ad
Deshabhimani

print edition മാധ്യമവേട്ടയ്‌ക്ക്‌ മോദി തെളിച്ച പാതയിൽ സതീശനും

deshabhimani editorial
വെബ് ഡെസ്ക്

Published on Sep 17, 2026, 12:00 AM | 2 min read

ഭയപ്പെടുത്തി നിശ്ശബ്‌ദരാക്കുക എന്നത്‌ ഫാസിസ്റ്റുകളുടെ രീതിയാണ്‌. 2014 മുതൽ ഡൽഹിയിൽ മോദിയും അമിത്‌ ഷായും അത്‌ പലതരത്തിൽ പയറ്റിയിട്ടുണ്ട്‌. ബിബിസി ഇന്ത്യ ഓഫീസിലെ റെയ്‌ഡും ന്യൂസ്‌ക്ലിക്കിനെതിരായ വിദേശ ഫണ്ടിങ് ആരോപണവും റെയ്‌ഡും അറസ്റ്റും നാം കണ്ടതാണ്‌. വിമർശകശബ്‌ദമായിരുന്ന എൻഡിടിവിയെ അദാനിയിലൂടെ ഓഹരി കൈവശപ്പെടുത്തി വിലയ്ക്കെടുത്തു. ടെലിഗ്രാഫിൽ എഡിറ്ററെവരെ മാറ്റി. രാജ്യദ്രോഹം (124എ), ഭീകരവാദവിരുദ്ധ നിയമമായ യുഎപിഎ,‍ ഔദ്യോഗികരഹസ്യ നിയമം എന്നിവ മാധ്യമപ്രവർത്തകർക്കെതിരെ വ്യാപകമായി ഉപയോഗിച്ചു. ഇതേതുടർന്ന്‌ രാജ്യത്തെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും മോദിയുടെ മടിയിലെ ‘ഗോദി മീഡിയ’യായി മാറി. ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികകളിൽ 180 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ഇന്ന്‌ 157–ാമ
താണ്‌.


നവോത്ഥാനകേരളം പക്ഷേ എന്നും മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യമൂല്യങ്ങളും ഉയർത്തിപ്പിടിച്ച സംസ്ഥാനമായിരുന്നു. രാജാധികാരത്തിനെതിരെ പത്രത്തെ പടവാളാക്കിയ സ്വദേശാഭിമാനിയുടെയും കേസരിയുടെയും നാട്‌. അടിയന്തരാവസ്ഥയിൽ ‘ദേശാഭിമാനി’ നടത്തിയ വീരോചിത ചെറുത്തുനിൽപ്പും ചരിത്രത്തിലുണ്ട്‌. ഇ‍ൗ സാഹചര്യത്തിൽ ബുധനാഴ്‌ച റിപ്പോർട്ടർ ടിവിയിൽ പൊലീസ്‌ നടത്തിയ വേട്ട ഇ‍ൗ നാടിന്‌ ഇന്നേവരെ കേട്ടുകേൾവിപോലുമില്ലാത്ത ഞെട്ടലാണുളവാക്കിയത്‌. വി ഡി സതീശൻ നയിക്കുന്ന സർക്കാരിന്റെ പൊലീസ്‌ പുലർച്ചെ 5.45നാണ്‌ കൊച്ചിയിലെ റിപ്പോർട്ടർ ടിവി ന്യൂസ് ഡെസ്‌കിലേക്ക് അതിക്രമിച്ചുകയറിയത്‌. മാധ്യമപ്രവർത്തകരുടെ 70 ഫോണുകളും കംപ്യൂട്ടറുകളും പിടിച്ചെടുത്തു. പരിശോധനയുടെ പേരിൽ എഡിറ്ററെ എഴുന്നേൽപ്പിച്ചുവിട്ട്‌ ആ കസേരയിൽ പൊലീസ്‌ ഓഫീസർ കയറിയിരുന്ന്‌ മാധ്യമപ്രവർത്തനം തടസ്സപ്പെടുത്തി. മാധ്യമപ്രവർത്തകർക്ക്‌ വാർത്താസംബന്ധമായി പരസ്‌പരം ആശയവിനിമയം നടത്താനുള്ള ഇൻപുട്ട്‌ ഫോണടക്കം പിടിച്ചെടുത്ത്‌ സംപ്രേഷണത്തിനും തടസ്സമുണ്ടാക്കി. ഏതാണ്ട്‌ ഒന്നരമണിക്കൂറാണ്‌ ഒരു മുഖ്യധാരാ ചാനലിന്റെ ന്യൂസ്‌ ഡെസ്‌കും ഡിജിറ്റൽ ഡെസ്‌കും പൊലീസ്‌ ബന്തവസ്സിലാക്കിയത്‌.


