Deshabhimani

വാഹനക്കൊലകളിൽ സർക്കാരും പ്രതിക്കൂട്ടിൽ

deshabhimani editorial
വെബ് ഡെസ്ക്

Published on Oct 28, 2026, 12:00 AM | 2 min read

നെടുന്പാശേരിയിൽ നിരത്തിൽ മൂന്ന്‌ വിദ്യാർഥികൾ വാഹനക്കുരുതിയിൽ പൊലിഞ്ഞിട്ട്‌ രണ്ടാഴ്‌ചമാത്രമേ ആയുള്ളൂ. വീണ്ടും കൊച്ചി നഗരത്തിൽത്തന്നെ കണ്ടെയ്‌നർ റോഡിൽ മറ്റൊരു ജീവൻകൂടി വാഹനക്കൊലയ്‌ക്ക്‌ ഇരയായി. ആഡംബര കാറുകളുമായി ചീറിപ്പാഞ്ഞ ക‍ൗമാരക്കാരുടെ അഭ്യാസമാണ്‌ രണ്ടിടത്തും ചോരക്കളിയായി മാറിയത്‌. നിയമം കാറ്റിൽപ്പറത്തി വാതുവച്ചും റീൽസ്‌ ചിത്രീകരിച്ചും അമിതവേഗത്തിൽ നിരത്തിലൂടെ കാറുമായി പറക്കാൻ ഇവർക്ക്‌ ധൈര്യം പകരുന്നത്‌ ആരാണ്‌? ഇരുചക്രവാഹനങ്ങളിൽ ചീറിപ്പായുന്നവരിൽ ഗണ്യമായ പങ്ക്‌ ഇന്ന്‌ ഹെൽമെറ്റ്‌ ധരിക്കുന്നില്ല. പൊലീസും മോട്ടോർ വാഹനവകുപ്പും ഇതൊന്നും കണ്ടില്ലെന്ന്‌ നടിക്കുന്നു. ഇരുചക്രവാഹന അപകടങ്ങൾ നാട്ടിൽ പെരുകുകയാണ്‌.


ചേരാനല്ലൂരിൽ കണ്ടെയ്‌നർ റോഡിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ്‌ കാർ ഇടിച്ചാണ്‌, തട്ടുകട നടത്തി ജീവിച്ചിരുന്ന ജയബാലകൃഷ്‌ണൻ മരിച്ചത്‌. നെടുന്പാശേരി അപകടത്തിലേതുപോലെ, ഇ‍ൗ ദുരന്തത്തിലും പ്രതിക്കും കുടുംബത്തിനുമൊപ്പമാണ്‌ പൊലീസും സർക്കാരും. ലൈസൻസ്‌ എടുക്കാൻപോലും പ്രായമാകാത്ത മകൻ പാതിരാത്രി നിരത്തിൽ റീൽസ്‌ ചിത്രീകരിക്കാൻ കാറുമായി ഇറങ്ങി ദുരന്തം വിതച്ചപ്പോൾ അഡീഷണൽ ജില്ലാ ജഡ്‌ജിയായ പിതാവിന്റെ സ്വാധീനത്തിനാണ്‌ പൊലീസ്‌ വഴങ്ങിയത്‌. തട്ടുകടക്കാരനായ പിതാവിന്റെ ചിത കത്തിത്തീരുംമുന്പേ നീതി തേടി മക്കൾ പൊലീസ്‌ സ്റ്റേഷനുമുന്നിൽ കുത്തിയിരുന്നശേഷമാണ്‌ പൊലീസ്‌ എന്തെങ്കിലുമൊക്കെ ചെയ്‌തത്‌. പ്രതിയായ പതിനേഴുകാരന്റെ പേര്‌ ഒഴിവാക്കിയും നരഹത്യാകുറ്റം ഒഴിവാക്കിയുമാണ്‌ എഫ്‌ഐആർ. സ്റ്റേഷനിൽ വച്ചുതന്നെ പ്രതിക്ക്‌ ജാമ്യവും കിട്ടി. രാവിലെമുതൽ വൈകിട്ടുവരെ വാഹന ഉടമയായ ജഡ്‌ജി സ്റ്റേഷനിലുണ്ടായിട്ടും പൊലീസ്‌ ഇയാളെ പ്രതിചേർത്തില്ല. ഒടുവിൽ മക്കളുടെയും ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകളുടെയും സമരത്തിനുശേഷമാണ്‌ ഒന്നാംപ്രതിയെ വീണ്ടും അറസ്റ്റ്‌ ചെയ്‌ത്‌ ജുവനൈൽ ജസ്റ്റിസ്‌ ബോർഡിൽ ഹാജരാക്കിയത്‌. എഫ്‌ഐആറിൽ നേരത്തേ സംഭവിച്ച ഗുരുതര വീഴ്‌ചകൾമൂലം അവിടെയും പതിനേഴുകാരന്‌ ജാമ്യം ലഭിച്ചു. പിറ്റേദിവസം നിയമസഭയിൽ പ്രതിപക്ഷനേതാവ്‌ പിണറായി വിജയൻ വിഷയം ഉന്നയിച്ചശേഷമാണ്‌ ജഡ്‌ജിയെ പ്രതിചേർക്കാൻ പൊലീസ്‌ തയ്യാറായതും ഇതേത്തുടർന്ന്‌ ജഡ്‌ജിക്കെതിരെ ജുഡീഷ്യറിയുടെ നടപടികൾക്ക്‌ തുടക്കമായതും.


