കലയുടെ ധന്യതയ്‌ക്ക് കൂട്ടായ്‌മയുടെ നിറചാരുത

പുതിയ ചരിത്രം രചിച്ചാണ് സംസ്ഥാന സ്‌കൂൾ കലോത്സവം കൊടിയിറങ്ങിയത്. സാംസ്കാരിക തലസ്ഥാനത്തെ ധന്യമാക്കി കൗമാര കലാസ്വപ്നങ്ങൾ നിറഞ്ഞാടിയ അഞ്ച് രാപകലുകൾ. കലയുടെ സർഗദീപ്‌തി തെളിഞ്ഞുണർന്ന ദിനങ്ങൾക്ക് തിരശ്ശീലവീണപ്പോൾ സുവർണകിരീടമേന്തിയത് കണ്ണൂർ ജില്ലയാണ്. കേരള സ്‌കൂൾ കലോത്സവ ചരിത്രത്തിൽ ആദ്യമായി ഒരാൾ ഓൺലൈൻ വഴി മത്സരത്തിൽ പങ്കാളിയായി. സ്വന്തമായി വീടില്ലാത്ത കൊച്ചുനർത്തകന് വീടുവച്ചുനൽകാനുള്ള തീരുമാനത്തിനും കലോത്സവ നഗരി സാക്ഷ്യം വഹിച്ചു. എല്ലാവരെയും ചേർത്തുനിർത്തുക എന്ന സംസ്ഥാന സർക്കാർ നിലപാട് ഉയർത്തിപ്പിടിക്കുന്നതായി 64–ാമത് കേരള സ്‌കൂൾ കലോത്സവം. പരാതിക്കിടയില്ലാതെ മത്സരങ്ങൾ പൂർത്തിയാക്കി. ഉത്തരവാദിത്വ കലോത്സവം എന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മുദ്രാവാക്യം അന്വർഥമാക്കിയാണ് തൃശൂർ കലോത്സവം ചരിത്രത്തിൽ ഇടംപിടിക്കുന്നത്. സംഘാടനംകൊണ്ടും പങ്കാളിത്തംകൊണ്ടും ജനഹൃദയങ്ങളിൽ ഇടംനേടിയ മേള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഇൗ ഉദ്യമത്തിന് നിറശോഭ പകർന്നു.
കാസർകോട് പടന്ന വികെപികെഎച്ച്എംഎംആർ വിഎച്ച്എസ്എസിലെ സിയ ഫാത്തിമയാണ് കലോത്സവ ചരിത്രത്തിൽ ആദ്യമായി ഓൺലൈനിലൂടെ പങ്കാളിയായത്. അറബി പോസ്‌റ്റർ രചനാ മത്സരത്തിൽ ജില്ലയിൽ ഒന്നാമതെത്തിയ സിയ ‘വാസ്കുലൈറ്റിസ്' എന്ന ഗുരുതര രോഗം ബാധിച്ച് വീട്ടിൽ സന്പർക്കവിലക്കിലാണ്. മത്സരിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ച് പൊതുവിദ്യാഭ്യാസ മന്ത്രിക്ക് അയച്ച കത്തിനെത്തുടർന്ന് ചരിത്രം തിരുത്തിക്കുറിച്ച സർക്കാർ തീരുമാനം കലയുടെ മാനവികത ഉയർത്തിപ്പിടിക്കുന്നതായി. നൃത്ത ഇനങ്ങളിൽ തുടർച്ചയായി നാലുവർഷം എ ഗ്രേഡ് കരസ്ഥമാക്കിയ കാസർകോട് കമ്പല്ലൂർ ജിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥി സച്ചു സതീഷിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിർമിച്ചുനൽകാൻ തീരുമാനിച്ചത്. വീടില്ലാത്ത സച്ചുവും അമ്മ ബിന്ദുവും ബന്ധുവീട്ടിലാണ് താമസം. മനുഷ്യത്വത്തിന്റെതാണ് കല എന്ന് വിളിച്ചുപറഞ്ഞ ഇൗ രണ്ട് ചേർത്തുപിടിക്കലുകളാണ് ഇക്കുറി സംസ്ഥാന സ്‌കൂൾ കലോത്സവത്തെ വേറിട്ടുനിർത്തുന്നത്.
