ad
Deshabhimani

സ്‌ത്രീസുരക്ഷാ പദ്ധതി നിർത്താനുള്ള നീക്കം ചെറുക്കണം​

editorial today
വെബ് ഡെസ്ക്

Published on Jul 01, 2026, 12:01 AM | 2 min read

വീട്ടമ്മമാരുടെ ആത്മാഭിമാനം ഉയർത്തി രാജ്യത്ത്‌ ആദ്യമായി എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ ‘സ്‌ത്രീസുരക്ഷാ പദ്ധതി’ നിർത്തലാക്കാനാണ്‌ യുഡിഎഫ്‌ സർക്കാരിന്റെ നീക്കമെന്ന്‌ വ്യക്തമാക്കുന്നതാണ്‌ നിയമസഭയിലെ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസംഗം. ഗുണഭോക്തൃപട്ടികയിലുള്ളവർ അനർഹരാണെന്ന ആക്ഷേപമുയർത്തിയാണ്‌ പദ്ധതിയുമായി മുന്നോട്ടില്ലെന്ന സൂചന നൽകി അടിയന്തരപ്രമേയ നോട്ടീസിന്‌ മുഖ്യമന്ത്രി മറുപടി നൽകിയത്‌. ഏപ്രിൽ, മെയ്‌ മാസങ്ങളിൽ പെൻഷൻ തുക നൽകാതെ ഫയൽ തടഞ്ഞുവച്ചതിന്‌ പിന്നാലെയാണ്‌ പദ്ധതിതന്നെ ഇല്ലാതാക്കുമെന്ന ആശങ്ക. ​


സംസ്ഥാനത്ത്‌ സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിക്കുപുറത്തുള്ള 35–60 പ്രായത്തിലുള്ള 32 ലക്ഷം സ്‌ത്രീകൾക്ക്‌ മാസം 1000 രൂപ നൽകുന്ന ഇ‍ൗ പദ്ധതി 2025 ഒക്ടോബർ 29നാണ്‌ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്‌. പ്രഖ്യാപിക്കുന്നതല്ലാതെ കൊടുക്കില്ല എന്നുപറഞ്ഞ്‌ അന്ന്‌ ആക്ഷേപിച്ചവരാണ്‌ യുഡിഎഫ്‌. എന്നാൽ, ഫെബ്രുവരി 11ന്‌ പദ്ധതി ഉദ്‌ഘാടനം ചെയ്‌ത്‌ ഒരു മണിക്കൂറിനകം 10,58,700 പേരുടെ ബാങ്ക്‌ അക്ക‍ൗണ്ടിൽ തുകയെത്തി. എൽഡിഎഫ്‌ സർക്കാരിന്റെ അവസാന ബജറ്റിൽ 3720 കോടി രൂപയും നീക്കിവച്ചു. മാർച്ചിൽ ഗുണഭോക്താക്കളുടെ എണ്ണം 16,24,091 ആയി. അഞ്ചുലക്ഷം അപേക്ഷകരുണ്ടെങ്കിലും അത്‌ അനുവദിച്ചിട്ടില്ല.

ഫെബ്രുവരിയിലും മാർച്ചിലും എൽഡിഎഫ്‌ സർക്കാർ പെൻഷൻ നൽകിയെങ്കിലും ഏപ്രിൽ, മെയ്‌ മാസങ്ങളിലെ പെൻഷൻ നൽകാനുള്ള ഫയൽ യുഡിഎഫ്‌ സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്‌. സംസ്ഥാന സർക്കാരിന്റെ കെ സ്‌മാർട്ട്‌ പോർട്ടൽ ഓൺലൈൻ സംവിധാനത്തിലൂടെ സുതാര്യമായാണ്‌ പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്‌ എന്ന സത്യം മറച്ചുവച്ചാണ്‌ വി ഡി സതീശൻ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ ഒരു സമിതിയും ഉണ്ടായിരുന്നില്ലെന്നും സിപിഐ എം ഓഫീസുകൾ വഴിയാണ്‌ പെൻഷൻ നൽകിയതെന്നുമുള്ള ആക്ഷേപം ഉന്നയിച്ചത്‌. അർഹരായ അപേക്ഷകർ ബാങ്ക്‌ അക്ക‍ൗണ്ട്‌ വിവരങ്ങളും അനുബന്ധ രേഖകളും കെ സ്‌മാർട്ട്‌ വഴിയാണ്‌ സമർപ്പിച്ചത്‌. ആധാർ, റേഷൻകാർഡ്‌ വിവരങ്ങൾ, മറ്റ്‌ സാമൂഹ്യസുരക്ഷാ പെൻഷനുകൾ, ട്രഷറി സർവീസ്‌, മരണ രജിസ്‌ട്രി തുടങ്ങി വിവിധ സർക്കാർ ഡാറ്റാബേസുകളുമായി അപേക്ഷകരുടെ വിവരങ്ങൾ പരിശോധിക്കാനുള്ള ടൂൾ എൻജിൻ വഴിയാണ്‌ അപേക്ഷകൾ പരിശോധിച്ചത്‌. രേഖകളിൽ വ്യക്തതക്കുറവുണ്ടെങ്കിൽ പ്രാദേശികതല പരിശോധനയുമുണ്ട്‌. അതിനുശേഷം തദ്ദേശഭരണസ്ഥാപനങ്ങൾ അന്തിമമായി അംഗീകരിച്ച ഗുണഭോക്താക്കൾക്കാണ്‌ പെൻഷൻ അനുവദിച്ചതും. ഇ‍ൗ വസ്‌തുതകളെല്ലാം സർക്കാരിന്റെ പക്കലുള്ളപ്പോഴാണ്‌ സതീശൻ നുണ ആവർത്തിക്കുന്നത്‌. സുതാര്യത ഉറപ്പാക്കി തെരഞ്ഞെടുത്ത ഗുണഭോക്തൃപട്ടിക അട്ടിമറിക്കാനാണ്‌ അണിയറ നീക്കമെന്നും പാവപ്പെട്ട സ്‌ത്രീകളോട്‌ എന്തിനാണ്‌ അനാവശ്യ വീറും വാശിയും സർക്കാർ കാണിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ സഭയിൽ ചോദിച്ചപ്പോൾ മുഖ്യമന്ത്രിക്ക്‌ മറുപടിയുണ്ടായില്ല.