നെടുന്പാശേരിയിൽ മദ്യലഹരിയിൽ അമിതവേഗത്തിൽ മിനി കൂപ്പർ കാറോടിച്ച്‌ വിദ്യാർഥികളായ ദേവികയുടെയും ഗോപികയുടെയും ഇയാസിന്റെയും ജീവൻ നഷ്‌ടമാക്കിയ സംഭവത്തിലും പത്തൊന്പതുകാരനായ പ്രതി സുഹൈൽ സജീവിനെ രക്ഷിക്കുന്ന സമീപനമായിരുന്നു പൊലീസിന്‌. നാട്ടുകാർ കൈയോടെ പിടികൂടി പ്രതിയെ ഏൽപ്പിച്ചിട്ടും എഫ്‌ഐആറിൽ ആരാണ്‌ വാഹനമോടിച്ചത്‌ എന്നുപോലും അറിയില്ലെന്ന്‌ എഴുതിച്ചേർത്ത പൊലീസ്‌, ഇവിടെ കോൺഗ്രസ്‌ നേതാവിന്റെ സമ്മർദത്തിനുമുന്നിലാണ്‌ മുട്ടുമടക്കിയത്‌. പ്രതി ജയിലിൽ കിടക്കാതിരിക്കാൻ നിയമത്തിന്റെ പഴുതുപയോഗിച്ച്‌ ബോസ്റ്റൽ സ്‌കൂളിലാക്കാനും അവിടെ പ്രതിയുടെ മുടിവെട്ടി രൂപമാറ്റം വരുത്താനും പൊലീസ്‌ ജാഗ്രത കാട്ടി.


