ഫെഡറലിസം കാക്കാൻ യോജിച്ച പോരാട്ടം അനിവാര്യം

സംഘപരിവാറിന്റെയും അവരുടെ രാഷ്‌ട്രീയ ഉപകരണമായ ബിജെപിയുടെയും ദീർഘകാല അജൻഡകൾ നിറവേറ്റാൻ സഹായിക്കുന്നതാണ് അഞ്ചു നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുഫലമെന്ന് ആശങ്ക ഉയരുകയാണ്. കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങളെയും ഫെഡറൽവിരുദ്ധ സമീപനങ്ങളെയും നടപടികളെയും ശക്തമായി ചെറുത്തിരുന്ന മൂന്ന് സംസ്ഥാന സർക്കാരുകൾ ഇൗ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. കേരളത്തിൽ എൽഡിഎഫും തമിഴ്‌നാട്ടിൽ ഡിഎംകെയും ബംഗാളിൽ ടിഎംസിയും നയിച്ചിരുന്ന സർക്കാരുകൾ പല മേഖലകളിലും കേന്ദ്രനയങ്ങളുടെ ഇരകളായിരുന്നു. ബിജെപിയുടെ സമ്മർദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങാതെ നിലകൊണ്ട ഇൗ മൂന്ന് സർക്കാരുകളും അധികാരത്തിൽനിന്ന് പുറത്തായി.
ഭരണഘടനയിൽ അധിഷ്‌ഠിതമായ ഫെഡറലിസമാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ കരുത്ത്. അമിതാധികാരപ്രയോഗത്തിലും സാംസ്‌കാരിക അധിനിവേശതന്ത്രങ്ങളിലും വിശ്വസിക്കുന്ന ബിജെപി, ഫെഡറൽ സംവിധാനത്തിന്റെ കടുത്ത ശത്രുവാണ്. ഒളിഞ്ഞും തെളിഞ്ഞും ഇൗ നിലപാട് ബിജെപി പലതവണ വ്യക്തമാക്കിയിട്ടുണ്ട്. മോദിസർക്കാർ വന്നശേഷം നടപ്പാക്കിയ ജിഎസ്‌ടിയും വിദ്യാഭ്യാസ, കാർഷിക, വനം, തൊഴിൽ, വ്യവസായ, നിയമ മേഖലകളിലെ പരിഷ്‌കാരങ്ങളും ഭേദഗതികളും സംസ്ഥാനങ്ങൾക്കെതിരായ കടന്നാക്രമണത്തിന് ഉദാഹരണങ്ങളാണ്. സംസ്ഥാനങ്ങളെ സാന്പത്തികമായി ഞെരുക്കാനും ദുർബലപ്പെടുത്താനും കേന്ദ്രം നിരന്തരം ശ്രമിക്കുന്നു. സംസ്ഥാനങ്ങളുടെ അധികാരങ്ങളിലും അവകാശങ്ങളിലും ഗവർണർപദവി ദുരുപയോഗിച്ച് കടന്നുകയറുകയും ചെയ്യുകയാണ്. കേരളത്തിലെ എൽഡിഎഫ് സർക്കാർ 10 വർഷമായി കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം അടക്കമുള്ള രാഷ്‌ട്രീയ പകപോക്കൽ നടപടികളെ നേരിട്ടാണ് മുന്നോട്ടുപോയത്. ഉന്നതവിദ്യാഭ്യാസമേഖലയിൽ സംഘപരിവാറിന്റെ ഇടപെടൽ ചെറുക്കാൻ ശ്രമിച്ച എൽഡിഎഫ് സർക്കാരിനെതിരെ ഗവർണർമാരെ ഉപയോഗിച്ച് കേന്ദ്രം യുദ്ധത്തിന് തയ്യാറായി.