കേരളത്തിൽ ഒരു മാധ്യമസ്ഥാപനത്തിനെതിരെയും അതിന്റെ ഉടമകൾക്കെതിരെയും കേസ്‌ ഉണ്ടാകുന്നത്‌ ഇതാദ്യമല്ല. കേസ്‌ നിയമപരമായി അന്വേഷിക്കുന്നതിന്‌ ആരും എതിരുമല്ല. എന്നാൽ, അതിന്റെ മറവിൽ ന്യൂസ്‌ ഡെസ്‌കിൽ കയറി പൊലീസ്‌ അഴിഞ്ഞാടുന്നത്‌ ഇതാദ്യമാണ്‌. മുകളിൽനിന്നുള്ള കൃത്യമായ രാഷ്ട്രീയനിർദേശമില്ലാതെ ഏതെങ്കിലും മാധ്യമസ്ഥാപനത്തിന്റെ വാർത്താമുറിയിലേക്ക് ലാത്തികളുമായി പൊലീസ് ഇത്തരത്തിൽ കടന്നുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കില്ല. മോദിയുടെ ഫാസിസ്റ്റ്‌ രീതി അതേമട്ടിൽ പിന്തുടരാൻ ശ്രമിക്കുന്ന വി ഡി സതീശന്റെ മുഖമാണ്‌ ഇവിടെ വെളിപ്പെടുന്നത്‌. ബിജെപി കാണിച്ചുകൊടുത്ത വഴിയേ സഞ്ചരിച്ച് കേരളത്തിലെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ അടിച്ചമർത്താനാണ് യുഡിഎഫ-്‌ സർക്കാരും ശ്രമിക്കുന്നത്. അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന ശൈലിയാണിത്‌.


മുഖ്യമന്ത്രിക്കെതിരെ നവമാധ്യമങ്ങളിലുണ്ടായ വിമർശങ്ങൾ അധികാരമുപയോഗിച്ച്‌ നീക്കിയ അസഹിഷ്‌ണുതയും നാം കണ്ടു.

സത്യപ്രതിജ്ഞാവേദിയിൽ വന്ദേമാതരം പൂർണമായി ആലപിച്ച്‌ സതീശൻസർക്കാർ തുടക്കംമുതൽതന്നെ ഹിന്ദുത്വചായ്‌വ്‌ പ്രകടമാക്കിയിരുന്നു. കേന്ദ്രവും ഗവർണറുമായി ഒരു വിഷയത്തിലും ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കില്ലെന്ന്‌ മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയുമടക്കം ആവർത്തിച്ചു. ഗവർണറോടുള്ള സമീപനത്തിൽ, വിസി നിയമനം സംബന്ധിച്ച സർക്കാരിന്റെ അധികാരത്തിൽ, സംസ്ഥാന വഖഫ്‌ ബോർഡിൽ അമുസ്ലിങ്ങളെ നിയമിക്കുന്ന കാര്യത്തിൽ, പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രമാനദണ്ഡം അടിച്ചേൽപ്പിക്കുന്നതിൽ തുടങ്ങി വിഷയത്തിലെല്ലാം ബിജെപിയുടെ കോർപറേറ്റ്‌–ഹിന്ദുത്വ നയമാണ്‌ യുഡിഎഫ്‌ സർക്കാരും പിന്തുടരുന്നത്‌. എന്നാൽ, ബിജെപിയെയും വെല്ലുകയാണ്‌ മാധ്യമസ്വാതന്ത്ര്യത്തിന്റെ വിഷയത്തിൽ. വ്യക്തിസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും വിഘാതമാണെന്ന്‌ കണ്ടെത്തി സുപ്രീംകോടതി റദ്ദാക്കിയ വകുപ്പാണ്‌ ഐടി 66എ. സൈബർ ലോകത്ത്‌ ഉയർന്ന ചില വിമർശങ്ങളുടെ പേരിൽ, ഇ‍ൗ വകുപ്പ്‌ റദ്ദാക്കിയ സുപ്രീംകോടതി നടപടി പുനഃപരിശോധിക്കണമെന്നാണ്‌ സതീശൻ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്‌.


