്ട മുൻ യുപി ചീഫ് സെക്രട്ടറി ദീപക് സിംഗാളും പതിനാറംഗ സമിതിയിലുണ്ട്. പൊതുജനങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ കേരളത്തിന് യുപിയിൽനിന്ന് എന്താണ് പഠിക്കാനുള്ളത്? കോവിഡ് കാലത്തെ അനുഭവങ്ങൾമാത്രം നോക്കിയാൽ മതിയാകും.
ആവർത്തിക്കുന്ന പിഴവുകളും ആരോഗ്യമന്ത്രിയുടെ നിലപാടുകളും സാധാരണക്കാർക്കുമുന്നിൽ സർക്കാർ ആശുപത്രികളുടെ വാതിൽ കൊട്ടിയടയ്ക്കുന്നതിനിടയിലാണ് സ്വകാര്യനിക്ഷേപത്തിനുള്ള വാതിൽതുറക്കൽ. പല കാര്യങ്ങളിലും ആരോഗ്യമന്ത്രിയുടെ പ്രതികരണങ്ങൾ യാദൃച്ഛികമല്ല; ആരോഗ്യ മേഖലയിലെ സർക്കാർ സംവിധാനങ്ങളുടെ വിശ്വാസ്യത ഇടിച്ചുതാഴ്ത്തുന്ന വിധത്തിലാണ് മന്ത്രിയുടെ നിലപാടുകൾ. സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികളുടെ മരുന്ന് മുന്നറിയിപ്പില്ലാതെ മാറ്റിയത് വിവാദമായതോടെ തീരുമാനത്തിന്റെ ഉത്തരവാദിത്വം എൽഡിഎഫ് സർക്കാരിന്റെ തലയിലിടാനും ശ്രമിച്ചു. എന്നാൽ, സൗജന്യമായി നൽകിയ മരുന്ന് ഒഴിവാക്കി നാറ്റ്കോ കമ്പനിയുടെ ക്ലിനിക്കൽ ട്രയൽ പൂർത്തിയാകാത്ത മരുന്ന് വാങ്ങാൻ തീരുമാനിച്ചത് യുഡിഎഫ് സർക്കാരാണെന്ന് തെളിഞ്ഞു.
കള്ളങ്ങൾ ആവർത്തിച്ചും പൊതുജനാരോഗ്യരംഗം തകർത്തും വൻതോതിലുള്ള സ്വകാര്യ മൂലധന നിക്ഷേപത്തിനാണ് വഴിയൊരുക്കുന്നത്. വ്യക്തിഗത ആരോഗ്യപരിശോധനകൾ, ആന്റി ഏജിങ് ചികിത്സകൾ, ആരോഗ്യ ടൂറിസം തുടങ്ങി ആരോഗ്യവിപണി ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾ പൊതുജനാരോഗ്യമേഖലയിലേക്ക് കൊണ്ടുവരാനാണ് ശ്രമം. സാമ്പത്തികതാൽപ്പര്യങ്ങൾ ലക്ഷ്യമിട്ടുള്ള നീക്കം സംസ്ഥാനത്തിന്റെ സുചിന്തിത ആരോഗ്യനയത്തോടുള്ള വെല്ലുവിളിയാണ്. വ്യക്തികളിലുപരി രോഗപ്രതിരോധത്തിലൂന്നിയ സമൂഹത്തിന്റെ പൊതുവായ ആരോഗ്യസുരക്ഷ ഒരുക്കുന്ന ‘വൺ ഹെൽത്ത്’ നയമാണ് എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ചത്. ആരോഗ്യസംരക്ഷണത്തിന് പൗരന് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്. ‘ഹൃദ്യം’ പോലുള്ള പദ്ധതികളിലൂടെ സൗജന്യചികിത്സ ഉൾപ്പെടെ ഉറപ്പാക്കി. എന്നാൽ, നിലവിലുള്ള ആരോഗ്യസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുപകരം വ്യക്തികേന്ദ്രീകൃതമായ സ്വകാര്യ രോഗനിർണയ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതാണ് യുഡിഎഫ് നയം. ആരോഗ്യം സാമൂഹിക അവകാശമായി കണ്ട് മുൻ എൽഡിഎഫ് സർക്കാർ ഒരുക്കിയ പൊതുനിക്ഷേപത്തിലൂന്നിയ ആരോഗ്യ അടിത്തറതന്നെ തകർക്കുകയാണ്. പൊതുജനാരോഗ്യരംഗത്തെ സംശയനിഴലിൽ നിർത്തി സ്വകാര്യമേഖലയ്ക്ക് വാതിൽ തുറക്കാനുള്ള നീക്കം യുഡിഎഫ് അധികാരത്തിൽ എത്തിയപ്പോൾമുതൽ തുടങ്ങിയിരുന്നു. ഇതിന്റെ അവസാനകണ്ണിയാണ് കർമസമിതി രൂപീകരണം.
എൽഡിഎഫ് ഭരണകാലത്ത് വിവാദങ്ങൾ അനാവശ്യമായും ആസൂത്രിതമായും കുത്തിപ്പൊക്കുകയായിരുന്നു. ഇപ്പോൾ ഉണ്ടാകുന്ന പരാതികളും പ്രശ്നങ്ങളും പൊതുജനാരോഗ്യമേഖലയെ സർക്കാർ കൈയൊഴിയുന്നതിന്റെ ഭാഗമാണ്. രണ്ടു കാലത്തും ആരോഗ്യമന്ത്രിമാർ വിമർശം നേരിടുന്നത് തമ്മിൽ തുലനം ചെയ്യുന്നത് അസംബന്ധമാണ്. സത്യാനന്തരകാല രാഷ്ട്രീയപ്രവർത്തനത്തിന്റെ കാർബൺ പതിപ്പാണ് ആരോഗ്യമേഖലയിൽ യുഡിഎഫ് സർക്കാർ പയറ്റുന്നത്. രാജ്യത്തിനാകെ മാതൃകയായ കേരളത്തിലെ പൊതുജനാരോഗ്യമേഖലയെ വിഴുങ്ങാൻ ശ്രമിക്കുന്ന കോർപറേറ്റ് ഭീമന്മാർക്ക് അധിനിവേശം സുഗമമാക്കിക്കൊടുക്കാനാണ് സർക്കാർ ശ്രമം. ഇതിനെതിരെ ജനകീയപ്രതിരോധം ഉയരേണ്ടതുണ്ട്.








0 comments