print edition ശുഭപ്രതീക്ഷയുടെ ട്രാക്ക്

കുട്ടികളുടെ ഒളിമ്പിക്‌സ് എന്ന മഹത്തായ ആശയം കഴിഞ്ഞ രണ്ടുവർഷമായി സ്‌കൂൾ കായികരംഗത്ത് കേരളം വിജയകരമായി നടപ്പാക്കിവരുന്നു. സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്‌സ് മാതൃകയിൽ നടത്തിയാലോ എന്ന ചിന്തയുടെ തുടക്കം കഴിഞ്ഞവർഷം കൊച്ചിയിലാണ്. ഭിന്നശേഷി കുട്ടികൾക്കായി ഇൻക്ലൂസീവ് സ്‌പോർട്‌സും പ്രവാസി കുട്ടികളുടെ പങ്കാളിത്തവും പരീക്ഷിച്ചു. എല്ലാ കളികളും ഒരു നഗരത്തിലെന്ന പുതുമയുള്ള ആശയത്തിന് വലിയ പിന്തുണ കിട്ടി. അതിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ തിരുവനന്തപുരത്ത് വീണ്ടും സ്‌കൂൾ ഒളിമ്പിക്‌സ് അരങ്ങേറിയത്. സംഘാടനത്തിലും പ്രകടനത്തിലും മിന്നിയ മേളയായിരുന്നു ഇത്.
ഓവറോൾ ചാമ്പ്യൻഷിപ്പിൽ മുന്നിലെത്തിയ തിരുവനന്തപുരം, മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സ്വന്തമാക്കി. ആദ്യമായാണ് സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണക്കപ്പ് ഏർപ്പെടുത്തിയത്. ഗെയിംസിലും നീന്തൽ മത്സരങ്ങളിലും തിരുവനന്തപുരം ആധിപത്യം നേടി. 203 സ്വർണവും 1825 പോയിന്റുമാണ് സമ്പാദ്യം.
അത്‌ലറ്റിക്‌സിൽ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് കണ്ടത്. റെക്കോഡുകളുടെ എണ്ണത്തിൽ വർധനയുണ്ടായി– 15 എണ്ണം. പതിറ്റാണ്ടുകൾ പഴക്കമുള്ള റെക്കോഡുകൾ പലതും നിലംപൊത്തുന്ന കാഴ്‌ചയ്‌ക്ക് ചന്ദ്രശേഖരൻനായർ സ്‌റ്റേഡിയം സാക്ഷിയായി. പ്രത്യേകിച്ചും സ്‌പ്രിന്റ് ഇനങ്ങളിൽ. 100, 200 മീറ്റർ ഓട്ടത്തിൽ കേരളത്തിന്റെ പ്രതാപകാലം അനുസ്‌മരിപ്പിക്കുന്നതായിരുന്നു ഇൗ പ്രകടനങ്ങൾ. പല കുട്ടികളും പരിമിതമായ സാഹചര്യങ്ങളെ മറികടന്നാണ് വിജയപീഠം കയറിയത്. സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ചാമ്പ്യനായ ഇടുക്കിയിലെ ദേവപ്രിയ ഷൈബു 38 വർഷം പഴക്കമുള്ള റെക്കോഡ് തിരുത്തുകയായിരുന്നു. ദേവപ്രിയക്ക് മഴ നനയാതെ കിടന്നുറങ്ങാൻ സിപിഐ എം വീട് നിർമിച്ചുനൽകുമെന്ന പ്രഖ്യാപനം കൈയടികളോടെയാണ് കേരളം കേട്ടത്. റിലേയിൽ 42 വർഷം പഴക്കമുള്ള റെക്കോഡ് കടപുഴക്കി പാലക്കാട്ടെ പെൺകുട്ടികൾ അഭിമാനമായി.
സ്‌പ്രിന്റിൽ ഇരട്ട റെക്കോഡ് നേടിയ ആലപ്പുഴ ചാരമംഗലം സ്‌കൂളിന്റെ ടി എം അതുൽ, ജെ നിവേദ് കൃഷ്‌ണ, ദേവനന്ദ വി ബിജു, എസ് ആൻവി, ആദിത്യ അജി തുടങ്ങി ഇൗ മേളയിൽ മിന്നിത്തെളിഞ്ഞ താരങ്ങൾ നിരവധിയുണ്ട്.
