പൊളിഞ്ഞത്‌ യുഡിഎഫ്‌ നുണക്കോട്ട

udf fakenews on kerala police
വെബ് ഡെസ്ക്

Published on Sep 18, 2025, 12:00 AM | 2 min read


​കേരളത്തിലെ പൊലീസ്‌ സംവിധാനമാകെ തകരാറിലാണെന്ന്‌ വരുത്തിത്തീർക്കാൻ യുഡിഎഫും അവരെ പിന്തുണയ്‌ക്കുന്ന മാധ്യമങ്ങളും ഏതാനും ദിവസങ്ങളായി കെട്ടിപ്പൊക്കിക്കൊണ്ടിരുന്ന നുണക്കോട്ട തകർന്നടിയുന്നതാണ് ചൊവ്വാഴ്‌ച നിയമസഭയിൽ കണ്ടത്‌. ഇ‍ൗ വിഷയത്തിൽ കൊണ്ടുവന്ന അടിയന്തിര പ്രമേയനോട്ടീസ്‌ കൈയോടെ അംഗീകരിച്ച്‌ ഭരണപക്ഷം ചർച്ചയ്ക്ക്‌ തയ്യാറായതോടെതന്നെ പ്രതിപക്ഷം പതറി. വസ്‌തുതകളുടെ പിൻബലത്തോടെ ഭരണപക്ഷാംഗങ്ങൾ ചർച്ചയിൽ പങ്കെടുക്കുകയും ഒടുവിൽ എൽഡിഎഫ്‌–യുഡിഎഫ്‌ കാലത്തെ പൊലീസ്‌ നയം താരതമ്യം ചെയ്‌ത്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയും വന്നപ്പോൾ പ്രതിപക്ഷം തലയിൽ മുണ്ടിട്ട്‌ ഓടുകയായിരുന്നു. കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നിഷ്‌പക്ഷതയോടെ നടപടിയെടുക്കുന്ന എൽഡിഎഫ്‌ സർക്കാരിന്റെ ആർജവമുള്ള പൊലീസ്‌ നയം വ്യക്‌തമായി.


കോൺഗ്രസ്‌ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗികപീഡന, ഗർഭഛിദ്ര, വധഭീഷണി ആരോപണങ്ങൾ കേരളരാഷ്‌ട്രീയത്തിൽ ഉയർത്തിയ പ്രതിഷേധങ്ങളിൽനിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാമെന്ന വ്യാമോഹവുമായാണ്‌ അടിയന്തരപ്രമേയം എന്ന തുറുപ്പുചീട്ടുമായി പ്രതിപക്ഷം നിയമസഭയിൽ വന്നത്‌. അവതരണാനുമതി നിഷേധിക്കുമെന്നും അതോടെ സമരം പ്രഖ്യാപിച്ച്‌ ഇറങ്ങിപ്പോകാമെന്നുമുള്ള കണക്കുകൂട്ടലാണ്‌ സഭ നിർത്തിവച്ച്‌ ചർച്ച ചെയ്യാനുള്ള സർക്കാർ തീരുമാനത്തോടെ പൊളിഞ്ഞത്‌. അത്യപൂർവസന്ദർഭങ്ങളിലാണ്‌ സഭ നിർത്തിവച്ച്‌ ഉപക്ഷേപങ്ങൾ (അടിയന്തരപ്രമേയം) ചർച്ചയ്‌ക്കെടുക്കാറുള്ളത്‌. കേരള നിയമസഭയുടെ ചരിത്രത്തിൽത്തന്നെ 30 തവണയാണ്‌ ഇത്തരം പ്രമേയം ചർച്ചയ്‌ക്കെടുത്തത്‌. എന്നാൽ, 15–ാം സഭയിൽ ചൊവ്വാഴ്‌ചത്തേത്‌ ഉൾപ്പെടെ 14 തവണയാണ്‌ അടിയന്തരപ്രമേയം ചർച്ച ചെയ്യാൻ ഭരണപക്ഷം തയ്യാറായത്‌. പൊലീസ്‌ സംവിധാനത്തെക്കുറിച്ചുള്ള ചർച്ചയിൽ ഉൾപ്പെടെ സർക്കാരിന്‌ ഒന്നും മറച്ചുവയ്‌ക്കാനില്ലെന്നതിന്‌ ഇതിൽപ്പരം തെളിവ്‌ വേണോ.


