ad
Deshabhimani

print edition പിഎം ശ്രീയിൽ യുഡിഎഫിന്‌ സംഘപരിവാർപ്പേടി

editorial today
വെബ് ഡെസ്ക്

Published on Aug 01, 2026, 12:32 AM | 2 min read

ആർഎസ്‌എസ്‌ അജൻഡയ്‌ക്ക്‌ കീഴ്‌പെട്ട്‌ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിലൂടെ യുഡിഎഫ്‌ കേരളജനതയെ വഞ്ചിക്കുകയാണ്‌. ജനങ്ങളുടെ വോട്ട്‌ നേടാനായി ഒന്ന്‌ പറയുക, അധികാരത്തിലെത്തിയപ്പോൾ അതിന്‌ വിരുദ്ധമായ കാര്യം ചെയ്യുക എന്ന നാണംകെട്ട പണിയാണ്‌ കോൺഗ്രസും മുസ്ലിംലീഗും ചെയ്യുന്നത്‌. അധികാരത്തിലെത്താനുള്ള കുറുക്കുവഴിമാത്രമായിരുന്നു യുഡിഎഫിന്‌ പിഎം ശ്രീ. കേരളം ഭരിക്കുന്നത്‌ ബിജെപിയാണോ എന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വാക്കുകൾ ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്‌.


പ്രതിപക്ഷത്തായിരുന്നപ്പോൾ ഒരു നിലപാടും അധികാരത്തിലെത്തിയപ്പോൾ മറ്റൊന്നും സ്വീകരിക്കുന്ന വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ്‌ യുഡിഎഫിന്റെ നിലപാട്‌. പിഎം ശ്രീ പദ്ധതി സിപിഐ എം–ബിജെപി ഡീലാണെന്നു പറഞ്ഞ വി ഡി സതീശനും ലീഗ്‌ നേതാക്കളും, ഇപ്പോൾ നടക്കുന്നത് ആരൊക്കെ തമ്മിലുള്ള ഡീലാണെന്ന് വ്യക്തമാക്കണം. ആർഎസ്‌എസ്‌ പദ്ധതിയാണെന്നും അറബിക്കടലിൽ വലിച്ചെറിയുമെന്നും പറഞ്ഞവർ മന്ത്രിമാരായപ്പോൾ സ്വയംസേവകരെപ്പോലെ പദ്ധതിയുടെ നടത്തിപ്പുകാരായി മാറിയിരിക്കുന്നു.


എൽഡിഎഫ്‌ സർക്കാർ ധാരണപത്രത്തിൽ ഒപ്പിട്ടതിനാൽ പദ്ധതിയിൽനിന്ന്‌ പിന്മാറാനാകില്ലെന്ന വാദമാണ്‌ അധികാരത്തിലെത്തിയ നാൾമുതൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉയർത്തുന്നത്‌. എൽഡിഎഫ്‌ സർക്കാർ പിഎം ശ്രീ നടപ്പാക്കിയെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെയും ലീഗ്‌ മന്ത്രിമാരുടെയും നുണപ്രചാരണം പൊളിച്ചടുക്കിയിരിക്കുകയാണ്‌ പാർലമെന്റിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത്‌ ച‍ൗധരി നൽകിയ മറുപടി. രാജ്യസഭാംഗങ്ങളായ പി വി അബ്ദുൾ വഹാബിന്റെ (മുസ്ലിംലീഗ്‌)യും ജെബി മേത്തറുടെയും (കോൺഗ്രസ്‌) ചോദ്യങ്ങൾക്ക്‌, കേരളം പദ്ധതി നടപ്പാക്കാൻ കരാറിൽ ഒപ്പിട്ടിട്ടില്ലെന്നായിരുന്നു മന്ത്രി നൽകിയ മറുപടി.


ധാരണപത്രം ഒപ്പിട്ടതല്ലാതെ കേരളത്തിൽ പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും സ്‌കൂളുകൾ തെരഞ്ഞെടുത്തിട്ടില്ലെന്നുമാണ്‌ ജെബി മേത്തർക്കുള്ള മറുപടിയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയത്‌. കരാറിലോ എംഒയുവിലോ ഒപ്പിട്ടാൽത്തന്നെ പദ്ധതിയിൽനിന്ന്‌ പിന്മാറുന്നതിന്‌ ഒരുവിധ തടസ്സവുമില്ലെന്നാണ്‌ അബ്ദുൾ വഹാബിന്‌ നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടിയത്‌. പദ്ധതിയിൽ ചേരാതിരിക്കുകയോ പിന്മാറുകയോ ചെയ്‌താൽ പിഎം ശ്രീ പദ്ധതി ഫണ്ടുമാത്രമേ നഷ്ടമാകൂ. മറ്റ്‌ ഫണ്ടുകൾക്ക്‌ ഇത്‌ ബാധകമല്ലെന്നും രേഖാമൂലം നൽകിയ മറുപടിയിൽ കൃത്യമായി പറയുന്നുണ്ട്‌.

