ad
Deshabhimani

print edition ജാതിവെറിയുടെ 
ഭീകരമുഖം

editorial.

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 14, 2026, 12:01 AM | 2 min read

‘‘കുട്ടികൾക്ക് ഭയവും ബഹുമാനവും ഉണ്ടായിരുന്ന ഒരു അധ്യാപകനുണ്ടായിരുന്നു, മൂന്നാംക്ലാസിൽ. അദ്ദേഹം എന്നെ പേരു വിളിക്കില്ല, പാണൻ എന്നാണ് വിളിക്കുക. ബോർഡിൽ കണക്കെഴുതി: ‘പാണൻ പറയെടാ’ എന്നു പറയും. സഹികെട്ട് ഒരിക്കൽ ഞാൻ പറഞ്ഞു: സാർ എന്നെ ജാതിപ്പേര് വിളിക്കരുത്; കുഞ്ഞാമൻ എന്നു വിളിക്കണം. ‘എന്താടാ നിന്നെ ജാതിപ്പേര് വിളിച്ചാൽ’ എന്നു ചോദിച്ച് ചെകിട്ടത്ത് ആഞ്ഞടിച്ചു. അയാൾ നാട്ടിലെ പ്രമാണിയാണ്. ‘എവിടെടാ പുസ്തകം’ എന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ, ‘കഞ്ഞി കുടിക്കാനാ വന്നത്... പഠിക്കാനല്ല’ എന്നായി പരിഹാസം. അടിയേറ്റ് വിങ്ങിയ കവിളുമായാണ് വീട്ടിലെത്തിയത്. അമ്മയോട് കാര്യം പറഞ്ഞു. അവർ പറഞ്ഞു: ‘നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല മോനേ, നന്നായി വായിച്ചുപഠിക്കൂ’’–ദളിത് സമുദായത്തിൽ പിറന്ന്, അങ്ങേയറ്റം പരിതാപകരമായ ഭൗതികസാഹചര്യങ്ങളോട് പൊരുതി, ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ മുഴുവൻ നിയന്ത്രിക്കുന്ന യുജിസിയുടെ ഉന്നതാധികാരസമിതിയിൽവരെ എത്തിയ ഡോ. എം കുഞ്ഞാമൻ തന്റെ അതിജീവനക്കുറിപ്പുകളിൽ (എതിര്) എഴുതിയ ഒരനുഭവമാണ് മുകളിൽ കുറിച്ചത്. ഇങ്ങനെ എത്രയെത്ര ദുരനുഭവങ്ങൾ. സ്വതന്ത്ര ഇന്ത്യയിൽ ഏതാണ്ട് 70 വർഷംമുമ്പ്, കേരളപ്പിറവിയുടെ കാലത്താണ് ഡോ. കുഞ്ഞാമന്റെ ഈ ബാല്യകാല അനുഭവം. ഇന്നിപ്പോൾ, ആധുനിക–പുരോഗമന കേരളത്തിലും സമാനസംഭവങ്ങൾ ആവർത്തിക്കുന്നു എന്നത് നമ്മെ ഞെട്ടിക്കുന്നു, ലജ്ജിപ്പിക്കുന്നു.


ജാതിവെറിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജ് വിദ്യാർഥി നിധിൻ രാജിന്റെ ആത്മഹത്യ. ക്രൂരമായ ജാതി അധിക്ഷേപമാണ് നിധിൻ നേരിട്ടത്. അതും ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകരിൽനിന്ന്. ജാതി, നിറം, മാതാപിതാക്കളുടെ തൊഴിൽ എന്നിവയുടെയൊക്കെ പേരിൽ അധ്യാപകർ കളിയാക്കിയതും ഭീഷണിപ്പെടുത്തിയതും വ്യക്തമാക്കി നിധിൻ സഹപാഠികൾക്ക് അയച്ച ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. പുഴുത്ത പട്ടി, തെരുവുപട്ടി എന്നൊക്കെ വിളിച്ച അധ്യാപകർ, ജാതിയുടെ പേരിൽ കൈയും കാലും വെട്ടുമെന്നുവരെ ഭീഷണിപ്പെടുത്തി. സ്റ്റാഫ് റൂം അധിക്ഷേപകേന്ദ്രമായി മാറിയിരുന്നു. സംഭവത്തിൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അധ്യാപിക ഡോ. സംഗീത നമ്പ്യാർ എന്നിവരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുന്നു. കോളേജിലെ ജാതി, മാനസിക പീഡനത്തെക്കുറിച്ച് സഹോദരിയോടും സഹോദരീഭർത്താവിനോടും നിധിൻ പറഞ്ഞിരുന്നതായി അവരും വെളിപ്പെടുത്തി. 2016 ജനുവരി 17ന് ഹൈദരാബാദ് സർവകലാശാലയിൽ ജാതി–വർണ വിവേചനത്തിന്റെ ഇരയായി രോഹിത് വെമൂല ജീവനൊടുക്കിയതും ഇതോടൊപ്പം കൂട്ടിവായിക്കാം.


