ചീഫ് ഇലക്ട്രൽ ഓഫീസിലേക്ക് ബിഎൽഒ മാർച്ച്, പൊലീസ് ബാരിക്കേഡുകൾ തകർത്തു

blo march
വെബ് ഡെസ്ക്

Published on Dec 04, 2025, 05:57 PM | 2 min read

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ സെൻട്രൽ കൊൽക്കത്ത ഓഫീസിന് മുന്നിൽ ബൂത്ത് ലെവൽ ഓഫീസർമാരുടെ (BLO) പ്രതിഷേധ സമരം. നാനൂറിൽ അധികം ബിഎൽഒമാർ പൊലീസ് ബാരിക്കേഡുകൾ മറികടന്ന് ഓഫീസിന്റെ പ്രധാന കവാടം ഉപരോധിച്ചു.


സിഇഒ മനോജ് അഗർവാളിനെ കാണണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധകർ കുത്തിയിരിപ്പ് സമരം നടത്തി.  "മനുഷ്യത്വമില്ലാത്ത ജോലി സമ്മർദ്ദം" പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.


സമ്മർദ്ദം മൂലം ജീവനൊടുക്കിയ നാല് ബിഎൽഒ മാരുടെ കുടുംബാംഗങ്ങളും പ്രതിഷേധകർക്ക് ഒപ്പം ചേർന്നു. " ബിഎൽഒ ഐക്യ മഞ്ച്" (BLO യൂണിറ്റി ഫോറം) എന്ന ബാനറേന്തി മുന്നേറിയ പ്രതിഷേധക്കാർ എസ്ഐആർ പ്രക്രിയയുടെ സമയപരിധി കുറഞ്ഞത് മൂന്ന് മാസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് മുന്നേറിയത്.


മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. നവംബർ 24 ന് ബി‌എൽ‌ഒമാർ പ്രതിഷേധ മാർച്ച് നടത്തിയതിനെ തുടർന്ന് സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയിരുന്നു. വീണ്ടും സംഘർഷാവസ്ഥ ഉണ്ടായതോടെ സി‌ഇ‌ഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. കൊൽക്കത്ത പോലീസ് കമ്മീഷണർ മനോജ് കുമാർ വർമ്മയോട് അടിയന്തര നടപടി ആവശ്യപ്പെട്ടു.


blo protest


പത്ത് ദിവസത്തിനുള്ളിൽ ഇത് രണ്ടാമത്തെ പ്രതിഷേധമാണ്. വടക്കൻ കൊൽക്കത്തയിലും പ്രതിഷേധം ഉണ്ടായി. സീൽദ സ്റ്റേഷനിൽ നിന്ന് ബി‌ബി‌ഡി ബാഗിലെ സി‌ഇ‌ഒ ഓഫീസിലേക്ക് പ്രതിഷേധക്കാർ മാർച്ച് നടത്തി. ഇവിടെ കഴിഞ്ഞ 10 ദിവസമായി ഒരു വിഭാഗം ബി‌എൽ‌ഒമാർ ഈ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്.


ബാരിക്കേഡുകൾ ചാടി കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച പ്രക്ഷോഭകരെ നിയന്ത്രിക്കാൻ പൊലീസ് ബുദ്ധിമുട്ടി. യൂണിഫോമിലുള്ള ഉദ്യോഗസ്ഥരുമായി തുടർച്ചയായി സംഘർഷമുണ്ടായി.


"ഞങ്ങൾ 24 മണിക്കൂറും ജോലി ചെയ്യുന്നു, സമ്മർദ്ദം താങ്ങാനാവാതെ തകർച്ചയുടെ വക്കിലാണ്. സ്കൂളുകളിൽ ഞങ്ങളുടെ കർത്തവ്യങ്ങൾ നിർവഹിക്കണം, എണ്ണൽ ഫോമുകൾ ഡിജിറ്റൈസ് ചെയ്യാൻ രാത്രി മുഴുവൻ ഉണർന്നിരിക്കണം. സമയപരിധി നീട്ടണമെന്ന് ഞങ്ങൾ ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ഇസി പ്രതികരിക്കുന്നില്ല. അവർ എല്ലാ ദിവസവും വാട്ട്‌സ്ആപ്പ് വഴി പുതിയ അറിയിപ്പുകളും ഉത്തരവുകളും പുറപ്പെടുവിക്കുന്നു," - പ്രതിഷേധകരുടെ കൂട്ടത്തിലെ ബിഎൽഒ റേബ മുഹുരി വിളിച്ചു പറഞ്ഞു.


“വരും മാസങ്ങളിൽ അധ്യാപകർ സ്കൂളുകളിൽ പരീക്ഷകൾ നടത്തുകയും ഫലങ്ങൾ അപ്‌ലോഡ് ചെയ്യുകയും വേണം. ഇതിനെല്ലാം ഇടയിലാണ് ബിഎൽഒ ഉത്തരവാദിത്തം- പ്രതിഷേധ രംഗത്തുള്ള ‘ബിഎൽഒ ഒ വോട്ട് കർമി ഐക്യ മഞ്ച’ ജനറൽ സെക്രട്ടറി സ്വപൻ മണ്ഡൽ പറഞ്ഞു.


എസ്‌ഐ‌ആറിലെ എണ്ണൽ ഘട്ടങ്ങളുടെയും തുടർന്നുള്ള ഡ്രാഫ്റ്റ്, അന്തിമ പട്ടികകളുടെയും പ്രസിദ്ധീകരണത്തിന്റെയും സമയപരിധി ഏഴ് ദിവസത്തേക്ക് നീട്ടി നൽകിയിരുന്നു. വീടുതോറുമുള്ള എണ്ണൽ ഘട്ടം ഡിസംബർ 11 ന് അവസാനിക്കാനിരിക്കയാണ്. തുടർന്ന് ഡിസംബർ 16 ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും എന്നാണ് ഇസി അറിയിപ്പ്. ഫെബ്രുവരി 14 ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനാണ് തിരക്കിട്ട നീക്കം.


ജനങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും അടിസ്ഥാന ഘടകത്തിൽ പ്രവർത്തിക്കുന്നവർ എന്ന നിലയ്ക്ക് ഇതിന്റെ സമ്മർദ്ദം മുഴുവനും ബി എൽ ഒമാരിലേക്ക് എത്തുന്നു. ഈ പ്രവർത്തനങ്ങളുടെ ഭാഗമായ ജീവനക്കാരുടെ മാനസികാരോഗ്യത്തെയും സുരക്ഷയെയും കുറിച്ച് ഉറ്റവർക്കിടയിലും വർദ്ധിച്ചുവരുന്ന ആശങ്കയുണ്ട്. നാല് പേർ ജീവനൊടുക്കിയത് ഇത് വർധിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home