ഇതേ അനുഭവമാണ് അഞ്ചുവർഷമായി തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരും നേരിട്ടത്. ബംഗാളിലെ ടിഎംസി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി കേന്ദ്ര അന്വേഷണ ഏജൻസികളെ രംഗത്തിറക്കി. കേന്ദ്രത്തിന്റെ സാന്പത്തികനയങ്ങളെ കാര്യമായി എതിർത്തില്ലെങ്കിലും രാഷ്‌ട്രീയമായി അവരുമായി പോരിന് ടിഎംസി മുതിർന്നു. അതേസമയം കർണാടകം, തെലങ്കാന, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ മോദിസർക്കാരുമായി പരമാവധി സഹകരിച്ച് നീങ്ങുകയാണ്. ബിജെപിക്ക് ഡൽഹിയിൽ രാഷ്ട്രീയവെല്ലുവിളി ഉയർത്തിയ ആം ആദ്‌മി പാർടി സർക്കാരിനെ തകർക്കാനും കോൺഗ്രസ് ഒത്താശ ചെയ്‌തുകൊടുത്തു.
പ്രതിപക്ഷസംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്രത്തിന്റെ ദ്രോഹനിലപാടിനെതിരായി എൽഡിഎഫ് സർക്കാർ ഡൽഹിയിൽ സമരം സംഘടിപ്പിച്ചു. കോൺഗ്രസ് ഒഴികെയുള്ള പ്രധാന പ്രതിപക്ഷപാർടികളെല്ലാം സമരത്തിന് ഐക്യദാർഢ്യവുമായി എത്തി. ധനകാര്യമേഖലയിൽ കേന്ദ്രത്തിന്റെ പ്രതികാരബുദ്ധിയോടെയുള്ള നയസമീപനത്തെ സുപ്രീംകോടതിയിൽ കേരളം ചോദ്യംചെയ്‌തു. ഗവർണർമാരുടെ വഴിവിട്ട ഇടപെടലുകൾക്കെതിരായും ഇടതുപക്ഷവും ഡിഎംകെയും ടിഎംസിയും പൊരുതി. ഫെഡറൽ തത്വങ്ങളെ തകർക്കുന്ന കേന്ദ്രനിലപാടിനെതിരായി ദേശീയതലത്തിൽ ജനവികാരം ഉയർത്തിക്കൊണ്ടുവരാനും ഇൗ മൂന്നു പ്രതിപക്ഷ സംസ്ഥാനങ്ങൾക്കായി. 2024ലെ ലോക്‌സഭാ പൊതു തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തനിച്ച് കേവലഭൂരിപക്ഷം നഷ്ടപ്പെടാൻ കേരളവും തമിഴ്‌നാടും ബംഗാളും നടത്തിയ പോരാട്ടങ്ങളും കാരണമായി. അതിനാൽ ഇൗ മൂന്ന് സംസ്ഥാനങ്ങളെയും ഏതുവിധേനയും വീഴ്‌ത്തുകയെന്നത് സംഘപരിവാറിന്റെയും ബിജെപിയുടെയും ലക്ഷ്യമായിരുന്നു. അതിനായി ഗൂഢതന്ത്രങ്ങൾ പയറ്റി.
കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരായി വലിയ തോതിൽ അപവാദപ്രചാരണം സംഘടിപ്പിച്ചു. രാജ്യത്തെ കമ്യൂണിസ്റ്റ് സാന്നിധ്യം അവസാനിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിൽ ഡിഎംകെയ്‌ക്കെതിരായി ബദൽ രാഷ്ട്രീയസംവിധാനങ്ങൾ ഒരുക്കാൻ അണിയറയിൽ പ്രവർത്തിച്ചു. അതിനായി ആളും അർഥവും നൽകി. ബംഗാളിൽ വർഗീയധ്രുവീകരണ രാഷ്ട്രീയം തീവ്രമാക്കിയ ബിജെപിയുടെ കെണിയിൽ മമത ബാനർജി വീഴുകയും ചെയ്‌തു. രാജ്യസഭയിൽ ബിജെപി സാന്നിധ്യം വർധിക്കാൻ ബംഗാളിൽ അവർ നേടിയ വിജയം കാരണമാകും. ഇത്തരത്തിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ ഫലപ്രദമായ യോജിച്ച രാഷ്‌ട്രീയപോരാട്ടത്തിന് മതനിരപേക്ഷ ജനാധിപത്യ പാർടികൾ തയ്യാറാകാത്തപക്ഷം രാജ്യത്തിന്റെ ഭാവി കൂടുതൽ ഇരുളടഞ്ഞതാകും.











0 comments