ശ്രദ്ധേയം സുപ്രീംകോടതി ഇടപെടൽ

പ്രകൃതിയും സ്ത്രീയും അധികാരത്തിന്റെ അതിക്രമങ്ങൾക്ക് അടിക്കടി ഇരയാകുന്നതിലുള്ള ആശങ്കയ്ക്ക് ആശ്വാസമാണ് ആരവല്ലി, ഉന്നാവ് കേസുകളിൽ ഉന്നത നീതിപീഠത്തിന്റെ ഇടപെടൽ. 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ബിജെപി എംഎൽഎയായിരുന്ന കുൽദീപ് സിങ് സെംഗാറിന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയ ഡൽഹി ഹൈക്കോടതിവിധി തിങ്കളാഴ്ച സുപ്രീംകോടതി സ്റ്റേ ചെയ്തത് കോടതികൾക്കും തെറ്റുപറ്റാം എന്ന നിരീക്ഷണത്തോടെയാണ്. ലോകത്തിലെ നിലവിലുള്ള ഏറ്റവും പഴക്കമേറിയതും അതീവ പരിസ്ഥിതിപ്രധാനവുമായ ആരവല്ലി മലനിരകളെ സംബന്ധിച്ച് സുപ്രീംകോടതിതന്നെ പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്‌തത് സ്വയംനടത്തിയ തിരുത്തലുമായി.
വിചാരണക്കോടതിയോ ഹൈക്കോടതിയോ അനുവദിക്കുന്ന ജാമ്യം പ്രതിയെ കേൾക്കാതെ സ്റ്റേ ചെയ്യുന്ന പതിവില്ലെങ്കിലും ഉന്നാവ് കേസിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് പതിവ് തെറ്റിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിൽ കൊന്ന കേസിലും കുറ്റക്കാരനെന്നു കണ്ട് ശിക്ഷ അനുഭവിക്കുകയാണ് പ്രതിയെന്നതടക്കമുള്ള പ്രത്യേക സാഹചര്യമാണ് കോടതി പരിഗണിച്ചത്. നിയമത്തെ സാങ്കേതികമായി വ്യാഖ്യാനിക്കുകയും നിയമാനുസൃതമെങ്കിലും നീതിപൂർവകമല്ലാത്ത ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്യുന്ന പതിവുരീതികൾ മാറണമെന്ന ഓർമപ്പെടുത്തൽകൂടിയായി സുപ്രീംകോടതിയുടെ ഈ നിരീക്ഷണം. ഉത്തർപ്രദേശിലെ ഉന്നാവിൽ 2017 ജൂണിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ സംഭവം രാജ്യമനസ്സാക്ഷിയെ നടുക്കിയിരുന്നു. പ്രബലനായ ഭരണകക്ഷിനേതാവും നിയമസഭാംഗവുമായ കുൽദീപ് സിങ് സെംഗാർ ഉൾപ്പെട്ട കേസിന്റെ അന്വേഷണത്തിലെ മെല്ലെപ്പോക്കിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നു. ഗത്യന്തരമില്ലാതെ യോഗി ആദിത്യനാഥ് സർക്കാരിന്റെ പൊലീസിൽനിന്ന് സിബിഐ അന്വേഷണം ഏറ്റെടുക്കുകയും സെംഗാർ അറസ്റ്റിലാവുകയും ചെയ്തു. ഡൽഹി സിബിഐ കോടതി വിചാരണയ്‌ക്കുശേഷം 2019ൽ പോക്സോ നിയമപ്രകാരം നൽകാവുന്ന പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തു. എന്നാൽ, എംഎൽഎ പൊതുജന സേവകനല്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി സെംഗാറിന്റെ ശിക്ഷ സസ്പെൻഡ് ചെയ്‌ത് ജാമ്യം അനുവദിച്ചു. എംഎൽഎ പൊതുപ്രവർത്തകനല്ലെന്ന വാദം അംഗീകരിച്ച ഹൈക്കോടതി പോക്സോ കേസിലെ കുറഞ്ഞശിക്ഷയായ ഏഴുവർഷം തടവ് അനുഭവിച്ചതിനാൽ ജാമ്യം അനുവദിക്കുകയായിരുന്നു. എംഎൽഎയും എംപിയുമൊക്കെ പൊതുസേവകരുടെ പരിധിയിൽനിന്ന് സൗകര്യപൂർവം ഒഴിവാക്കപ്പെടുന്നതിൽ ആശങ്ക അറിയിച്ചാണ് സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.
