ad
Deshabhimani

യുഎസിന്റെ ദാസ്യരാകുന്ന ഇന്ത്യൻ ഭരണകൂടം

edit
വെബ് ഡെസ്ക്

Published on Feb 04, 2026, 12:00 AM | 3 min read


യുഎസ് പ്രസിഡന്റ്‌ ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്ക ഭീഷണിക്കുമുന്നിൽ ഇന്ത്യ വഴങ്ങിയിരിക്കുന്നു. ഇന്ത്യയിലേക്കുള്ള അമേരിക്കൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി, തീരുവരഹിതമാക്കാൻ ഇന്ത്യ സമ്മതിച്ചിരിക്കുന്നു. ഇന്ധനം, കൃഷി, കൽക്കരി, ടെക്നോളജി തുടങ്ങിയ മേഖലകളിലായി 50,000 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് അമേരിക്ക ഒഴുക്കും. യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനുപിന്നാലെ യുഎസുമായി കരാറിൽ ഏർപ്പെടുന്നതോടെ ഇന്ത്യൻ വിപണി ഏതാണ്ട് പൂർണമായി വിദേശ ഉൽപ്പന്നങ്ങൾക്കുമുന്നിൽ തുറക്കും. തീരുവയില്ലാതെയും നാമമാത്ര തീരുവയിലും ഇറക്കുമതി ചെയ്യുന്ന വിദേശ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാകുന്നതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾ പുറന്തള്ളപ്പെടും. രാജ്യത്ത് കൃഷിയും വ്യവസായവും കൂടുതൽ തളരും. ലക്ഷങ്ങൾ തൊഴിൽരഹിതരാകും.


ഇന്ത്യയുടെ കയറ്റുമതി ഉൽപ്പന്നങ്ങൾക്ക് ആദ്യം 25 ശതമാനം പകരച്ചുങ്കം ഏർപ്പെടുത്തിയും പിന്നെയത് 50 ശതമാനമാക്കി ഉയർത്തിയുമാണ്, ഇന്ത്യയിലേക്കുള്ള അമേരിക്കൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി, തീരുവരഹിതമാക്കണമെന്ന് അമേരിക്ക ശഠിച്ചത്. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്നും ശഠിച്ചു. അതിനൊക്കെയും ഇന്ത്യ വഴങ്ങിയെന്നാണ് യുഎസ് പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ് അറിയിച്ചിരിക്കുന്നത്. പകരം അമേരിക്കയിലേക്ക് ഇന്ത്യ കയറ്റി അയക്കുന്ന ഉൽപ്പന്നങ്ങളുടെ തീരുവ 18 ശതമാനമായി കുറച്ചിട്ടുണ്ട്. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി വെനസ്വേലയിൽനിന്ന്‌ കൂടുതൽ എണ്ണ വാങ്ങാനും ഇന്ത്യ സമ്മതിച്ചതായി ട്രംപ് അറിയിച്ചിട്ടുണ്ട്.


തിങ്കൾ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചശേഷമാണ് വ്യാപാര കരാറിൽ ധാരണയായതെന്ന് ട്രംപ് പറയുന്നു. മോദിയുടെ അഭ്യർഥനപ്രകാരമാണ് തീരുവ കുറച്ചതെന്ന് ട്രംപ് വെളിപ്പെടുത്തി. തീരുവ കുറച്ചതിന് ട്രംപിന് മോദി നന്ദി പറഞ്ഞു. മോദിയും ട്രംപും തമ്മിലുള്ള ഊഷ്മളമായ സൗഹൃദമാണ് യുഎസുമായി ഈ കരാറിലേക്ക് ഇന്ത്യയെ എത്തിച്ചതെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ്‌ ഗോയൽ പ്രതികരിച്ചിട്ടുണ്ട്‌. പാർലമെന്റ്‌ സമ്മേളിക്കുന്ന വേളയിൽ ഒരു ഉഭയകക്ഷി കരാർ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ ഏകപക്ഷീയമായി യുഎസ് പ്രസിഡന്റ്‌ വെളിപ്പെടുത്തുന്നത് എത്രമാത്രം അപഹാസ്യവും അവഹേളനവുമാണെന്ന് ഇന്ത്യയിലെ ഭരണകേന്ദ്രം തിരിച്ചറിഞ്ഞില്ലെങ്കിലും ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.


