ഇൗ വിദ്യാർഥിവേട്ട സംഘപരിവാറിനെ സന്തോഷിപ്പിക്കാനോ

ജനാധിപത്യത്തിൽ പ്രതിഷേധിക്കുന്നതും ചോദ്യമുയർത്തുന്നതും പൗരധർമമാണെന്ന് സുപ്രീംകോടതിയിലെ മുതിർന്ന ജഡ്‌ജിമാരായ ജസ്റ്റിസ് ഉജ്ജൽ ഭുയാനും ജസ്റ്റിസ് ബി വി നാഗരത്നയും ഓർമിപ്പിച്ചിട്ട് ഒരു ദിവസമേ ആയിട്ടുള്ളൂ. ജന്തർമന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി സർക്കാരിനുള്ള സന്ദേശമാണ് സുപ്രീംകോടതി ജഡ്‌ജിമാർ നൽകിയതെങ്കിലും അത് കേരളത്തിലെ യുഡിഎഫ് സർക്കാരിനുള്ള താക്കീതുമായി മാറുകയാണ്. വന്ദേമാതരം പൂർണമായും ആലപിച്ചതടക്കം സർവകലാശാലകൾ കാവിവൽക്കരിക്കുന്ന നടപടികൾക്കെതിരെ ചൊവ്വാഴ്‌ച കേരള സർവകലാശാല ആസ്ഥാനത്തിനു മുന്നിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ പൊലീസ് നടത്തിയ നരനായാട്ട് ഡൽഹിയിലെ ബിജെപി ഭരണത്തിന്റെ നിഷ്‌ഠുരതയെയും കടത്തിവെട്ടുന്നതായിരുന്നു.
പെട്ടെന്ന് സംഘടിപ്പിച്ച മാർച്ചിൽ നൂറോളം പ്രവർത്തകർ മാത്രമാണുണ്ടായിരുന്നത്. എന്നാൽ, തുടക്കംമുതൽ വിദ്യാർഥികളെ അടിച്ചോടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ വലിയ പൊലീസ് സന്നാഹമാണ് അവിടെ നിലയുറപ്പിച്ചിരുന്നതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. മാർച്ച് സർവകലാശാല ആസ്ഥാനത്തിനു മുന്നിൽ എത്തിയ ഉടൻ പ്രകോപനമൊന്നുമില്ലാതെ ജലപീരങ്കി പ്രയോഗിക്കുകയും മുന്നറിയിപ്പില്ലാതെ ലാത്തിച്ചാർജ് അഴിച്ചുവിടുകയുമാണുണ്ടായത്. വനിതാ പൊലീസിന്റെ സാന്നിധ്യമില്ലാതെ പുരുഷ പൊലീസുകാർ പെൺകുട്ടികളുടെ തല ലക്ഷ്യമാക്കി ലാത്തി വീശി. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് ഏതാനും വനിതാ പൊലീസുകാരെ എത്തിച്ചത്.
തുടർച്ചയായ മർദനത്തിൽ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദ് ബോധംകെട്ട് വീണു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വൈഷ്ണവി ഷാജിയുടെ കണ്ണിനുതാഴെ ഗുരുതരമായി പരിക്കേറ്റു. മുഖം വെട്ടിച്ചതുകൊണ്ടാണ് കണ്ണ് തകരുന്ന വലിയ ദുരന്തത്തിൽനിന്ന് അവർ രക്ഷപ്പെട്ടത്. ജില്ലാ കമ്മിറ്റി അംഗം വൈഷ്ണയുടെ മുഖത്തേറ്റ അടിയിൽ പല്ല് ഇളകി. ചോരയൊലിപ്പിച്ചുനിന്ന വനിതാ പ്രവർത്തകരോട് പൊലീസ് പ്രകോപനപരമായാണ് പെരുമാറിയത്. നരനായാട്ടിനുപിന്നിൽ ഉന്നതതല രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടെന്ന് വ്യക്തം.
സാധാരണനിലയിൽ സമരം അതിക്രമങ്ങളിലേക്ക് കടക്കുമ്പോൾ മാത്രമാണ് ജലപീരങ്കി പ്രയോഗിക്കുന്നത്. അതിനുശേഷവും അതിക്രമങ്ങൾ തുടർന്നാൽ കൃത്യമായ മുന്നറിയിപ്പ് നൽകിയശേഷമാണ് ലാത്തിച്ചാർജിലേക്ക് കടക്കുന്നത്. എന്നാൽ ഇവിടെ മാർച്ച് എത്തി രണ്ട് മിനിറ്റിനുള്ളിൽ വളഞ്ഞിട്ടടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിയ വിദ്യാർഥികളെപ്പോലും പൊലീസ് ഭീഷണിപ്പെടുത്തി. സർക്കാരിനെതിരെ ശബ്ദിച്ചാൽ ഈ ഗതിയായിരിക്കുമെന്ന ഫാസിസ്റ്റ് സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.
