പ്രത്യാശയുടെ ഭവനങ്ങൾ

മഴയും വെയിലും കാറ്റും ചൂടും തണുപ്പുമേൽക്കാതെ സമാധാനപൂർവം ജീവിക്കാൻ അടച്ചുറപ്പുള്ള ഒരു കൂര ആരാണ് സ്വപ്‌നം കാണാത്തത്. വീടില്ലാത്ത മനുഷ്യരുടെ ദൈന്യം ലോകമെമ്പാടുമുള്ള മനുഷ്യസ്‌നേഹികളുടെ കണ്ണുനനയിച്ചിട്ടുണ്ട്. സിനിമകളിലും കവിതകളിലും കഥകളിലുമെല്ലാം ആ വേദന പ്രതിഫലിച്ചിട്ടുമുണ്ട്. ദാരിദ്ര്യം, യുദ്ധം, വംശീയകലാപങ്ങൾ, പലായനം, രാഷ്‌ട്രങ്ങളുടെ വിഭജനം, വികസനത്തിന്റെ പേരിലുള്ള കുടിയിറക്കൽ, പ്രകൃതിക്ഷോഭം, അനിയന്ത്രിതമായ നഗരവൽക്കരണം തുടങ്ങി എണ്ണിയാൽ തീരാത്ത കാരണങ്ങൾ അതിനു പിന്നിലുണ്ട്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മൂന്നാംദശകത്തിലും ഇന്ത്യയെപ്പോലൊരു മൂന്നാംലോക രാഷ്‌ട്രത്തെ തുറിച്ചുനോക്കുന്ന പ്രതിസന്ധികളിലൊന്ന് പാർപ്പിടപ്രശ്‌നമാണ്. 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ വീടില്ലാത്തവരുടെ എണ്ണം 17,70,000 ആണ്. പതിനായിരം ഇന്ത്യക്കാരിൽ 12.6 പേർക്കും വീടില്ലെന്നർഥം.വളർച്ചനിരക്കിലെയും വേതനത്തിലെയും ഇടിവും, വർധിച്ച ജനസംഖ്യയും വിലക്കയറ്റവും ദാരിദ്ര്യത്തോതും കണക്കിലെടുത്താൽ 2025ലെ കണക്ക് ഇതിനെക്കാൾ എത്രയോ അധികമായിരിക്കും. ഉദാഹരണത്തിന് ഡൽഹി–-എൻസിആർ മേഖലയിൽ 2011ലെ ഔദ്യോഗിക കണക്കു പ്രകാരം 46,724 ആണ് വീടില്ലാത്തവരുടെ എണ്ണമെങ്കിൽ 2025ലെ ചില സന്നദ്ധ സംഘടനകളുടെ കണക്കു പ്രകാരം ഇത് മൂന്നു ലക്ഷമായി ഉയർന്നു. മുംബൈ അടക്കമുള്ള നഗരങ്ങളിലും ഔദ്യോഗിക കണക്കിന്റെ എത്രയോ മുകളിലാകും യാഥാർഥ്യം.
വീടില്ലാത്തവരിൽ 85 ശതമാനവും നഗരങ്ങളിലാണ്. ചേരികളിലും റോഡ്, റെയിൽവേ പുറമ്പോക്കുകളിലും ടാർപോളിനും ഫ്ലെക്‌സും വലിച്ചു കെട്ടിയും ഉപയോഗശൂന്യമായ ജലസേചനക്കുഴലുകൾ താമസസ്ഥലമാക്കിയും ഈ ജീവിതം ജീവിച്ചു തീർക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർ നമുക്കു ചുറ്റുമുണ്ട്. രാജ്യം ഭരിക്കുന്നവരുടെ മുൻഗണനകളിൽ ഒരിക്കൽ പോലും തികച്ചും അനാരോഗ്യകരമായ ചുറ്റുപാടിൽ ജീവിക്കുന്ന ഇത്തരം മനുഷ്യരുടെ പ്രശ്‌നം ഇടംപിടിച്ചിട്ടില്ല. അഴിമതിയും അധികാരഭ്രാന്തും വർഗീയതയും തലയ്‌ക്കുപിടിച്ച ബൂർഷ്വാ രാഷ്‌ട്രീയ നേതാക്കളെയൊന്നും ലക്ഷക്കണക്കിന് മനുഷ്യരുടെ ഈ ജീവൽപ്രശ്‌നം അലട്ടിയിട്ടില്ല.