എല്ലാ കാര്യങ്ങളിലും അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ (യുഎസ് ഫസ്റ്റ്) എന്ന പേരിൽ ഡോണൾഡ് ട്രംപ് കാട്ടിക്കൂട്ടുന്ന അതിക്രമങ്ങൾക്കുമുന്നിൽ വിനീതവിധേയരായി നിന്നാൽ ഹനിക്കപ്പെടുന്നത് രാജ്യതാൽപ്പര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ കേന്ദ്ര സർക്കാരിനോ അറിയാത്തതല്ല. കരുത്തിന്റെ പ്രതീകമെന്ന് ആരാധകർ കൊട്ടിഘോഷിക്കുന്ന നരേന്ദ്ര മോദി പഴയ സുഹൃത്തായ ട്രംപിനുമുന്നിൽ ദുർബലനാകുന്നതിനു കാരണവും വ്യക്തമല്ല. ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ നരേന്ദ്ര മോദിയുടെ പേരുമുണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ബ്ലാക്ക്‌മെയിൽ തന്ത്രത്തിന്റെ സന്തതിയാണോ ഈ കരാറെന്ന സംശയവും ഉയർന്നേക്കാം. ഒട്ടും സൃഷ്ടിപരമല്ലാത്ത കേന്ദ്ര ബജറ്റിന്റെ ജാള്യം മറയ്ക്കാൻകൂടി, മാധ്യമസഹായത്തോടെ വ്യാപാര കരാറിനെ ഉപയോഗപ്പെടുത്താമെന്ന് മോദി–അമിത് ഷാ ഉപജാപകവൃന്ദം കണക്കുകൂട്ടുന്നുണ്ടാകും. ഇന്ത്യക്കെതിരെമാത്രമല്ല, ചൈനയ്‌ക്കെതിരെയും ട്രംപ് പകരച്ചുങ്കം ചുമത്തിയിരുന്നു; അതും 100 ശതമാനം. യുഎസ്‌ ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതിച്ചുങ്കം കൂട്ടി ചൈന തിരിച്ചടിച്ചതോടെ ട്രംപ് വലിഞ്ഞു. ഒടുവിൽ ഇരുകൂട്ടരും പഴയ ചുങ്കം പുനഃസ്ഥാപിച്ചു. ട്രംപിന്റെ ഭീഷണി ചൈനയ്ക്കുമുന്നിൽ വിലപ്പോയില്ല.


യുഎസ്‌ സമ്മർദത്തിന് വഴങ്ങി റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയാൽ അത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കും. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ 35 മുതൽ 40 ശതമാനംവരെ റഷ്യയിൽനിന്നാണ്. ആഗോളവിലയിൽനിന്ന് ബാരലിന് 10 മുതൽ 20 വരെ ഡോളർ വില കുറച്ചാണ് റഷ്യ ഇന്ത്യക്ക് എണ്ണ നൽകുന്നത്. ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയുമാണ്. റഷ്യയെ ഒഴിവാക്കി അമേരിക്കയുടെ നിർദേശമനുസരിച്ച് മറ്റു രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്താൽ വിലക്കുറവ് ലഭിക്കില്ല. ആഭ്യന്തരവിപണിയിൽ വില ഇനിയും കൂടും. അത് ഇപ്പോൾത്തന്നെ രൂക്ഷമായ വിലക്കയറ്റത്തെ അതിരൂക്ഷമാക്കും. ജനജീവിതം ദുരിതത്തിലാകും.


ഇന്ത്യയിലെ ജനസാമാന്യത്തെ ഇത്രയധികം ഗുരുതരമായി ബാധിക്കുന്ന വിഷയം ‘പഴയ സുഹൃത്തുക്കൾ' ഒറ്റ ഫോൺ കോളിൽ തീർത്തു എന്നു പറയുമ്പോൾത്തന്നെ, ഇന്ത്യൻ ഭരണാധികാരിക്ക് രാജ്യതാൽപ്പര്യം എത്രമാത്രം പ്രധാനമാണെന്ന് വ്യക്തമാകും. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിക്ക് വംശഹത്യയുടെ പേരിൽ വിസ നിഷേധിച്ച വിദേശരാജ്യങ്ങൾ ഇപ്പോൾ പരവതാനി വിരിച്ചത് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ വിപണിയാണെന്ന കാരണത്താലാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.


ഇരുകക്ഷികൾക്കും പ്രയോജനപ്രദമാകുന്നതാകണം വ്യാപാര കരാറുകൾ. അതിന് ഇരുകൂട്ടരും തുല്യരാണെന്ന ബോധ്യം വേണം. അമേരിക്കയ്‌ക്കുമുന്നിൽ വിധേയത്വം പ്രകടമാക്കിയ ഇന്ത്യക്കായിരിക്കും കരാറിൽ ദോഷമെന്നതിന് സംശയമില്ല. യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറും ഇപ്പോൾ യുഎസുമായുള്ള വ്യാപാര കരാറും ഇന്ത്യ എന്ന വലിയ വിപണിയെ യഥേഷ്ടം ചൂഷണം ചെയ്യാനുള്ള അനുമതിപത്രമായി വേണം കണക്കാക്കാൻ. കൃഷിയും വ്യവസായവും തളർന്ന് ഇന്ത്യ ഒരു ഉപഭോക്തൃരാജ്യമായി, ഒരൊറ്റ വലിയ വിപണിയായി മാറുന്ന സ്ഥിതിവിശേഷമാകും അതുമൂലം സംജാതമാകുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home