Deshabhimani

print edition പൊതുവിദ്യാഭ്യാസത്തിലും ബിജെപിക്ക്‌ കുടപിടിക്കുന്നു

deshabhimani editorial
വെബ് ഡെസ്ക്

Published on Nov 16, 2026, 01:30 AM | 2 min read

ചെറുപ്പത്തിലേ പിടികൂടുക എന്നതാണ്‌ ഫാസിസ്‌റ്റുകളുടെ തന്ത്രം. ഇ‍ൗ ലക്ഷ്യത്തോടെയാണ്‌ ആർഎസ്‌എസ്‌ വിദ്യാഭ്യാസ മേഖലയിൽ ഇടപെടുന്നത്‌. തീവ്ര ഹിന്ദുത്വ ആശയങ്ങൾ കുട്ടികളിൽ കുത്തിനിറയ്‌ക്കുന്നതിനായി പ്രാകൃതവും ആക്രമണോത്സുകവുമായ നയമാണ്‌ വിദ്യാഭ്യാസ മേഖലയിൽ ആർഎസ്‌എസ്‌ നേതൃത്വത്തിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്നത്‌. രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഇ‍ൗ നയം നടപ്പാക്കി. കേരളത്തിൽ ഇ‍ൗ ആശയങ്ങൾക്ക്‌ ഇടം കൊടുത്തിരുന്നില്ല. മതനിരപേക്ഷത, ശാസ്‌ത്ര–ചരിത്രബോധം, ഭരണഘടനാ മൂല്യം, പുരോഗമന ചിന്ത തുടങ്ങിയവയാണ്‌ നമ്മുടെ വിദ്യാഭ്യാസത്തിന്റെ അടിത്തറ. ലോകത്തിന്‌ മാതൃകയായ നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ ഇ‍ൗ സവിശേഷത തകർക്കാനുള്ള സംഘപരിവാർ ശ്രമത്തിന്‌ ഒത്താശ ചെയ്യുകയാണ്‌ യുഡിഎഫ്‌ സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും.


​ആർഎസ്‌എസിന്റെ കുട്ടികളുടെ സംഘടനയായ ബാലഗോകുലത്തിന്റെ മാസിക മയിൽപ്പീലിയുടെ ‘യങ്‌ സ്‌കോളർ എക്‌സാം’ കേരളത്തിലെ സ്‌കൂളുകളിൽ നടത്താൻ അനുമതി നൽകിയത്‌ നിസ്സാര കാര്യമായി കാണാനാകില്ല. ഉന്നത വിദ്യാഭ്യാസത്തിനു പുറമെ സ്കൂൾ വിദ്യാഭ്യാസ മേഖലയിലും ആർഎസ്‌എസ്‌ നുഴഞ്ഞുകയറുന്നെന്ന ഗ‍ൗരവമായ വിഷയമാണിത്‌. യുഡിഎഫ്‌ ഭരണത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പും മുസ്ലിംലീഗുകാരനായ മന്ത്രി എൻ ഷംസുദ്ദീനും അതിന്‌ ഒത്താശ ചെയ്യുന്നതാണ്‌ അനുഭവം. ആർഎസ്‌എസ്‌ അധ്യാപക സംഘടനയായ എൻടിയു നേതാവിനെ ദേശീയ അധ്യാപക ക്ഷേമ ഫ‍ൗണ്ടേഷനിൽ ഉൾപ്പെടുത്തിയത്‌ കഴിഞ്ഞ ദിവസമാണ്‌. സവർക്കറെ മഹത്വവൽക്കരിച്ച്‌ സ്‌കൂളുകളിൽ ക്വിസ്‌ മത്സരം നടന്നതും ഇ‍ൗ അടുത്താണ്‌. അതിനാൽ ‘യങ്‌ സ്‌കോളർ എക്‌സാം’ ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല.


​വിദ്യാഭ്യാസ മേഖലയിൽ ആർഎസ്‌എസ്‌ ഇടപെടലിന്‌ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ബിജെപി അധികാരത്തിൽവന്ന എല്ലാ സംസ്ഥാനങ്ങളിലും സ്‌കൂൾ വിദ്യാഭ്യാസം കാവിവൽക്കരിച്ചായിരുന്നു ഈ പരീക്ഷണത്തിന്റെ തുടക്കം. യുപി, രാജസ്ഥാൻ, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിലായിരുന്നു ആദ്യപരീക്ഷണം. അവിടങ്ങളിൽ പാഠ്യപദ്ധതി ഹിന്ദുത്വവൽക്കരിച്ചു. സ്വന്തം പാഠ്യപദ്ധതി തയ്യാറാക്കി ആർഎസ്‌എസ് നേതൃത്വത്തിൽ സമാന്തര വിദ്യാലയങ്ങൾ തുടങ്ങി. എ ബി വാജ്‌പേയി പ്രധാനമന്ത്രിയായതോടെ വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാൻ ആർഎസ്‌എസ്‌ ദേശീയ പദ്ധതി പ്രാവർത്തികമാക്കി. കടുത്ത ആർഎസ്‌എസുകാരനായിരുന്ന മാനവ വിഭവശേഷി മന്ത്രി മുരളി മനോഹർ ജോഷിക്കായിരുന്നു ചുമതല. കേന്ദ്രത്തിൽ ഭരണത്തുടർച്ച കിട്ടാതായതോടെ അന്ന്‌ ആ പദ്ധതി വേണ്ടത്ര നടപ്പാക്കാനായില്ല. എന്നാൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ പഴയ നയം കൂടുതൽ കരുത്തോടെ നടപ്പാക്കാൻ തുടങ്ങി.