ജന്തർമന്തറിൽ വിദ്യാർഥികളെ പെല്ലറ്റുകൊണ്ട് നേരിട്ട ബിജെപി പൊലീസിന്റെ മാതൃകയാണ് കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ പൊലീസും അനുവർത്തിക്കുന്നത്. ജന്തർമന്തറിൽ എന്നപോലെ നെയിംപ്ലേറ്റ് ഇല്ലാത്ത പൊലീസുകാരെയാണ് വിദ്യാർഥികളെ മർദിക്കാൻ നിയോഗിച്ചത്. ഡൽഹിയിലേതുപോലെ തിരുവനന്തപുരത്തും പൊലീസ് കിരാതമർദനം അഴിച്ചുവിട്ടത് സംഘപരിവാർ നയങ്ങളെ സംരക്ഷിക്കാനാണ്.
ആഭ്യന്തരമന്ത്രിയുടെ പ്രതികരണവും അതുതന്നെയാണ് വ്യക്തമാക്കുന്നത്. വിദ്യാർഥികളുടെ ഏതവകാശമാണ് നിഷേധിക്കപ്പെട്ടതെന്നാണ് അദ്ദേഹം ചോദിച്ചത്. മുഖ്യമന്ത്രിയും ഇതേ സ്വരത്തിലാണ് പ്രതികരിച്ചത്. കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ മതനിരപേക്ഷത സംരക്ഷിക്കേണ്ട ബാധ്യത വിദ്യാർഥികൾക്കില്ലെന്നും അത് തകർക്കപ്പെടേണ്ടതാണെന്നുമുള്ള സംഘപരിവാറിന്റെ ശബ്‌ദംതന്നെയാണ് ഇവരിലൂടെ പുറത്തുവന്നത്. ഗവർണർ ഏകപക്ഷീയമായി നിയമിച്ച വിസിമാരെ തുടരാൻ അനുവദിച്ചും യുജിസി ചട്ടങ്ങളനുസരിച്ച് സർവകലാശാലാ നിയമം ഭേദഗതി ചെയ്യാമെന്ന് സമ്മതിച്ചും സംഘപരിവാറിന് സർക്കാർ കീഴടങ്ങിയത് സംസ്ഥാനത്ത് വിദ്യാഭ്യാസമേഖലയിൽ വൻ പ്രതിഷേധമുയർത്തിയിട്ടുണ്ട്. പിഎം ശ്രീയിലും ഇതേ കീഴടങ്ങൽ നയംതന്നെയാണ് യുഡിഎഫ് സർക്കാർ അനുവർത്തിച്ചത്. ഇവയ്‌ക്കെതിരെ ഉയരാൻ പോകുന്ന എതിർപ്പുകളെല്ലാം അടിച്ചൊതുക്കുമെന്ന സന്ദേശമാണ് യുഡിഎഫ് സർക്കാർ ഇതിലൂടെ നൽകുന്നത്. ചുരുക്കത്തിൽ സംഘപരിവാറിന്റെയും ബിജെപിയുടെയും നയങ്ങൾ നടപ്പാക്കുന്നതിന് സുഗമമായ വഴി തെളിക്കാനും എതിർപ്പുകൾ ഇല്ലാതാക്കാനുമാണ് പൊലീസിനെ അഴിച്ചൂരിവിടുന്നതെന്ന് വ്യക്തം.
എന്നാൽ അടിച്ചൊതുക്കിയാൽ ഒതുങ്ങുന്നതല്ല കേരളത്തിലെ വിദ്യാർഥികളുടെ ശബ്‌ദമെന്ന് ബുധനാഴ്‌ച സംസ്ഥാനത്തുയർന്ന പ്രതിഷേധംതന്നെ തെളിവ്. വിദ്യാർഥി നേതാക്കളെ വീണ്ടും ക്രൂരമായി ആക്രമിക്കുകയും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെയുള്ളവർക്കെതിരെ വധശ്രമക്കുറ്റം ചുമത്തി കള്ളക്കേസ് എടുത്തിരിക്കുകയുമാണ് പൊലീസ്. ജന്തർമന്തറിൽ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ കേസുകൾ സുപ്രീംകോടതി സവിശേഷ അധികാരമുപയോഗിച്ച് റദ്ദ് ചെയ്‌തത് യുഡിഎഫ് സർക്കാരിന് പാഠമാകണം.









0 comments