ad
Deshabhimani

അതിവേഗം മടങ്ങിവരുന്ന ഇരുണ്ട നാളുകൾ യുഡിഎഫ്‌ സംഭാവന

editorial today
വെബ് ഡെസ്ക്

Published on Jun 23, 2026, 12:00 AM | 2 min read

​മുടക്കമില്ലാതെ വൈദ്യുതി കിട്ടേണ്ടത്‌ മനുഷ്യർ വ്യാപരിക്കുന്ന മേഖലകളിലെല്ലാം ഇന്ന്‌ അനിവാര്യമാണ്‌. വീടുകളിലും തൊഴിൽശാലകളിലും നിരത്തുകളിലും ഭക്ഷണശാലകളിലും വിനോദ–വിശ്രമ കേന്ദ്രങ്ങളിലും വൈദ്യുതിയില്ലാതെ കാര്യങ്ങളൊന്നും സുഗമമായി നടക്കില്ല. നമ്മുടെ സംസ്ഥാനം കഴിഞ്ഞ പത്തുവർഷം ഇ‍ൗ മേഖലയിൽ മികച്ച രീതിയിലാണ്‌ മുന്നോട്ടുപോയത്‌. വൈദ്യുതിവിതരണം കുറ്റമറ്റ രീതിയിൽ നടത്താൻ എൽഡിഎഫ്‌ സർക്കാർ ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കുകയും ജനങ്ങൾക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്‌തു. ഇതേത്തുടർന്ന്‌ വ്യവസായ–വാണിജ്യ മേഖലകളിലും കുതിപ്പുണ്ടായി. പുതുതായി അധികാരമേറ്റ യുഡിഎഫ്‌ സർക്കാരിന്റെ ഭരണത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വൈദ്യുതിമേഖലയിൽ പ്രകടമായ അരാജകത്വമാണ്‌ തൊട്ടുമുമ്പുള്ള പത്തുവർഷത്തെ സ്‌മരിക്കാൻ ഇടയാക്കുന്നത്‌.


ഏതാനും ദിവസങ്ങളായി സംസ്ഥാനത്തിന്റെ മിക്കഭാഗങ്ങളിലും വൈദ്യുതി വരികയും പോകുകയും ചെയ്യുന്നതിന്‌ നിശ്ചയമൊന്നുമില്ല. വൈകിട്ട്‌ ആറുമുതൽ രാത്രി 12 വരെ ലോഡ്‌ഷെഡിങ്‌ ഏർപ്പെടുത്തിയിട്ടുണ്ടെന്ന്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. എന്നാൽ, പകൽസമയങ്ങളിലും വൈദ്യുതി മുടങ്ങുന്നതാണ്‌ ഉപയോക്താക്കളുടെ അനുഭവം. മഴ ശക്തിപ്പെട്ടില്ലെങ്കിൽ ഇക്കൊല്ലം ഡിസംബർവരെ ഇ‍ൗ അവസ്ഥ തുടരുമെന്നാണ്‌ റിപ്പോർട്ടുകൾ. സംസ്ഥാനത്തിന്‌ ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനത്തിൽ താഴെമാത്രമാണ്‌ ജലവൈദ്യുതനിലയങ്ങളിൽനിന്ന്‌ ഉൽപ്പാദിപ്പിക്കുന്നത്‌. ബാക്കി അഖിലേന്ത്യ ഗ്രിഡിൽനിന്നും ഡീപ്പ്‌ പോർട്ടലിൽനിന്നും വിലപേശി വാങ്ങുന്നതാണ്‌ നടപ്പുസംവിധാനം. എൽഡിഎഫ്‌ സർക്കാർ ഇക്കാര്യം അങ്ങേയറ്റം കരുതലോടെ ആസൂത്രണം ചെയ്‌ത്‌ വൈദ്യുതി വാങ്ങിയിരുന്നു. കേരളത്തിലെയും മറ്റ്‌ സംസ്ഥാനങ്ങളിലെയും വൈദ്യുതി ഉപയോഗത്തിൽ വ്യത്യസ്‌ത മാസങ്ങളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവേണം ഇ‍ത്‌ കൈകാര്യം ചെയ്യേണ്ടത്‌. സങ്കുചിത താൽപ്പര്യങ്ങൾ കടന്നുവന്നാൽ താളംതെറ്റും.


സംസ്ഥാനത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷം മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി കോൺഗ്രസ്‌ നേതാക്കൾ പോരടിച്ച നാളുകൾ വൈദ്യുതിമേഖലയിൽ നിർണായകമായിരുന്നു. ഉത്തരേന്ത്യയിൽ ജൂൺ–ജൂലൈ മാസങ്ങളിൽ താപനില ഉയരുമെന്നതിനാൽ വൈദ്യുതി ഉപയോഗം പരമാവധിയാകും. കേരളം മുമ്പ്‌ വാങ്ങിയത്‌ തിരിച്ചുനൽകേണ്ട സമയവുമാണ്‌. ഇ‍ൗ സാഹചര്യം മുൻകൂട്ടി കണ്ട്‌ വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബി തയ്യാറെടുപ്പ്‌ നടത്തേണ്ടതായിരുന്നു. യുഡിഎഫ്‌ സർക്കാരിന്റെ പൊതുവായ അനാസ്ഥയ്‌ക്കുപുറമെ വൈദ്യുതിമന്ത്രിയുടെ ഓഫീസിലുണ്ടായ പ്രശ്‌നങ്ങളും സംവിധാനത്തിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിച്ചു. സ്വന്തം അളിയനെ തന്റെ സ്റ്റാഫിലെ നിർണായക തസ്‌തികയിൽ നിയമിക്കാനാണ്‌ മന്ത്രി വ്യഗ്രത കാട്ടിയത്‌. ഇതിനെ ന്യായീകരിച്ച്‌ മന്ത്രി ദിവസങ്ങൾ തള്ളിനീക്കുകയും ഒടുവിൽ വിവാദവും പ്രതിഷേധവും കനത്തപ്പോൾ അളിയന്‌ രാജിനൽകേണ്ടിവരികയും ചെയ്‌തു. തുടക്കത്തിലേ യുഡിഎഫ്‌ സർക്കാരിന്‌ പിഴച്ചുവെന്ന്‌ വ്യക്തം. ലോകകപ്പ്‌ ഫുട്‌ബോൾകാലത്ത്‌ വൈദ്യുതിവിതരണം അലങ്കോലപ്പെട്ടത്‌ വ്യാപകമായ അമർഷം സൃഷ്ടിച്ചിട്ടുണ്ട്‌.