നിധിന്റെ ജീവനെടുത്ത സവർണ ജാതിഭീകരതയ്‌ക്കെതിരെ കേരളത്തിലെമ്പാടും പ്രതിഷേധത്തിന്റെ അഗ്നിജ്വാലകൾ ആളിപ്പടരുന്നുണ്ടെന്നത് ആശ്വാസകരം. എസ്എഫ്ഐ, ഡിവൈഎഫ്ഐ തുടങ്ങിയ വിദ്യാർഥി–യുവജന സംഘടനകൾ, മറ്റു ബഹുജനസംഘടനകൾ, രാഷ്ട്രീയപ്രസ്ഥാനങ്ങൾ എന്നിവയെല്ലാം പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിധിന്റെ വീട്ടിലെത്തി. രണ്ടു കാര്യം ഞങ്ങൾ വ്യക്തമായി പറയട്ടെ. ഡോ. എം കെ റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ അധ്യാപകരായി തുടരാൻ പാടില്ല. അവർക്ക് ആ യോഗ്യത ഇല്ല. നിധിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്നും സംശയമുയരുന്നുണ്ട്. ആ വഴിക്കും അന്വേഷണം വേണം.


യുജിസി കണക്കുപ്രകാരംതന്നെ രാജ്യത്ത് ജാതിവിവേചനവുമായി ബന്ധപ്പെട്ട് 1160 പരാതികൾ അടുത്തിടെ ഉണ്ടായിട്ടുണ്ട്. സമീപകാലത്ത് കേരള സർവകലാശാല സംസ്കൃതവിഭാഗത്തിൽ പിഎച്ച്ഡി വിദ്യാർഥിയായിരുന്ന വിപിൻ വിജയൻ വകുപ്പ് അധ്യക്ഷയിൽനിന്ന് നേരിട്ട ദുരനുഭവങ്ങൾ വലിയ വിവാദമായിരുന്നു. 2015ൽ മഹാത്മാഗാന്ധി സർവകലാശാലയിൽ ദീപ മോഹനനും ദുരനുഭവമുണ്ടായി. കേരളവും ജാതിഭ്രാന്തിൽനിന്ന് ഇപ്പോഴും പൂർണമായി മോചിതമായിട്ടില്ലെന്ന് ചുരുക്കം. ശ്രീനാരായണഗുരുവിന്റെ "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന ലോകപ്രസിദ്ധമായ, ലോകത്താകെ വെളിച്ചംപകരുന്ന സന്ദേശം പ്രസരിച്ചത് കേരളത്തിന്റെ ഈ മണ്ണിൽനിന്നാണ്. 21-–ാം നൂറ്റാണ്ടിന്റെ ഒന്നാംപാദം പിന്നിടുമ്പോഴും ജാതിബോധവും ജാതിവിവേചനവും നിലനിൽക്കുന്നു എന്നത് എല്ലാ മലയാളികളെയും ലജ്ജിപ്പിക്കുന്നു. ജാതിഭ്രാന്തിനെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കണം. ആ ഭീകരത ഇനിയും തലപൊക്കരുത്. നിധിൻ രാജുമാർ ഇനി ഉണ്ടായിക്കൂടാ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home