ad
Deshabhimani

സര്‍വം സംഗീതം

ചെമ്പൈ വൈദ്യനാഥ ഭാഗവതർ കച്ചേരി അവതരിപ്പിക്കുന്നു (ഫയൽ ചിത്രം)

ചെമ്പൈ വൈദ്യനാഥ ഭാഗവതർ കച്ചേരി അവതരിപ്പിക്കുന്നു (ഫയൽ ചിത്രം)

avatar
ആർ ജനാർദനൻ

Published on Aug 01, 2026, 01:24 AM | 1 min read

കുഴൽമന്ദം

രാഗങ്ങൾ പെയ്തിറങ്ങുന്ന മണ്ണ്‌, സംഗീതപ്പെരുമയുടെ ഇ‍ൗറ്റില്ലമായ ചെമ്പൈ ഗ്രാമം. ജാതിമത വ്യത്യാസമില്ലാതെ സംഗീതം ഹൃദ്യമാക്കിയവരെ ചേർത്തുപിടിച്ച വൈദ്യനാഥ ഭാഗവതരുടെ ജന്മദേശം. പാലക്കാട്‌ കോട്ടായിയിലെ സംഗീതഗ്രാമം ലോകപ്രസിദ്ധം. മാൻഡലിൻ വാദകൻ ശ്രീനിവാസന്റെ ഗുരുനാഥൻ ഹൈദരാബാദ് സുബ്ബരാജുലു, വി വി സുബ്രഹ്മണ്യൻ, മംഗലാപുരത്തെ മണി ഭാഗവതർ, ഞരളത്ത് രാമ പൊതുവാൾ, കറുത്തനാട് മാധവ കുറുപ്പ്, പഴശ്ശി രാജകുടുംബത്തിലെ ശങ്കരവർമ രാജ, കെ എം നീലമല നമ്പൂതിരി, കുഴൽമന്ദം ഗോപാലകൃഷ്ണയ്യർ, കോതാണ്ടരാമ ഭാഗവതർ തുടങ്ങിയ പ്രമുഖർ ചെമ്പൈ ഗുരുകുലത്തിൽ പരിശീലിച്ചവർ. ടി വി ഗോപാലകൃഷ്ണനും ജയവിജയന്മാരും കെ ജെ യേശുദാസും ചെമ്പൈയുടെ ശിഷ്യരിൽ പ്രധാനികളാണ്‌.

സംഗീതം 
‘‘ഉത്സവമായ’’ 
 ഗ്രാമം...

1914ൽ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഏകദേശി ഉത്സവത്തിനാണ്‌ വൈദ്യനാഥ ഭാഗവതർ ആദ്യമായി കച്ചേരി അവതരിപ്പിച്ചത്‌. അന്ന്‌ പ്രായം 20 മാത്രം. പിന്നീടുള്ള കാലം മുഴുവൻ സംഗീതത്തിനായി സമർപ്പിച്ച ജീവിതം. വൈദ്യനാഥ ഭാഗവതരുടെ ശിഷ്യസമൂഹത്തിന്റെ ആത്മസമർപ്പണമാണ് വർഷത്തിൽ രണ്ടുതവണയുള്ള ചെമ്പൈ സംഗീതോത്സവം. നൂറുകണക്കിന് സംഗീതജ്ഞരാണ് ചെമ്പൈയുടെ തറവാട്ടങ്കണത്തിലെ സംഗീതോത്സവത്തിൽ തുടർച്ചയായി കച്ചേരി അവതരിപ്പിക്കാൻ എത്തുന്നത്‌. യേശുദാസിന്റെ അറുപതാം പിറന്നാളിന്‌ അദ്ദേഹം സമർപ്പിച്ച സപ്തസ്വര മണ്ഡപം ചെമ്പൈ ഗ്രാമത്തിന്റെ മുഖമുദ്രയാണ്‌. ഗുരുവായൂർ ഏകാദശിക്ക്‌ ഭാഗവതർ ഉപയോഗിച്ചിരുന്ന തംബുരു ഗ്രാമത്തിൽനിന്ന്‌ ദേവസ്വത്തിന്റെ നേതൃത്വത്തിൽ കൊണ്ടുപോകാറുമുണ്ട്‌.

ഭാവിക്ക്‌ കരുതലായ ചരിത്രം...

പുതുതലമുറയെ സംഗീത ലോകത്തേക്ക് അടുപ്പിക്കാൻ രൂപീകരിച്ച ചെമ്പൈ വിദ്യാപീഠത്തിന്റെ പ്രവർത്തനം ശ്രദ്ധേയമാണ്. വിദ്യാപീഠത്തിന്റെ നേതൃത്വത്തിലുള്ള സംഗീത ക്ലാസിലൂടെ നിരവധി വിദ്യാർഥികളാണ് വിജയകരമായി പഠിച്ചിറങ്ങുന്നത്‌. ഇവിടത്തെ വിദ്യാർഥികൾക്ക്‌ സംഗീതോത്സവത്തിൽ കച്ചേരി അവതരിപ്പിക്കാനും അവസരമുണ്ട്‌. ചെമ്പൈയുടെ പൗത്രൻ ചെമ്പൈ സുരേഷ് ചെയർമാനും കീഴത്തൂർ മുരുകൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ്‌ ക്ലാസുകൾക്കും സംഗീതോത്സവത്തിനും നേതൃത്വം നൽകുന്നത്‌. ചെമ്പൈ വൈദ്യനാഥ ഭാഗവതരോടുള്ള ആദരവായി വി എസ്‌ സർക്കാർ ഗസ്റ്റ് ഹൗസ് യാഥാർഥ്യമാക്കി. ചെമ്പൈ സ്മാരക സംഗീത ഹാളും നിർമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home