തുടർച്ചയായ രണ്ടാംതവണയും കായികകേരളത്തിന്റെ അത്‌ലറ്റിക്‌സ് കിരീടം മലപ്പുറത്തിനാണ് ലഭിച്ചത്. പാലക്കാടുമായുള്ള ഒപ്പത്തിനൊപ്പമുള്ള പോരിലാണ് അവസാനദിനം മലപ്പുറം നേടിയെടുത്തത്. എറണാകുളവും കോട്ടയവും പോലുള്ള പരമ്പരാഗതശക്തികൾ പിന്നോട്ടുപോകുമ്പോഴാണ് മറുവശത്ത് പുതിയ ചാമ്പ്യൻമാർ ഉദിക്കുന്നത്. ഒരു കൂട്ടം സ്‌കൂളുകളാണ് മലപ്പുറത്തിന്റെയും പാലക്കാടിന്റെയും കുതിപ്പിന് ഉൗർജം പകരുന്നത്. ചെറിയ അക്കാദമികളും ഒറ്റയാൾ പരിശീലനക്കളരികളും കേരളത്തിന്റെ ഭാവി കായികതാരങ്ങളെ വാർത്തെടുക്കാൻ മുന്നോട്ടുവരുന്നുണ്ട്.
പതിനൊന്നുവർഷംമുമ്പ് ഏഴാംസ്ഥാനത്തായിരുന്നു മലപ്പുറം. ചിട്ടയായ പരിശീലനവും വിജയതൃഷ്‌ണയും കൂടിച്ചേർന്നപ്പോൾ ട്രാക്കിലും അതിന്റെ മാറ്റങ്ങൾ കണ്ടുതുടങ്ങി.
കഴിഞ്ഞവർഷത്തെപ്പോലെ 22 സ്വർണവും 247 പോയിന്റുമായാണ് കിരീടം ചൂടിയത്. 26 സ്വർണവും 212 പോയിന്റുമായി പാലക്കാടും മോശമാക്കിയില്ല. ഇതിനിടെ പ്രായത്തട്ടിപ്പുപോലുള്ള മോശം പ്രവണതകളും ഇൗ മേളയിൽ കാണാനിടയായി. മറ്റ് സംസ്ഥാനങ്ങളിലെ കുട്ടികളെ വ്യാജ തിരിച്ചറിയൽരേഖ ഉണ്ടാക്കി മത്സരിപ്പിച്ചുവെന്നാണ് പരാതി. പ്രായത്തട്ടിപ്പ് തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ അത്‌ലറ്റിക് മീറ്റുകളിൽ കേരളം പിന്നോട്ടടിക്കുന്ന കാലത്താണ് ട്രാക്കിൽ മികച്ച പ്രകടനവുമായി 67–-ാംപതിപ്പിന് കൊടിയിറങ്ങുന്നത്. അതിനാൽ ഇൗ വിജയം കേരള അത്‌ലറ്റിക്‌സിനെ സംബന്ധിച്ച് നിർണായകമാണ്. ട്രാക്കിലും ഫീൽഡിലും തിളങ്ങിയ മുത്തുകൾ നഷ്‌ടപ്പെടാതെ നോക്കണം. പിന്നോട്ടുപോയവരെ മുൻനിരയിലേക്ക് തിരിച്ചുകൊണ്ടുവരാനുമാകണം.
ഇക്കാര്യത്തിൽ സർക്കാരിൽ വിശ്വാസമർപ്പിക്കാം. കാരണം പത്തുവർഷത്തിനിടെ 22 സിന്തറ്റിക് ട്രാക്കുകളാണ് കേരളത്തിലാകെ സ്ഥാപിച്ചത്. കിഫ്‌ബി ഫണ്ടും സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതവുമടക്കം 3500 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനമാണ് കായികരംഗത്ത് നടപ്പാക്കുന്നത്. 960 കായികതാരങ്ങൾക്ക് സർക്കാർ ജോലി നൽകി. വലിയ വേദികളിലേക്ക് കുട്ടികളെ കൈപിടിച്ചുയർത്താനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകാം.










0 comments