ഈ സാഹചര്യത്തിൽ കേരളം എങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്‌തമാകുന്നതെന്ന് സംസ്ഥാന സർക്കാരിന്റെ പുനർഗേഹം പദ്ധതിയിലൂടെ ഒരിക്കൽകൂടി വ്യക്തമായിരിക്കുന്നു. 332 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് തിരുവനന്തപുരം മുട്ടത്തറയിൽ നിർമിച്ചു നൽകിയ ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ താക്കോൽ വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഗുണഭോക്താക്കൾക്ക് കൈമാറി. പുനർഗേഹം പദ്ധതിയിൽ മലപ്പുറം ജില്ലയിലെ താനൂരിൽ നിർമിച്ച ഫ്ളാറ്റുകളുടെ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. അന്താരാഷ്‌ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി സർക്കാർ മത്സ്യത്തൊഴിലാളി സമൂഹത്തിന് നൽകിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്‌ദാനമാണ് മുട്ടത്തറയിൽ യാഥാർഥ്യമായത്.
തീരദേശത്തെ സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെയും പ്രത്യാശയുടെയും മുഹൂർത്തം. കടലാക്രമണത്തിൽ വീടു തകരുമെന്ന ഭീതിയിൽ കഴിഞ്ഞവർ, വർഷങ്ങളായി ദുരിതാശ്വാസ കേന്ദ്രത്തിലും വാടകവീടുകളിലും കഴിഞ്ഞവർ തുടങ്ങിയവരെല്ലാമാണ് ഗുണഭോക്താക്കൾ. കേരളത്തിൽ വൻപ്രളയമുണ്ടായപ്പോൾ സ്വജീവൻപോലും പരിഗണിക്കാതെ വള്ളവുമായി ഇറങ്ങി ആയിരങ്ങൾക്ക് തുണയേകിയ മത്സ്യത്തൊഴിലാളികൾക്ക് എന്ത് നൽകിയാലും അധികമാകില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രതിധ്വനിച്ചത് അടിസ്ഥാന വിഭാഗത്തിൽപ്പെട്ട ജനതയോടുള്ള ഈ ഗവൺമെന്റിന്റെ പ്രതിബദ്ധതയാണ്.
ആറു മാസത്തിനുള്ളിൽ നാനൂറ് ഫ്‌ളാറ്റുകൾകൂടി കൈമാറുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒമ്പതു വർഷത്തിനുള്ളിൽ ഇരുപതിനായിരം വീടുകളാണ് മത്സ്യത്തൊഴിലാളികൾക്ക് നിർമിച്ചു നൽകിയത്. സർക്കാർ വലിയ പ്രതിസന്ധികൾ തരണം ചെയ്‌താണ് മത്സ്യത്തൊഴിലാളികളുടെ സ്വപ്‌ന സാക്ഷാത്ക്കാരത്തിനായി പ്രയത്‌നിച്ചത്. വ്യാജവാർത്തകൾ സൃഷ്‌ടിച്ച് മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കോടതി വ്യവഹാരങ്ങളിലൂടെ പദ്ധതി മുടക്കാനും ശ്രമമുണ്ടായി. പദ്ധതിക്കെതിരെ രണ്ട് റിട്ട് ഹർജികളാണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്.
വീടില്ലാത്തവർക്കായി ലൈഫ് മിഷൻ വഴി നാലര ലക്ഷത്തിലേറെ വീടുകളാണ് കേരളത്തിൽ നിർമിച്ചത്. 1.14 ലക്ഷം വീടുകൾ നിർമാണഘട്ടത്തിലുമാണ്. അതിദരിദ്രരെ കണ്ടെത്തിയ അവരുടെ അവസ്ഥയിൽ മാറ്റം വരുത്താനുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിലാണ്.
ഈ നേട്ടങ്ങളെ മറച്ചുവയ്‌ക്കാൻ എത്ര ശ്രമിച്ചാലുമാകില്ല. പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും എത്രയോ കാലമായി ഈ വികസന പദ്ധതികൾക്ക് തുരങ്കം വയ്‌ക്കുന്നു. അതിനെയെല്ലാം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞ് സർക്കാർ മുന്നേറുകയാണ്. കേരളത്തിലെ ജനങ്ങൾ സർവാത്മനാ നൽകുന്ന പിന്തുണയാണ് സർക്കാരിന്റെ കരുത്ത്. തങ്ങൾ അധികാരത്തിലേറിയാൽ ലൈഫ് മിഷൻ ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ച യുഡിഎഫിന് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എന്ത് സംഭവിച്ചു എന്നോർത്താൽ എല്ലാവർക്കും നന്ന്.










0 comments