ad
Deshabhimani

print edition ആർഎസ്‌എസിന്‌ അടിയറവച്ച യുഡിഎഫ്‌ ഭരണം

editorial.
വെബ് ഡെസ്ക്

Published on Aug 10, 2026, 01:30 AM | 2 min read

യുഡിഎഫ്‌–ബിജെപി സഹകരണം തെരഞ്ഞെടുപ്പുകാലത്തെ ഒത്തുകളിയിൽനിന്നും വോട്ട്‌ മറിക്കലിൽനിന്നും വളർന്ന്‌, അധികാരം പങ്കിടലിലേക്ക്‌ എത്തിയെന്ന് ഉറപ്പിക്കാവുന്ന വിധത്തിലാണ്‌ സംസ്ഥാനത്ത്‌ കാര്യങ്ങളുടെ പോക്ക്‌. കോൺഗ്രസ്‌ ഭരിക്കുന്ന ഇതര സംസ്ഥാനങ്ങളിൽ സംഘപരിവാർ ആശയങ്ങൾ നടപ്പാക്കാൻ അവർ വ്യഗ്രത കാട്ടിയതിന്റെ പല അനുഭവങ്ങളുമുണ്ട്‌. അതിനെയെല്ലാം കടത്തിവെട്ടുന്നവിധത്തിലാണ്‌ നമ്മുടെ സംസ്ഥാനത്ത്‌ യുഡിഎഫ്‌ സർക്കാരിന്റെ നടപടികൾ. സ്വാതന്ത്ര്യദിനാഘോഷ വേളയിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന സംസ്ഥാന സർക്കാർ ഉത്തരവ്‌ ഇതിന്റെ ഭാഗമാണ്‌. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട്‌ വിദ്യാഭ്യാസവകുപ്പ്‌ കുട്ടികൾക്കായി സംഘടിപ്പിച്ച ക്വിസിൽ, ഹിന്ദുത്വപ്രത്യയശാസ്‌ത്രത്തിന്റെ ഉപജ്ഞാതാവ്‌ വി ഡി സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യം ഉൾപ്പെട്ടതും ആകസ്‌മികമല്ല.


ആർഎസ്‌എസിന്‌ അടിയറവച്ച ഭരണമാണ്‌ കേരളത്തിൽ യുഡിഎഫ്‌ നടത്തുന്നതെന്ന്‌ ഇ‍ൗ സർക്കാരിന്റെ തുടക്കത്തിൽത്തന്നെ തെളിഞ്ഞതാണ്‌. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ച്‌ സംഘപരിവാർ പ്രീണനം നടത്തിയെങ്കിൽ നയപ്രഖ്യാപനവേളയിൽ നിയമസഭയിൽ ആദ്യമായി വന്ദേമാതരം മുഴങ്ങി. മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ (സിഇഒ) എന്നനിലയിൽ സംസ്ഥാനത്ത്‌ എസ്‌ഐആറിന്‌ (വോട്ടർപ്പട്ടികയുടെ പ്രത്യേക തീവ്ര പരിശോധന) നേതൃത്വം നൽകുകയും ലക്ഷക്കണക്കിനുപേർക്ക്‌ വോട്ടവകാശം നിഷേധിക്കുകയും ചെയ്‌ത രത്തൻ യു കേൽക്കറിനെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി നിയമിച്ചത്‌ ആർഎസ്എസും ബിജെപിയുമായി യുഡിഎഫിനുള്ള ധാരണയ്‌ക്ക്‌ മറ്റൊരു ഉദാഹരണമായി.


ബംഗാളിൽ സിഇഒ ആയി തെരഞ്ഞെടുപ്പിന്‌ നേതൃത്വം നൽകിയ മനോജ്‌ കുമാർ അഗർവാൾ ബിജെപി മന്ത്രിസഭ വന്നപ്പോൾ ചീഫ്‌ സെക്രട്ടറിയായി നിയമിതനായത്‌ രാജ്യത്താകെ അപലപിക്കപ്പെട്ടു. വോട്ടവകാശം വൻതോതിൽ റദ്ദാക്കി ബിജെപിയെ അധികാരത്തിൽ എത്തിച്ചതിനുള്ള പ്രതിഫലമാണ്‌ മനോജ്‌ കുമാറിന്റെ നിയമനമെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽഗാന്ധിയും ആരോപിച്ചു. കേരളത്തിലാകട്ടെ, കഴിഞ്ഞ തെരഞ്ഞെടുപ്പിനുമുമ്പ്‌ തിരുവനന്തപുരത്ത്‌ ബിജെപിക്ക്‌ താരതമ്യേന കൂടുതൽ സ്വാധീനമുള്ള മണ്ഡലങ്ങളിൽ വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുകയും പുതിയ അപേക്ഷകളുടെ അടിസ്ഥാനത്തിൽ തിരക്കിട്ട്‌ ചേർക്കുകയും ചെയ്‌തിരുന്നു. ഇതിനൊക്കെ നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിർണായക ചുമതലയിൽ എത്തിയതോടെ ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും താൽപ്പര്യങ്ങൾക്ക്‌ സംസ്ഥാനഭരണത്തിൽ മേൽക്കൈ ലഭിക്കുമെന്ന്‌ ആശങ്ക ഉയരുകയും ചെയ്‌തു.