ഇപ്പോൾ വൻ വില നൽകി വൈദ്യുതി വാങ്ങാനാണ്‌ കെഎസ്‌ഇബിയുടെ ശ്രമം. റെഗുലേറ്ററി കമീഷൻ അനുമതി നൽകിയില്ലെങ്കിൽ ലോഡ്‌ഷെഡിങ്ങിന്റെ സമയദൈർഘ്യം നീളും. നിലവിൽ യൂണിറ്റിന്‌ പത്തു രൂപയാണ്‌ പരിധി എന്നിരിക്കെ 12.98 രൂപയാണ്‌ പുറത്തുള്ള കന്പനികളുടെ നിരക്ക്‌. അതിനാൽ വരുംമാസങ്ങളിൽ പുറത്തുനിന്ന്‌ വൈദ്യുതി നൽകാൻ താൽപ്പര്യമറിയിച്ച കമ്പനിയുമായി ധാരണയിൽ എത്താനായിട്ടില്ല. കമ്പനികളുടെ ആവശ്യത്തിന്‌ വഴങ്ങേണ്ടിവന്നാൽ നിരക്കുവർധന വേണ്ടിവരും. ആസൂത്രണം പാളിയെന്ന്‌ വൈദ്യുതിമന്ത്രി സമ്മതിച്ചിട്ടുണ്ട്‌.


സ്‌മാർട്ട്‌ മീറ്റർ സ്ഥാപിക്കുന്നതിൽ അദാനിയുടെ സമ്മർദത്തിന്‌ യുഡിഎഫ്‌ സർക്കാർ കീഴടങ്ങുന്നതും വൈദ്യുതിമേഖലയിൽ ജനദ്രോഹനടപടികൾക്ക്‌ വഴിയൊരുക്കും. മോദിസർക്കാരിന്റെ സ്വകാര്യവൽക്കരണനയം ചെറുത്ത്‌ കെഎസ്‌ഇബിയുടെ നിയന്ത്രണത്തിൽ സ്‌മാർട്ട്‌ മീറ്റർ സ്ഥാപിക്കാനാണ്‌ മുൻ എൽഡിഎഫ്‌ സർക്കാർ തയ്യാറായത്‌. ഇതിനായി കൊണ്ടുവന്ന കാപെക്‌സ്‌ (ക്യാപിറ്റൽ എക്‌സ്‌പെൻഡിച്ചർ) പദ്ധതി അട്ടിമറിച്ച്‌ ടോട്ടക്‌സ്‌ (ടോട്ടൽ എക്‌സ്‌പെൻഡിച്ചർ) രീതി നടപ്പാക്കാനാണ്‌ യുഡിഎഫ്‌ സർക്കാരിന്റെ ശ്രമം.


അദാനി ഗ്രൂപ്പ്‌ അടക്കം താൽപ്പര്യപ്പെടുന്ന ടോട്ടക്‌സ്‌ സംവിധാനത്തിൽ സ്‌മാർട്ട്‌ മീറ്റർ സ്ഥാപിക്കൽ, മീറ്റർ റീഡിങ്‌, ബിൽ തുക ശേഖരണം എന്നിവയെല്ലാം സ്വകാര്യകന്പനികളാണ്‌ നിർവഹിക്കുക. വൈദ്യുതിവിതരണമേഖലയുടെ സമ്പൂർണ സ്വകാര്യവൽക്കരണത്തിലേക്ക്‌ പിൻവാതിൽവഴി കടക്കാൻ ഇത്‌ കാരണമാകും. കാപെക്‌സ്‌ പദ്ധതിപ്രകാരം എൽഡിഎഫ്‌ സർക്കാർ തുടങ്ങിവച്ച ലേലനടപടികൾ വിവാദം സൃഷ്ടിച്ച്‌ അട്ടിമറിക്കാനും അദാനി ഗ്രൂപ്പിന്റെ ഇംഗിതം നടപ്പാക്കാനുമാണ്‌ അണിയറനീക്കങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്‌ കഴിഞ്ഞശേഷം വി ഡി സതീശൻ നടത്തിയ മംഗളൂരു യാത്രയ്‌ക്ക്‌ ഇതുമായും ബന്ധമുണ്ടെന്ന്‌ ആരോപണമുയരുന്നത്‌ യുക്തിസഹവും ന്യായവുമാണ്‌. ഏതായാലും വൈദ്യുതിമേഖലയിൽ അതിവേഗം ഇരുണ്ട നാളുകൾ തിരിച്ചുവന്നിരിക്കുകയാണ്‌.​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home