എപ്പോഴൊക്കെ പൊലീസിൽ അച്ചടക്കലംഘനവും നിയമവിരുദ്ധപ്രവർത്തനവും ശ്രദ്ധയിൽപ്പെട്ടോ അപ്പോഴൊക്കെ കർശന നടപടി സ്വീകരിച്ചത്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയത്തിന്‌ മറുപടിപറയവേ എടുത്തുപറഞ്ഞു. അങ്ങനെയാണ്‌ രാജ്യത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണ സംവിധാനമായി കേരള പൊലീസ്‌ മാറിയതെന്നും കണക്കുകൾ സഹിതം വിവരിച്ചു. കഴിഞ്ഞ ഒന്പതരവർഷത്തിനിടയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 144 പൊലീസുകാരെ പിരിച്ചുവിടാൻ എൽഡിഎഫ്‌ സർക്കാർ തയ്യാറായി. കോൺഗ്രസ്‌ ഭരണകാലത്ത്‌ ഇത്തരം ഒരു നടപടി ഉണ്ടായത്‌ പറയാമോ എന്നു മുഖ്യമന്ത്രി ചോദിച്ചപ്പോൾ, പ്രതിപക്ഷനേതാവിന്‌ മറുപടി ഉണ്ടായില്ല. രണ്ടരവർഷംമുന്പ്‌ കുന്നംകുളം പൊലീസ്‌ സ്‌റ്റേഷനിൽ സുജിത് എന്ന കോൺഗ്രസ്‌ പ്രവർത്തകൻ മർദനത്തിന്‌ ഇരയായി എന്ന ആരോപണത്തിന്റെ പേരിലായിരുന്നല്ലോ പ്രതിപക്ഷം പൊലീസാകെ പരാജയമെന്ന ആരോപണവുമായി വന്നത്‌. എന്നാൽ, ഇ‍ൗ സംഭവത്തിൽ 2023 ഏപ്രിൽ 22ന്‌ എസ്‌ഐ ഉൾപ്പെടെയുള്ള പൊലീസ്‌ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും അന്വേഷണത്തിനുശേഷം മൂന്നുപേരുടെ വാർഷിക വേതനവർധന തടയുകയും ചെയ്‌തതാണ്‌. ഉത്തരമേഖല ഐജിയുടെ ഉത്തരവുപ്രകാരം ആരോപണവിധേയരെ സസ്‌പെൻഡ്‌ ചെയ്‌തു. ഇതുൾപ്പെടെ പൊലീസിന്റെ അച്ചടക്കലംഘനങ്ങൾക്കും നിയമവിരുദ്ധപ്രവൃത്തികൾക്കുമെതിരെ അപ്പപ്പോൾ അച്ചടക്കനടപടി സ്വീകരിച്ചതും മുഖ്യമന്ത്രി അക്കമിട്ടുനിരത്തി. ഇത്‌ സ്റ്റാലിന്റെ റഷ്യയല്ല എന്ന പ്രതിപക്ഷനേതാവിന്റെ വാക്കുകൾക്ക്‌ മറുപടിയായി, നെഹ്‌റുവിന്റെ കാലംമുതൽക്കേ കോൺഗ്രസ്‌ സർക്കാരുകൾ പൊലീസിനെ എതിരാളികളെ മർദിക്കുന്നതിനുള്ള ഉപകരണമാക്കി മാറ്റിയതും മുഖ്യമന്ത്രി സൂചിപ്പിച്ചു. ശിവഗിരിമുതൽ മുത്തങ്ങയിൽവരെ തങ്ങളുടെ ഭരണകാലത്ത്‌ അതിക്രമങ്ങൾ കാട്ടിയ പൊലീസുകാരെ സംരക്ഷിച്ച യുഡിഎഫിന്‌ ഇതിൽപ്പരം പ്രഹരം സഭാതലത്തിൽ ലഭിക്കാനില്ല.


2016ൽ എൽഡിഎഫ്‌ അധികാരത്തിൽ വന്നശേഷം പൊലീസിനെ ആധുനികവൽക്കരിക്കാനും ജനസ‍ൗഹൃദസേനയാക്കി മാറ്റാനും ശ്രമിച്ചതിന് ഫലമുണ്ടായി. ഇ‍ൗ സർക്കാരിന്റെ കാലത്ത്‌ അന്വേഷണമികവിനും മികച്ച സ്‌റ്റേഷനുകൾക്കും ഉൾപ്പെടെ പത്തിലേറെ പുരസ്‌കാരങ്ങളാണ്‌ കേരള പൊലീസിന്‌ ലഭിച്ചത്‌.


ഒരുവർഷത്തിനിടയിൽമാത്രം ഇരുപതിലധികം കൊലപാതകക്കേസുകളാണ്‌ മണിക്കൂറുകൾക്കുള്ളിൽ തെളിയിച്ചത്‌. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ, സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ കാര്യങ്ങൾ യൂണിഫോം ഇടുന്പോൾ എല്ലാവരിൽനിന്നും ഒഴിഞ്ഞുപോകില്ല. അത്തരക്കാരെ സർക്കാർ സംരക്ഷിക്കില്ല എന്ന കർശന നിലപാടാണ്‌ സഭയിൽ മുഴങ്ങിക്കേട്ടത്‌.


രണ്ടരവർഷം മുന്പുനടന്ന സംഭവത്തിന്റെപേരിൽ സർക്കാരിനെതിരെ കലാപത്തിന്‌ വന്ന പ്രതിപക്ഷം, ഒടുവിൽ ഉത്തരംമുട്ടിയതിന്റെ ജാള്യവുമായാണ്‌ സമരനാടകം പ്രഖ്യാപിച്ച്‌ ഇറങ്ങിപ്പോയത്. യുഡിഎഫ്‌ അനുകൂല മാധ്യമങ്ങളുടെ സഹായത്തോടെ പ്രതിപക്ഷം സർക്കാരിനെതിരെ തുടർച്ചയായി നടത്തുന്ന നുണപ്രചാരണം തുറന്നുകാട്ടാനുള്ള അവസരമാക്കി മാറ്റാൻ കഴിഞ്ഞതാണ്‌ ചൊവ്വാഴ്‌ചത്തെ അടിയന്തരപ്രമേയ ചർച്ചയുടെ നേട്ടം. തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ട്‌, ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ അസത്യപ്രചാരണവും വളച്ചൊടിച്ച വാർത്തകളുമായി സർക്കാരിനെതിരെ നുണകളുടെ പരന്പര തീർക്കാൻ ശ്രമിക്കുന്നവർക്കും ഇത്‌ ശക്തമായ മറുപടിയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home