സർക്കാർ ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സ്ഥലംമാറ്റം

യുഡിഎഫ് സർക്കാർ അധികാരമേറ്റതിനുപിന്നാലെ സർക്കാർ സർവീസിൽ അരങ്ങേറുന്ന ക്രമവിരുദ്ധ സ്ഥലംമാറ്റങ്ങളും നിയമന ഇടപെടലുകളും ഗുരുതരമായ ആശങ്കകൾക്ക് വഴിവയ്‌ക്കുകയാണ്. നിലവിലുള്ള ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്ന് രാഷ്ട്രീയതാൽപ്പര്യങ്ങൾക്കും ഭരണാനുകൂല സംഘടനാ സമ്മർദങ്ങൾക്കും അഴിമതിക്കും കീഴ്‌പെട്ടുള്ള വ്യാപകമായ സ്ഥലംമാറ്റങ്ങൾ ഭരണസംവിധാനത്തിന്റെ നിഷ്‌പക്ഷതയെത്തന്നെ ചോദ്യംചെയ്യുന്നു.
വിവിധ വകുപ്പുകളിൽ ജീവനക്കാരെ മാനുഷിക പരിഗണനപോലും കണക്കിലെടുക്കാതെ സ്ഥലംമാറ്റുന്നുവെന്ന പരാതികൾ വ്യാപകമാണ്. ഗുരുതര രോഗബാധിതരായ ജീവനക്കാരെയും വിരമിക്കൽ അടുത്തവരെയും ദൂരസ്ഥലങ്ങളിലേക്ക് മാറ്റുന്ന മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിക്കുന്നത്. ഭരണം മാറുമ്പോൾ സ്വാഭാവികമായ ക്രമീകരണങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇത്രമേൽ നഗ്നമായ രാഷ്ട്രീയപകപോക്കലും ലക്ഷങ്ങളുടെ കോഴയിടപാടുകളും കേട്ടുകേൾവി ഇല്ലാത്തതാണ്.
ക്രമവിരുദ്ധമായി സ്ഥലംമാറ്റിയതിൽ മനംനൊന്ത് കേരള പൊലീസിലെ സിവിൽ പൊലീസ് ഓഫീസർ കോഴിക്കോട് കൊളത്തൂർ പുതുക്കുടി സുബിൻലാൽ തൂങ്ങിമരിക്കുന്ന സ്ഥിതിയുണ്ടായി. യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം സ്വജനപക്ഷപാതംമാത്രം ലക്ഷ്യമിട്ട് നടത്തിയ കൂട്ട സ്ഥലംമാറ്റങ്ങളുടെ ഇരയാണ് മുപ്പത്തേഴുകാരനായ സുബിൻലാൽ. താൻ നൽകിയ ഓപ്ഷനുകൾ പരിഗണിക്കാതെ വീട്ടിൽനിന്ന് ഏറെ അകലെയുള്ള ഫറോക്ക് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയതാണ് സുബിൻലാലിന്റെ മാനസികനില തെറ്റിച്ചതും ജീവനെടുത്തതും. ഒരു ഉദ്യോഗസ്ഥന് നീതിപൂർവമായ പരിഗണന ലഭിച്ചില്ലെന്ന ബോധ്യവും ഭരണനടപടികളോടുള്ള നിരാശയും ഉണ്ടാകുന്ന സാഹചര്യം ജനാധിപത്യഭരണത്തിന് യോജിച്ചതല്ല. സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റങ്ങൾ നടക്കേണ്ടത് പ്രധാനമായും പൊതു മാനദണ്ഡങ്ങൾവഴിയാകണം.