കേരളത്തിലെന്നും മാധ്യമപരിലാളന ആവോളം ലഭിച്ച പ്രസ്ഥാനങ്ങളാണ്‌ കോൺഗ്രസും യുഡിഎഫും. അവരുടെ സർക്കാരുകൾക്കും ഇതേ പരിഗണന കിട്ടിയിട്ടുണ്ട്‌. എന്നാൽ, ചെറിയ വിമർശത്തെപ്പോലും മുഖ്യമന്ത്രി വി ഡി സതീശനും യുഡിഎഫ-ിനും സഹിഷ്‌ണുതയോടെ കാണാൻ കഴിയുന്നില്ലെന്നാണ്‌ പുതിയ സംഭവവികാസങ്ങൾ പറയുന്നത്‌. ‘ഞങ്ങൾ അധികാരത്തിലെത്തിയാൽ റിപ്പോർട്ടർ ടിവി പൂട്ടിക്കും’ എന്ന്‌ മുന്പ്‌ യുഡിഎഫ-്‌ കൺവീനർ അടൂർ പ്രകാശ്‌ പറഞ്ഞതും ഇതിനോട്‌ കൂട്ടിവായിക്കണം. ന്യൂസ്‌ റൂമിൽ കടന്നുകയറിയ പൊലീസ്‌ നടപടിയെ ജാള്യമില്ലാതെ ന്യായീകരിക്കാനും മുഖ്യമന്ത്രി തയ്യാറായെന്നതാണ്‌ അതിലേറെ ഞെട്ടിപ്പിക്കുന്നത്‌. തങ്ങളെ എതിർത്താൽ ഇതുതന്നെയാണ്‌ അനുഭവമെന്ന്‌ മറ്റു മാധ്യമങ്ങൾക്കുമുള്ള മുന്നറിയിപ്പുകൂടിയാണിത്‌. ഭരണനേതൃത്വത്തിന്റെ സങ്കുചിത രാഷ്ട്രീയതാൽപ്പര്യങ്ങൾക്ക് വഴങ്ങി മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാൻ കേരളത്തിലെ പൊലീസ് ഗുണ്ടായിസം നടപ്പാക്കുകയാണിവിടെ. ഇ‍ൗ ജനാധിപത്യവിരുദ്ധ നടപടിയോട്‌ പ്രതികരിക്കാതെ മാറിനിന്ന ചില മാധ്യമങ്ങൾ നിലപാട്‌ പുനഃപരിശോധിക്കണം.


പൊലീസ് അതിക്രമത്തിനെതിരെ മാധ്യമപ്രവർത്തകരും ജനസമൂഹവും ഒറ്റക്കെട്ടായി ഉയർത്തിയ പ്രതിഷേധം ആശാവഹമാണ്‌. ​മൈക്കുകളും കാമറകളും താൽക്കാലികമായി പിടിച്ചുവയ്ക്കാമെങ്കിലും ജനങ്ങളുടെ ചോദ്യങ്ങളെ റെയ്ഡ് ചെയ്ത് ഇല്ലാതാക്കാനാകില്ലെന്ന്‌ ഇ‍ൗ പ്രതികരണങ്ങൾ തെളിയിക്കുന്നു.

ഗോദി മീഡിയയുടെ കാലത്തും ബദൽ മാധ്യമസംവിധാനമൊരുക്കി പോരാട്ടം വിജയിപ്പിച്ച ജെൻ സീകളുടെ പ്രക്ഷോഭവും ഇക്കൂട്ടരുടെ കണ്ണുതുറപ്പിക്കട്ടെ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home