കടൽമണൽ ഖനനം കേരളത്തിനാകെ വിപത്ത്

ശക്തമായ എതിർപ്പുകൾക്കിടയിലും മോദിസർക്കാർ തീരക്കടൽ, ആഴക്കടൽ മണൽഖനനത്തിന് വട്ടംകൂട്ടുകയാണ്. പാർലമെന്റിൽ വേണ്ടത്ര ചർച്ചയില്ലാതെ കൊണ്ടുവന്ന നിയമങ്ങളുടെ ഭാഗമായാണ് കടൽമണൽ ഖനനത്തിന് അനുമതി നൽകുന്ന ബ്ലൂ ഇക്കണോമി (നീല സമ്പദ്‌വ്യവസ്ഥ)യ്‌ക്ക് വ്യവസ്ഥ ചെയ്‌തത്.
ഇതിന്റെ തുടർച്ചയായി സംസ്ഥാന സർക്കാരുകളുടെയും ട്രേഡ് യൂണിയനുകളുടെയും പരമ്പരാഗത തൊഴിലാളികളുടെയും അഭിപ്രായം മാനിക്കാതെ കടലിൽ വൻകൊള്ളയ്‌ക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ മറവിൽ പ്രഖ്യാപിച്ച നീല സമ്പദ്‌ഘടനയുടെ മുഖ്യലക്ഷ്യം ദക്ഷിണേന്ത്യൻ തീരത്തെ കടൽമണൽ, കരിമണൽ, അമൂല്യ ധാതുസമ്പത്ത് എന്നിവ വിദേശകുത്തകകൾക്ക് കൈമാറലാണ്. തന്ത്രപ്രധാന ആവശ്യങ്ങൾക്കായും പ്രയോജനപ്പെടുത്താൻ കഴിയുന്ന ഇത്തരം വിഭവങ്ങൾ സ്വകാര്യമേഖലയ്‌ക്കും വിദേശകമ്പനികൾക്കും കൈമാറുന്നതിന് ‘സമുദ്രതട്ടിലെ ധാതുസമ്പത്തിന്റെ വികസനവും നിയന്ത്രണവും നിയമം’ തടസ്സമായിരുന്നു. ഇത് മറികടക്കാൻ 2023ൽ നിയമം ഭേദഗതി ചെയ്യുകയും ആണവോർജ ധാതുക്കൾ ഒഴികെയെല്ലാം സ്വകാര്യമേഖലയിൽ ലേലം ചെയ്‌ത് വിൽക്കാൻ സംവിധാനം ആവിഷ്‌കരിക്കുകയും ചെയ്‌തു.
അങ്ങേയറ്റം വിനാശകരമായ ഈ നീക്കത്തിന്റെ ആദ്യ ഇരകൾ മത്സ്യത്തൊഴിലാളികളാണ്. അതിൽ ഒതുങ്ങുന്നതാകില്ല ഇതിന്റെ വിപത്ത്; അറബിക്കടലിനും സഹ്യപർവതത്തിനും ഇടയിലുള്ള കേരളം എന്ന ഭൂപ്രദേശത്തിന്റെ നിലനിൽപ്പുപോലും അപകടത്തിലാകുമെന്ന് വിദഗ്‌ധർ ആശങ്ക പ്രകടിപ്പിക്കുന്നു. നിർമാണാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന 74.5 കോടി ടൺ മണൽ കേരളത്തിന്റെ തീരക്കടലിലും പുറംകടലിലും ഉണ്ടെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയെന്ന് റിപ്പോർട്ടുകളുണ്ട്. കൊല്ലത്ത് രണ്ട് സെക്ടറായും പൊന്നാനി, ചാവക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലായും ഈ ശേഖരം രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ കൊല്ലത്ത് 242 ചതുരശ്ര കിലോമീറ്റർ കടൽത്തട്ട് ഖനനം ചെയ്യാനാണ് നടപടി പുരോഗമിക്കുന്നത്. 30 കോടി ടൺ മണലൂറ്റുന്നതിന് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
