കടയ്ക്ക് ലൈസൻസ് അനുവദിക്കാൻ കൈക്കൂലി: ഉദ്യോഗസ്ഥനും സഹായിയും വിജിലൻസ് പിടിയിൽ

പിടിയിലായ ജിതേഷ് കുമാർ, സന്തോഷ് എം ബി എന്നിവർ
പാലക്കാട്: ആക്രിക്കടയ്ക്ക് ലൈസൻസ് അനുവദിക്കാൻ കൈക്കൂലി വാങ്ങിയ ക്ലീൻ സിറ്റി മാനേജരും സഹായിയും വിജിലൻസ് പിടിയിൽ. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ക്ലീൻ സിറ്റി മാനേജരും കാസർകോട് സ്വദേശിയുമായ ജിതേഷ് കുമാർ കെ വി, താൽക്കാലിക ശുചീകരണ തൊഴിലാളിയും വടക്കാഞ്ചേരി സ്വദേശിയുമായ സന്തോഷ് എം ബി എന്നിവരാണ് പിടിയിലായത്. തൃശൂർ കോലാഴി സ്വദേശിയുടെ പരാതിയിലായിരുന്നു നടപടി.
കോലാഴി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആക്രിക്കടയുടെ ലൈസൻസ് അവസാനിച്ചതിനെ തുടർന്ന് അത് പുതുക്കുന്നതിനായി വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ചിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷവും അപേക്ഷയിൽ നടപടി ഉണ്ടായില്ല. തുടർന്ന് പരാതിക്കാരൻ മുനിസിപ്പാലിറ്റി ഓഫീസിൽ നേരിട്ടെത്തി അന്വേഷിച്ചു. ഇത് സംബന്ധിച്ച ഫയൽ ക്ലീൻ സിറ്റി മാനേജരായ ജിതേഷ് കുമാർ കെ വിയുടെ കൈവശമാണെന്ന് അറിഞ്ഞതോടെ നേരിൽ കണ്ട് അപേക്ഷയുടെ സ്ഥിതി തിരക്കി.
ലൈസൻസ് അനുവദിക്കുന്നതിന് കൈക്കൂലിയായി 3,000 വ്യാഴാഴ്ച ഓഫീസിൽ എത്തിച്ച് നൽകണമെന്ന് ജിതേഷ് ആവശ്യപ്പെട്ടു. എന്നാൽ കൈക്കൂലി നൽകി കാര്യം സാധിക്കാൻ പരാതിക്കാരന് താൽപര്യമില്ലാത്തതിനാൽ ഈ വിവരം തൃശൂർ വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ഓഫീസിൽ വച്ച് ജിതേഷ് കുമാർ നിർദ്ദേശിച്ചതനുസരിച്ച് സന്തോഷ് പരാതിക്കാരനിൽ നിന്നും 3,000 രൂപ കൈക്കൂലി വാങ്ങി. ഇരുവരെയും വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.








0 comments