ad
Deshabhimani

മരംമുറിക്കാനുള്ള നീക്കത്തിൽ 
പ്രതിഷേധം വ്യാപകം

കല്ലമ്പലത്ത് മരം മുറിച്ചു മാറ്റുന്നതിനെതിരെ സംരക്ഷണസമിതി സംഘടിപ്പിച്ച പ്രതിഷേധം

കല്ലമ്പലത്ത് മരം മുറിച്ചു മാറ്റുന്നതിനെതിരെ സംരക്ഷണസമിതി സംഘടിപ്പിച്ച പ്രതിഷേധം

വെബ് ഡെസ്ക്

Published on Sep 22, 2026, 03:08 AM | 1 min read

കിളിമാനൂർ

കരവാരം പഞ്ചായത്തിൽ കല്ലമ്പലം ഇടവൂർകോണം റോഡരികിലെ കൂറ്റൻ മാവ് മുറിച്ചുകടത്താനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം നാട്ടുകാർ തടഞ്ഞു. 2024ലെ ഹൈക്കോടതി വിധിപ്രകാരം സംസ്ഥാന സർക്കാർ രൂപം നൽകിയ "ട്രീ കമ്മിറ്റി’യുടെയോ തദ്ദേശസ്ഥാപനത്തിന്റെയോ അനുമതിയില്ലാതെ പൊതുമരാമത്ത് വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയിലായിരുന്നു മരംമുറിയെന്ന് സർവകക്ഷി യോഗം ആരോപിച്ചു. മാടൻനടയിൽ ഉറിയടി മത്സരം സംഘടിപ്പിക്കുന്ന മരമാണ്‌ മുറിക്കാൻ ശ്രമിച്ചത്‌. ​മരത്തിന് സമീപം താൽക്കാലിക ഇറച്ചിക്കട നടത്തിയ വ്യക്തിയെ വർഷങ്ങൾക്ക് മുമ്പേ സ്വകാര്യവസ്തു ഉടമ ഭീഷണിപ്പെടുത്തി ഓടിച്ചു. തുടർന്ന് മരച്ചുവട്ടിൽ രാത്രികാലങ്ങളിൽ സ്ഥിരമായി പ്ലാസ്റ്റിക്കും ചവറും കൂട്ടിയിട്ട് തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചു. ഇത് നാട്ടുകാർ തടഞ്ഞതോടെയാണ് മരം മുറിച്ചുമാറ്റാൻ ഗൂഢാലോചന നടത്തിയത്‌. കേടുപാടൊന്നുമില്ലാത്ത മരത്തിന്റെ 90 ശതമാനം കൊമ്പും മുറിച്ചുമാറ്റി. കേരള ശാസ്ത്രസാഹിത്യപരിഷത്ത്‌ മരം സംരക്ഷണ സമിതി രൂപീകരിച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സജീർ രാജകുമാരി ഉദ്ഘാടനം ചെയ്തു. എസ് മധുസൂദനകുറുപ്പ് അധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകൻ ബിലഹരി, എസ് സുരേഷ് കുമാർ, നിസ്സ നിസ്സാർ, സലീന ചന്ദ്രൻ, സിന്ധു സജീവ്, എൻ കുമാർ, സരിത, എസ് എം റഫീക്ക്, കരവാരം മണിലാൽ, ഉല്ലാസ്‌കുമാർ, ഈരാണി മജീദ്, ഷാജഹാൻ, രാജീവ്, സി വി രാജീവ് , ലോകേഷ് എന്നിവർ സംസാരിച്ചു. മരംമുറിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് പരാതി നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home