രാജ്യത്തെ 22 മത്സ്യസങ്കേതങ്ങളിൽ ഏറ്റവും ഉൽപ്പാദനക്ഷമതയുള്ള ‘കൊല്ലം പരപ്പ്’ എന്നറിയപ്പെടുന്ന മേഖലയെ മണൽഖനനം തകർക്കുമെന്നതിൽ സംശയമില്ല. കൊല്ലം, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ മേഖല ഒട്ടേറെ മത്സ്യങ്ങളുടെയും ചെമ്മീനിന്റെയും പ്രജനനകേന്ദ്രമാണ്’. മൺസൂൺ കാലത്ത് സംസ്ഥാനസർക്കാർ ആഴക്കടൽ ട്രോളിങ് നിരോധിച്ച് പരിരക്ഷിക്കുന്ന മേഖലയിലാണ് വിദേശകമ്പനികൾ അടക്കം കടന്നുകയറി നാശംവിതയ്‌ക്കാൻ പോകുന്നത്. പരിസ്ഥിതി ദുർബലമേഖലയായ തീരത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് കേന്ദ്രനിയമപ്രകാരം നിയന്ത്രണമുണ്ട്. ഇതിലേറെ നിർണായകമായ കടൽത്തട്ട് ഇളക്കിമറിക്കാൻ കേന്ദ്രം തന്നെ നിയമം കൊണ്ടുവന്നത് വിചിത്രമാണ്; ശിങ്കിടി മുതലാളിത്തത്തിന്റെ സ്വാധീനമാണ് ഇതിൽനിന്ന് വെളിപ്പെടുന്നത്. മണൽഖനനം തീരപ്രദേശത്തെ കൂടുതൽ അസ്ഥിരപ്പെടുത്തും. പ്രകൃതിദത്തമായ സന്തുലനം അട്ടിമറിക്കപ്പെടുകയും കടലാക്രമണം രൂക്ഷമാകുകയും ചെയ്യും. സംസ്ഥാന സർക്കാർ വൻതോതിൽ പണം ചെലവിട്ടാണ് തീരസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിനൊന്നും മതിയായ സഹായം നൽകാത്ത കേന്ദ്രസർക്കാർ പ്രകൃതിക്ഷോഭങ്ങളുടെ പ്രഹരം വർധിപ്പിക്കാൻ വഴിയൊരുക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.
അനിയന്ത്രിത ചൂഷണം ലക്ഷ്യമായ നീല സമ്പദ്‌വ്യവസ്ഥയോട് കടുത്ത വിയോജിപ്പ് എൽഡിഎഫ് സർക്കാർ കേന്ദ്രത്തിൽ അറിയിച്ചു. മത്സ്യത്തൊഴിലാളി സംഘടനകളും സമുദായ സംഘടനകളും ബിജെപി ഒഴികെയുള്ള രാഷ്‌ട്രീയപാർടികളും കടൽമണൽ ഖനനത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. തീരദേശ ഹർത്താലിന് ഐക്യത്തോടെആഹ്വാനം നൽകിയിരിക്കുകയാണ്.
ഇതിനിടെ, ഈ ഐക്യത്തിൽ വിള്ളൽ സൃഷ്ടിക്കാനും അതുവഴി ബിജെപിയെ സഹായിക്കാനും കോൺഗ്രസിന്റെ ചില നേതാക്കൾ ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇല്ലാത്ത കരാറിന്റെ പേരിൽ മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ എൽഡിഎഫ് സർക്കാരിനെതിരെ കുപ്രചാരണം നടത്തിയ പാരമ്പര്യമാണ് കോൺഗ്രസിനുള്ളത്.
കോൺഗ്രസിന്റെയും യുഡിഎഫിന്റെയും കുപ്രചാരണം മത്സ്യത്തൊഴിലാളികൾ അടക്കമുള്ള തീരദേശജനത പൊതുവെ തള്ളിക്കളയുകയാണ് ചെയ്‌തത്. ഇപ്പോൾ സംസ്ഥാനത്തെയാകെ ബാധിക്കുന്ന കടൽമണൽ ഖനനവിഷയത്തിൽ സങ്കുചിത താൽപ്പര്യങ്ങൾ കൈവെടിഞ്ഞ് ഫലപ്രദമായ ഐക്യപ്രതിരോധനിര ഉയർത്താൻ കോൺഗ്രസ് നേതൃത്വം സഹകരിക്കുന്നത് ഉചിതമാകും.










0 comments