ഇന്ത്യയുടെ ഫെഡറൽ സംവിധാനം തകർക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങൾക്ക്‌ കുടപിടിച്ചുകൊടുക്കുകയാണ്‌ പ്രതിപക്ഷത്തിരുന്നപ്പോഴും യുഡിഎഫ്‌ ചെയ്‌തത്‌. എൽഡിഎഫ്‌ ഭരണകാലത്ത്‌ ഉന്നതവിദ്യാഭ്യാസ മേഖലയിലടക്കം ഇടപെടാൻ വിവിധ സമയങ്ങളിൽ ഗവർണർമാർക്ക്‌ സർവ ഒത്താശയും ചെയ്‌തുകൊടുത്തവരാണ്‌ യുഡിഎഫ്‌ നേതൃത്വം. ഭരണം കിട്ടിയശേഷം സംസ്ഥാനത്തെ സർവകലാശാലകളുടെ തലപ്പത്ത്‌ ആർഎസ്‌എസ്‌ നോമിനികളെ നിയമിക്കാൻ യുഡിഎഫ്‌ സർക്കാർ ഉത്സാഹിക്കുന്നു. സംഘപരിവാറിന്റെ കാവിവൽക്കരണ അജൻഡ വിദ്യാഭ്യാസമേഖലയിൽ നിർലജ്ജം നടപ്പാക്കുകയാണ്‌ കോൺഗ്രസ്‌, മുസ്ലിംലീഗ്‌ മന്ത്രിമാർ. വൈസ്‌ ചാൻസലർമാരായും സിൻഡിക്കറ്റ്‌ അംഗങ്ങളായും സംഘപരിവാറുകാരെ ഗവർണർ അവരോധിക്കുമ്പോൾ സർക്കാർ എതിർത്ത്‌ ഒരക്ഷരം പറയുന്നില്ല.


സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ യോഗം ഗവർണർ നേരിട്ട്‌ ലോക്‌ഭവനിൽ വിളിച്ചപ്പോഴും ഭരണനേതൃത്വത്തിന്‌ അതിൽ കുഴപ്പമൊന്നും തോന്നിയില്ല. എൽഡിഎഫ്‌ സർക്കാർ സംസ്ഥാനത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ജനാധിപത്യപരവും നിയമപരവും രാഷ്‌ട്രീയവുമായ പോരാട്ടങ്ങൾ നടത്തിയപ്പോൾ അതിനൊപ്പം നിൽക്കാൻ തയ്യാറാകാതെ ബിജെപിയുടെ മുന്നിൽ ‘നല്ല കുട്ടികളായി’ ചമയാനാണ്‌ യുഡിഎഫ്‌ ശ്രമിച്ചത്‌. അതേസമയം, തെരഞ്ഞെടുപ്പ്‌ കാലങ്ങളിൽ എൽഡിഎഫിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച്‌ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു.


യുഡിഎഫ്‌ സംഘപരിവാറിനുവേണ്ടിയാണ്‌ ഭരിക്കുന്നതെന്ന്‌ പകൽവെളിച്ചത്തിൽ വ്യക്തമാക്കുന്നതാണ്‌ വന്ദേമാതരം സ്വാതന്ത്ര്യദിനാഘോഷത്തിൽ പൂർണമായും ആലപിക്കാനുള്ള ചീഫ്‌ സെക്രട്ടറിയുടെ ഉത്തരവ്‌. സംസ്ഥാന സർക്കാരിനാണ്‌ ഇ‍ൗ ഉത്തരവിന്റെ ഉത്തരവാദിത്വം; ഏതെങ്കിലും ഉദ്യോഗസ്ഥനെ പഴിച്ച്‌ രക്ഷപ്പെടാനാകില്ല. പൂർണമായ വന്ദേമാതരം മതനിരപേക്ഷതയുമായി ഒത്തുപോകുന്നതല്ലെന്ന്‌ ഭരണഘടനാ നിർമാണസഭ കണ്ടെത്തിയതാണ്‌. കോൺഗ്രസിന്റെയും ജവാഹർലാൽ നെഹ്‌റുവിന്റെയും നിലപാടും അതുതന്നെയായിരുന്നു. വന്ദേമാതരത്തിന്റെ ആദ്യ ഇ‍ൗരടികൾമാത്രം ആലപിച്ചാൽ മതിയെന്ന നയമാണ്‌ യുഡിഎഫ്‌ സർക്കാർ മാറ്റിയത്‌. ദേശീയഗാനമായി വന്ദേമാതരത്തെ ഉയർത്താനുള്ള ആർഎസ്‌എസ്‌ അജൻഡയ്‌ക്ക്‌ വെള്ളവും വളവും നൽകുകയാണ്‌ യുഡിഎഫ്‌ സർക്കാർ. തീവ്ര ഹിന്ദുത്വ നേതാവ് ഗോൾവാൾക്കറുടെ ഫോട്ടോയ്‌ക്കു മുന്നിൽ വി ഡി സതീശൻ ദീപംകൊളുത്തിയത്‌ വർഷങ്ങൾക്കുമുമ്പാണ്‌. അതേ വിധേയത്വം പതിന്മടങ്ങായി പ്രകടിപ്പിക്കുകയാണ്‌ സതീശൻ നേതൃത്വം നൽകുന്ന സർക്കാർ. ജനാധിപത്യ–മതനിരപേക്ഷ കേരളം ‍ഇത്‌ പൊറുക്കില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home