ഗാർഹിക ജോലിക്ക്‌ മാന്യമായ വേതനം നൽകണമെന്നും അത്‌ സ്‌ത്രീകളുടെ അന്തസ്സ്‌ ഉയർത്താൻ ആവശ്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചത്‌ അടുത്തകാലത്താണ്‌. എന്നാൽ, അതിനുംമുന്പേ സാമൂഹ്യവും സാന്പത്തികവുമായി ഏറ്റവും അടിത്തട്ടിലുള്ള സ്‌ത്രീകൾക്ക്‌ ഏറെ ആശ്വാസകരമായ പദ്ധതിയാണ്‌ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കി രാജ്യത്തിനുതന്നെ മാതൃകയായത്‌. നിയമപ്രകാരവും അർഹതയുടെ അടിസ്ഥാനത്തിലുമാണ്‌ അവർക്ക്‌ പെൻഷൻ ലഭിച്ചതെന്ന സത്യം മറച്ചുവച്ച്‌ പാർടി ഓഫീസുകളിൽനിന്നുള്ള ലിസ്റ്റുപ്രകാരമാണ്‌ ആനുകൂല്യം ലഭിച്ചതെന്നും ഇനി അങ്ങനെ കൊടുക്കാൻ കഴിയില്ലെന്നും സ്‌ത്രീകളെ ആക്ഷേപിക്കുകയാണ്‌ മുഖ്യമന്ത്രി ചെയ്‌തത്‌.


കെഎസ്‌ആർടിസി ബസുകളിലെ സ്‌ത്രീകളുടെ സ‍ൗജന്യയാത്രയുടെ പേരിൽ മേനിനടിക്കുന്ന ഭരണനേതൃത്വമാണ്‌ 32 ലക്ഷം സ്‌ത്രീകൾക്ക് ഉപകാരപ്രദമായ സ്‌ത്രീസുരക്ഷാ പദ്ധതിയുടെ കഴുത്തുഞെരിക്കാൻ ശ്രമിക്കുന്നത്‌. എല്ലാ കെഎസ്‌ആർടിസി ബസുകളിലും പരിധിയില്ലാതെ സ്‌ത്രീകൾക്ക്‌ സ‍ൗജന്യയാത്ര എന്ന്‌ വാഗ്‌ദാനം നൽകിയിട്ട്‌ അത് ഓർഡിനറി ബസുകളിൽ മാത്രമാക്കി ചുരുക്കുകയും കെഎസ്‌ആർടിസിയുടെ നഷ്‌ടക്കണക്കുപറഞ്ഞ്‌ സ്‌ത്രീകളെ അവഹേളിക്കുകയുമാണ്‌ യുഡിഎഫ്‌ ചെയ്യുന്നത്‌. എൽഡിഎഫ്‌ സർക്കാരാണ്‌ നടപ്പാക്കിയത്‌ എന്ന ഒറ്റക്കാരണത്താൽ സ്‌ത്രീസുരക്ഷാ പദ്ധതിതന്നെ ഇല്ലാതാക്കുന്നതും ഗുണഭോക്താക്കളെ ആക്ഷേപിക്കുന്നതും അനീതിയാണ്‌. സ്വകാര്യവൽക്കരണവും കോർപറേറ്റുവൽക്കരണവുമാണ്‌ നയമെന്ന്‌ വ്യക്തമാക്കുന്ന യുഡിഎഫ്‌ സർക്കാർ, ജനക്ഷേമ പദ്ധതികൾ ഒന്നൊന്നായി നിർത്തലാക്കുമെന്നതിന്റെ സൂചനയായി വേണം ഇതിനെയും കാണാൻ. സർക്കാർ നിലപാട്‌ മാറ്റിയില്ലെങ്കിൽ തിരുത്തിക്കാൻ സ്‌ത്രീകളുടെ ശക്തമായ പ്രക്ഷോഭം ഉയരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home