ഇതോടെ എൽഡിഎഫ് സർക്കാർ പിഎം ശ്രീ നടപ്പാക്കി പണം വാങ്ങിയെന്ന യുഡിഎഫ്‌ വാദം നുണയാണെന്ന്‌ പകൽപോലെ വ്യക്തമായി. എൽഡിഎഫ്‌ സർക്കാർ കരാറിൽ ഒപ്പിട്ടിരുന്നില്ല. എംഒയുവിൽമാത്രമാണ്‌ ഒപ്പുവച്ചത്‌.


2025 ഒക്ടോബർ 23-ന് ഒപ്പിട്ട ധാരണപത്രം നടപ്പാക്കില്ലെന്ന് കേരളം വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാനോ പിഎം ശ്രീ സ്കൂളുകൾ ആരംഭിക്കാനോ താൽപ്പര്യമില്ലെന്ന് 2025 നവംബർ 12ന്‌ കേന്ദ്രത്തെ അറിയിച്ചു. ​എംഒയു എന്നത് നിയമപരമായി ഒരു കരാറിന് തുല്യമല്ല. നിർബന്ധിതമായി നടപ്പാക്കാൻ നിയമബാധ്യത സൃഷ്ടിക്കുന്ന ഒന്നായി എംഒയു ഒരിക്കലും മാറുന്നില്ല. അതുകൊണ്ടുതന്നെ എംഒയുവിൽനിന്ന്‌ ഏതുസമയവും പിന്മാറാം. ഈ അടിസ്ഥാന നിയമവസ്തുത മറച്ചുവച്ചാണ്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ യുഡിഎഫ്‌ വ്യാജപ്രചാരണം നടത്തുന്നത്‌.


പിഎം ശ്രീയിൽ യുഡിഎഫ് സർക്കാരിന്റെ കീഴടങ്ങൽ ഒറ്റപ്പെട്ട സംഭവമല്ല. സത്യപ്രതിജ്ഞാചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചതുമുതൽ സംഘപരിവാറിനു കീഴടങ്ങുന്ന സമീപനമാണ്‌ സ്വീകരിച്ചത്‌. തുടർന്ന്‌ സർക്കാർ കൈക്കൊണ്ട ഓരോ തീരുമാനത്തിലും ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കാനുള്ള വ്യഗ്രത കാണാനാകും. ദേവസ്വംവകുപ്പ്‌ പ്ലീഡർ, താൽക്കാലിക വിസിമാരുടെ നിയമനം, എംജി സെനറ്റ്‌ നാമനിർദേശം, തെരഞ്ഞെടുപ്പ്‌ കമീഷൻ നിയമനം തുടങ്ങി ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർഥിപ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കേരളത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളുടെ പേരിൽ കേസെടുത്ത്‌ ജയിലിലടച്ചതുവരെ യുഡിഎഫ്‌ സർക്കാരിന്റെ സംഘപരിവാർ പ്രീണനത്തിന്റെ ഭാഗമാണ്‌.


ഇതിന്റെ തുടർച്ചയാണ്‌ പിഎം ശ്രീയുമായി മുന്നോട്ടുപോകുന്നത്‌. യുഡിഎഫ് അധികാരത്തിൽ വന്നശേഷമാണ്‌ പദ്ധതി നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോയത്‌. ഇവിടെ ഉയരുന്ന പ്രധാന ചോദ്യമിതാണ്‌, പ്രതിപക്ഷത്തായിരുന്നപ്പോൾ പിഎം ശ്രീ പദ്ധതിയെ ശക്തമായി എതിർത്ത കോൺഗ്രസും മുസ്ലിംലീഗും അധികാരത്തിലെത്തിയശേഷം എന്തുകൊണ്ടാണ് വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത്. ആർഎസ്എസ് അജൻഡയുടെ ഭാഗമാണെന്ന് വിശേഷിപ്പിച്ച പദ്ധതിയെ ഇന്ന് എന്തുകൊണ്ടാണ് ന്യായീകരിക്കുന്നത്. വസ്തുതകൾക്ക് വിരുദ്ധമായ പ്രചാരണങ്ങളും ഇന്നലെ പറഞ്ഞത് ഇന്ന് നിഷേധിക്കുന്ന രാഷ്ട്രീയവും ജനങ്ങൾ തിരിച്ചറിയും. പാർലമെന്റിൽ രേഖപ്പെടുത്തിയ ഔദ്യോഗികമറുപടികൾ രാഷ്ട്രീയപ്രചാരണങ്ങളേക്കാൾ വിശ്വാസ്യതയുള്ള താണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ യുഡിഎഫ് ജനങ്ങളോട് വ്യക്തമായ മറുപടി പറയേണ്ടതുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home