ആരവല്ലി മലനിരകളെ ഖനനമാഫിയക്ക് വിട്ടുകൊടുക്കുന്നതിനുവേണ്ടി പടച്ചുണ്ടാക്കിയത് എന്ന് ആക്ഷേപിക്കപ്പെട്ട സർക്കാർ നിർവചനം ശരിവച്ച സുപ്രീംകോടതിയുടെ നവംബർ 20ലെ ഉത്തരവ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മരവിപ്പിച്ചത് വിഷയം സ്വയം പരിഗണിച്ചുകൊണ്ടാണ്. മുൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവിനെതിരെ വ്യാപകമായും രാജസ്ഥാനിൽ പ്രത്യേകിച്ചും ഉയർന്ന പ്രതിഷേധമാണ് ഇത്തരമൊരു അസാധാരണ നടപടിക്ക് സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്. 500 മീറ്റർ പരിധിക്കുള്ളിൽ 100 മീറ്ററിലേറെ ഉയരമുള്ള രണ്ടോ അതിലധികമോ കുന്നുകളുണ്ടെങ്കിൽമാത്രമേ ആരവല്ലിയുടെ ഭാഗമായി കണക്കാക്കൂ എന്ന നിർവചനം നിയമമാകുന്നതോടെ ഇൗ മലനിരകൾ ഖനനമാഫിയയുടെ കൈകളിലാകുമെന്ന് ആശങ്ക ഉയർന്നിരുന്നു. രാജസ്ഥാനിലെ 12,081 ആരവല്ലി കുന്നുകളിൽ 1048 എണ്ണവും 100 മീറ്ററിൽ താഴെമാത്രം ഉയരമുള്ളവയാണെന്ന വസ്തുത ആശങ്കയേറ്റുകയും ചെയ്തു. ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിലായി 800 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ആരവല്ലി മലനിരകൾ ഭൂഗർഭജല സംരക്ഷണത്തിലും കാലാവസ്ഥയുടെ സന്തുലിതത്വം നിലനിർത്തുന്നതിലും അതീവപ്രാധാന്യമുള്ള ജൈവവൈവിധ്യ മേഖലയാണെന്നത് കണക്കാക്കാതെയുള്ള കൈയേറ്റങ്ങൾ നോക്കിനിൽക്കുകയായിരുന്നു കേന്ദ്ര–സംസ്ഥാന സർക്കാരുകൾ. ആരവല്ലി മലനിരകളെ സംരക്ഷിക്കുന്നതിന് പരിസ്ഥിതി സംഘടനകൾ നടത്തിയ സുദീർഘമായ നിയമപോരാട്ടത്തിനൊടുവിൽ സുപ്രീംകോടതി നിർദേശപ്രകാരം ആരവല്ലി മലനിരകളെ വ്യാഖ്യാനിക്കുന്നതിന് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം രൂപീകരിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് പക്ഷേ അതിന്റെ നാശത്തിന് കാരണമാകുന്നതായി.
പുതിയൊരു വിദഗ്‌ധസമിതി രൂപീകരിക്കാനുള്ള നിർദേശത്തോടെ പഴയ സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ച മുൻ ഉത്തരവ് മരവിപ്പിച്ച സുപ്രീംകോടതിയുടെ ഇടപെടൽ സമഗ്രമായൊരു പുനർവിചിന്തനത്തിന് കാരണമാകുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു. അധികാരത്തിന്റെ ദുഷ്ടലാക്കുകൾ പ്രകടമായ ആരവല്ലി, ഉന്നാവ് കേസുകളിൽ കോടതികളിൽനിന്ന് അടുത്തിടെയുണ്ടായ ഉത്തരവുകൾ രാജ്യത്തെ നിരാശപ്പെടുത്തിയിരുന്നു. രാജ്യത്തെ നീതിന്യായസംവിധാനത്തിൽ പ്രതീക്ഷ കൈവിടേണ്ടതില്ലെന്ന സന്ദേശമാണ്, സുപ്രീംകോടതി കഴിഞ്ഞദിവസം ആ ഉത്തരവുകളിൽ നടത്തിയ ഇടപെടലുകൾ നൽകുന്നത്.










0 comments