മത്സരങ്ങളുടെ നിലവാരംകൊണ്ടും പ്രേക്ഷകരുടെ എണ്ണത്തിലെ സന്പന്നതകൊണ്ടും ഏറെ ശ്രദ്ധേയമായി 64–ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം. തേക്കിൻകാട്ടിലെ പ്രധാന വേദിയുൾപ്പെടെ 25 വേദികളിലും നിറഞ്ഞുകവിഞ്ഞ പ്രേക്ഷകർ സംഘാടകരുടെ കണക്കുകൂട്ടലുകളെ മറികടന്നു. തേക്കിൻകാട് മൈതാനിയിൽ നാലുനാൾ അരങ്ങേറിയ ഗോത്രകലകൾ കാണാൻ വൻ ജനക്കൂട്ടമാണ് എത്തിയത്. നാടൻപാട്ട് വേദിയിൽ നൃത്തച്ചുവടുകളുമായി പ്രേക്ഷകർ ഉത്സവാന്തരീക്ഷമൊരുക്കി. വൻജനസഞ്ചയംതന്നെ എത്തിയിട്ടും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാതെ പൊലീസ് പ്രത്യേക ശ്രദ്ധ ചെലുത്തി.
കേവലം അവതരണങ്ങൾ മാത്രമല്ല കലോത്സവങ്ങളുടെ ലക്ഷ്യമെന്ന ബോധം കുട്ടികളിലേക്ക് പകർന്നുകൊടുക്കുന്നതായിരുന്നു ഇൗ സർഗമേള. പരിസ്ഥിതി–ശുചിത്വബോധം വളർത്തുന്നതിനുള്ള ഇടപെടലുകളും ഉണ്ടായി. ഒരുതരത്തിലുള്ള ആക്ഷേപങ്ങൾക്കും വഴിവയ്‌ക്കാത്തവിധം പഴുതടച്ച സംഘാടനം എടുത്തുപറയേണ്ടതാണ്.
മന്ത്രിമാരായ വി ശിവൻകുട്ടിയും കെ രാജനും പൂർണസമയം തങ്ങി കലോത്സവം നിയന്ത്രിച്ചു. ദിവസവും രാത്രി മന്ത്രിമാർ പങ്കെടുത്ത് പ്രത്യേക യോഗങ്ങൾ ചേരുകയും പരാതികൾ അതതുസമയം പരിഹരിക്കുകയും ചെയ്‌തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി ഒരുമാസത്തോളം സമയം നഷ്‌ടപ്പെട്ടിട്ടും ഒരു വീഴ്‌ചയുമില്ലാതെ, നഗരിയിലെത്തിയ മുഴുവൻ മനുഷ്യരെയും പരിഗണിക്കാൻ സംഘാടക സമിതിക്കായി. പൂർണമായി ഡിജിറ്റലൈസ് ചെയ്‌ത സംഘാടനം പരാതികൾ കുറയ്‌ക്കാൻ സഹായിച്ചു. കൺട്രോൾ റൂം സംവിധാനം എല്ലാ വേദികളെയും സംഘാടക സമിതിയെയും 19 സബ് കമ്മിറ്റികളെയും ഫലപ്രദമായി ഏകോപിപ്പിച്ചു. ഓരോ ജില്ലയ്‌ക്കും അനുവദിച്ച താമസ സ്ഥലം, ചുമതലക്കാർ, താമസം ഏർപ്പെടുത്തിയ സ്‌കൂളിലെ പ്രധാന അധ്യാപകൻ/ അധ്യാപിക എന്നിവരുടെ ഫോൺ നന്പർ എന്നിവ ക്യുആർ കോഡ് സ്‌കാൻ ചെയ്‌താൽ മനസ്സിലാക്കാൻ സാധിച്ചു.
പരാതിക്കിടയില്ലാത്തവിധം മത്സരങ്ങൾ പൂർത്തിയാക്കിയതിൽ പ്രോഗ്രാം കമ്മിറ്റിയുടെ ജാഗ്രത എടുത്തുപറയണം. 750ൽപ്പരം അധ്യാപകരെ രണ്ടു ഷിഫ്‌റ്റുകളായി തിരിച്ചാണ് വേദികളുടെ ചുമതല നൽകിയത്.1200ലേറെ പൊലീസുകാരും എസ്‌പിസി, എൻഎസ്‌എസ് തുടങ്ങിയ സംവിധാനങ്ങളും ചേർന്ന് സുരക്ഷ ഉറപ്പാക്കി. അധ്യാപകരും ഉദ്യോഗസ്ഥരും വളന്റിയർമാരും ഉൾപ്പെടെ 15000ലേറെ പേരാണ് അഹോരാത്രം പ്രയത്നിച്ചത്. വാഹന ഉടമകൾ, വ്യാപാരികൾ, തൊഴിലാളികൾ തുടങ്ങി തൃശൂരിന്റെ പൗരാവലി ഒന്നടങ്കം കലോത്സവത്തിന്റെ കുറ്റമറ്റ നടത്തിപ്പിൽ പങ്കാളികളായി. ഏവർക്കും ധന്യമായ നിമിഷങ്ങൾ സമ്മാനിച്ചാണ് കലയുടെ മഹോത്സവം കൊടിയിറങ്ങിയത്.










0 comments