തീവ്രതയേറിയ ലൈറ്റുകൾ ഘടിപ്പിക്കുന്നതടക്കമുള്ള രൂപമാറ്റങ്ങൾ നിരത്തുകളെ കൊലക്കളമാക്കുമെന്ന്‌ അറിയാമായിരുന്നിട്ടും വാഹന രൂപമാറ്റത്തിന്‌ അനുമതി നൽകുമെന്ന്‌, വോട്ടുതട്ടാൻ യുവതലമുറയ്‌ക്ക്‌ ഉറപ്പുകൊടുത്തവരാണ്‌ നാട്‌ ഭരിക്കുന്നത്‌. വാഹനങ്ങളുടെ അമിതവേഗം നിരീക്ഷിച്ച്‌ നടപടിയെടുക്കാൻ മുൻ എൽഡിഎഫ്‌ സർക്കാർ എഐ കാമറ വച്ചപ്പോൾ അതിനെ എതിർത്ത്‌ കോടതിയിൽ പോയവരാണ്‌ ഇപ്പോഴത്തെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും. ഇരുവരുടെയും പൊതുതാൽപ്പര്യഹർജി കോടതി തള്ളിയെങ്കിലും അധികാരത്തിലെത്തിയശേഷവും എഐ കാമറ വിരോധം തുടരുകയാണ്‌. വാർഷിക പരിപാലന കരാർപ്രകാരം നൽകേണ്ട തുകയിൽ കുടിശ്ശികയും വരുത്തിയതോടെ പലയിടത്തും എഐ കാമറകൾ പ്രവർത്തനരഹിതമായി. പിൻവാതിൽ നിയമനത്തിനുവേണ്ടി മോട്ടോർ വാഹനവകുപ്പിലെ ഒഴിവുകൾ പിഎസ്‌സി വഴി നികത്താത്തതുകൊണ്ട്‌ നിരത്തുകളിലെ നിയമലംഘനം നിരീക്ഷിച്ച്‌ നടപടിയെടുക്കാനുള്ള ഉദ്യോഗസ്ഥരും കുറഞ്ഞു.


പ്രായപൂർത്തിയാകാത്തവർക്കും ലൈസൻസ്‌ ഇല്ലാത്തവർക്കും വാഹനം കൊടുത്തുവിടുന്നവരും നിയമലംഘനങ്ങൾക്ക്‌ ക‍ൂട്ടുനിൽക്കുന്ന പൊലീസും ഇ‍ൗ വാഹനക്കുരുതികളിൽ പ്രതിസ്ഥാനത്താണ്‌. എന്നാൽ ഇവർമാത്രമല്ല, തെരഞ്ഞെടുപ്പിലെ രാഷ്‌ട്രീയലാഭംമാത്രം ലക്ഷ്യമാക്കി എഐ കാമറയ്‌ക്ക്‌ തടയിടാനും വാഹനങ്ങൾക്ക്‌ എന്തു രൂപമാറ്റവും അനുവദിക്കുമെന്ന പ്രലോഭനം നൽകാനും തയ്യാറായ ഇപ്പോഴത്തെ സർക്കാരിന്‌ നേതൃത്വം നൽകുന്നവരും പ്രതിക്കൂട്ടിൽത്തന്നെയാണ്‌. പൊതുജനസുരക്ഷയും നിയമപരിപാലനവും ലക്ഷ്യമിട്ട്‌ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ പദ്ധതികളെ സങ്കുചിത രാഷ്‌ട്രീയവിരോധത്തിന്റെ പേരിൽ ആക്ഷേപിക്കുകയും അരാജകത്വത്തെ പ്രോത്സാഹിപ്പിക്കാൻ തൂലികയും കാമറയും ഉപയോഗിക്കുകയും ചെയ്‌ത മാധ്യമങ്ങളും ഇ‍ന്നത്തെ അവസ്ഥയ്‌ക്ക്‌ ഉത്തരവാദികളാണ്‌. പൊലീസിന്‌ ഗുരുതരവീഴ്‌ച പറ്റിയെന്ന്‌ ആഭ്യന്തരമന്ത്രി നിയമസഭയിൽ കുറ്റസമ്മതം നടത്തിയതുകൊണ്ടുമാത്രമായില്ല, തെറ്റുതിരുത്താൻ ഭരണനേതൃത്വവും തയ്യാറായാലേ നിരത്തുകൾ ചോരക്കളമാകുന്ന വാഹന മരണപ്പാച്ചിലുകൾക്ക്‌ അറുതിവരുത്താനാകൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home