ഇതുപ്രകാരം ഒരു സ്ഥലത്ത് മൂന്നുവർഷം പൂർത്തിയാക്കിയ ജീവനക്കാരെയേ പൊതു സ്ഥലംമാറ്റത്തിൽ ഉൾപ്പെടുത്താവൂ. നടപടികൾ പൂർണമായും ഓൺലൈൻ സംവിധാനംവഴി നടപ്പാക്കുകയും വേണം. ജീവനക്കാർക്ക് മൂന്ന് ഓപ്ഷനുകൾ നൽകാനുള്ള അവസരവുമുണ്ട്. ഈ നയം പാടേ അട്ടിമറിക്കുകയാണ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ. എൽഡിഎഫ് സർക്കാർ പൊതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽമാത്രമാണ് സ്ഥലംമാറ്റം നടത്തിയിരുന്നത്. എന്നാൽ, ഭരണമാറ്റത്തോടെ ജീവനക്കാരുടെ ഇടയിൽ കാര്യമായ സ്വാധീനംപോലുമില്ലാത്ത ഭരണപക്ഷ സർവീസ് സംഘടനകളുടെ സ്വജനപക്ഷപാതവും ദ്രോഹബുദ്ധിയും നേതാക്കളുടെ അഴിമതിയും സ്ഥലംമാറ്റത്തെ നിയന്ത്രിക്കുന്ന നിലയായി.
പ്രത്യേകിച്ച് ആരോഗ്യവകുപ്പിലെ സംഭവവികാസങ്ങൾ ആശങ്കാജനകമാണ്. സംസ്ഥാനം വിവിധ പകർച്ചവ്യാധി വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തിൽ പ്രധാന ഉദ്യോഗസ്ഥരെ അപ്രതീക്ഷിതമായി മാറ്റിയ നടപടി പ്രതിരോധപ്രവർത്തനങ്ങളുടെ കാര്യക്ഷമതയെ ബാധിക്കുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറെ നീക്കിയതിനെ തുടർന്നുണ്ടായ സംഭവവികാസം പകർച്ചവ്യാധികളുടെ പിടിയിലായ സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയ്ക്കുതന്നെ ഭീഷണിയായി. ഡോക്ടർമാരുടെ സ്ഥലംമാറ്റത്തിന് കോഴനിരക്ക് നിശ്ചയിച്ച് ലോബികൾ സജീവമാണ്. ആരോഗ്യസംവിധാനത്തിന്റെ സ്ഥിരതയും പ്രവർത്തനക്ഷമതയും ഉറപ്പാക്കേണ്ട സമയത്ത് ഭരണപരമായ അനിശ്ചിതത്വം സൃഷ്ടിക്കുന്നത് പൊതുജനതാൽപ്പര്യത്തിന് വിരുദ്ധമാണ്. ട്രഷറി, അഗ്നി രക്ഷാസേന ഉൾപ്പെടെ വിവിധ വകുപ്പുകളിൽ ആവർത്തിച്ചാണ് കൂട്ട സ്ഥലംമാറ്റം നടക്കുന്നത്. പലതും അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്യുന്നുണ്ട്.
സെക്രട്ടറിയറ്റിലും വിവിധ വകുപ്പുകളിലും പവർ ബ്രോക്കർമാരുടെയും ഇടനിലക്കാരുടെയും സ്വാധീനം വർധിക്കുന്നുവെന്ന ആരോപണങ്ങളും ഗൗരവമുള്ളതാണ്. ഇവരുടെ തള്ളിച്ചയ്‌ക്കിടയിൽ സെക്രട്ടറിയറ്റിലെ ലിഫ്‌റ്റുതന്നെ തകരുന്ന സ്ഥിതിയുണ്ടായി. സ്ഥലംമാറ്റങ്ങളും നിയമനങ്ങളും സംബന്ധിച്ച തീരുമാനങ്ങൾ ഔദ്യോഗികസംവിധാനങ്ങൾക്കുപകരം അനൗദ്യോഗികകേന്ദ്രങ്ങൾ നിയന്ത്രിക്കുന്നത് ജനവിശ്വാസത്തെ തകർക്കും. ജനാധിപത്യഭരണത്തിന്റെ അടിസ്ഥാനം സുതാര്യതയും നീതിയും നിയമവാഴ്ചയുമാണ്. ജീവനക്കാരുടെ അവകാശങ്ങളും ആത്മാഭിമാനവും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. രാഷ്ട്രീയപകപോക്കലും അഴിമതിയും ആരോപിക്കപ്പെടുന്ന നടപടികളിൽനിന്ന് സർക്കാർ പിന്മാറി, പൊതു സ്ഥലംമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കണം. കേരളത്തിന്റെ ഭരണപാരമ്പര്യവും ജനാധിപത്യസംസ്കാരവും സംരക്ഷിക്കാൻ ഇത് അനിവാര്യമാണ്.









0 comments