തീവ്രഹിന്ദുത്വ അജൻഡയെ ഒളിച്ചുകടത്തിയ ‘ദേശീയ വിദ്യാഭ്യാസനയം’ അതിന്‌ തെളിവാണ്‌. 2023 മുതൽ എൻസിഇആർടിയെ ഉപയോഗിച്ച്‌ പാഠ്യപദ്ധതിയിലും പാഠപുസ്‌തകത്തിലും സംഘപരിവാർ സജീവമായി ഇടപെട്ടുതുടങ്ങി. ശാസ്‌ത്ര–പുരോഗമന ആശയങ്ങൾ ഇല്ലാതാക്കുന്ന മതചിന്തകളും അന്ധവിശ്വാസങ്ങളും പൗരോഹിത്യ കൽപ്പനകളും വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനശിലകളാക്കി. അതിനായി എൻസിഇആർടി പാഠപുസ്‌തകങ്ങളിൽനിന്ന്‌ തങ്ങൾക്ക്‌ ഹിതമല്ലാത്ത ഭാഗങ്ങൾ വെട്ടിമാറ്റുകയും താൽപ്പര്യമുള്ളവ ഉൾച്ചേർക്കുകയും ചെയ്യുന്നു.

ഇ‍ൗ ഹിന്ദുത്വ വിദ്യാഭ്യാസ അജൻഡയ്‌ക്ക്‌ കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങൾപോലും പരവതാനി വിരിച്ചപ്പോൾ എൽഡിഎഫ്‌ ഭരണത്തിൽ വാക്കിനപ്പുറം പ്രവൃത്തിയിലൂടെ പ്രതിരോധം തീർത്ത ഏക സംസ്ഥാനം കേരളമാണ്‌. വെട്ടിമാറ്റിയ ഭാഗങ്ങൾ ഉൾപ്പെടുത്തി പകരം പുസ്‌തകം അച്ചടിച്ച്‌ വിതരണം ചെയ്‌തു. തങ്ങളുടെ വഴിയിലൂടെ കേരളം സഞ്ചരിക്കില്ലെന്ന്‌ മനസ്സിലാക്കിയതോടെയാണ്‌ വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ അർഹമായ ഫണ്ടുകൾ കേന്ദ്രം തടഞ്ഞത്‌. എന്നിട്ടും കഴിഞ്ഞ എൽഡിഎഫ-്‌ സർക്കാർ ഒരു ഭീഷണിക്കും വഴങ്ങാതെ കേരളം അതിന്റെ അന്തസ്സ്‌ ഉയർത്തിപ്പിടിച്ചു. ആ പ്രതിരോധമാണ്‌ ഇപ്പോൾ യുഡിഎഫ്‌ സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും തകർക്കുന്നത്‌.


വിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച നേട്ടം പൊരുതി നേടിയതാണ്‌. ശ്രീനാരായണ ഗുരു, അയ്യൻകാളി, ചട്ടമ്പി സ്വാമികൾ തുടങ്ങിയ നവോത്ഥാന നായകരും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവും ഉഴുതുമറിച്ച മണ്ണിലാണ്‌ രാജ്യത്തിന്‌ മാതൃകയായ പൊതുവിദ്യാഭ്യാസം രൂപപ്പെട്ടത്‌. 1957ൽ ആദ്യ ഇ എം എസ്‌ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി പ്രൊഫ. ജോസഫ്‌ മുണ്ടശ്ശേരി കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലുമുതൽ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞംവരെ പരിശോധിച്ചാൽ ക്രമാനുഗതമായ ഇ‍ൗ മുന്നേറ്റം കാണാം. സ്‌കൂൾ പ്രാപ്യത, എൻറോൾമെന്റ്‌, പാഠ്യപദ്ധതി, പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലയിലെ നേട്ടം നമുക്ക് മാത്രം അവകാശപ്പെട്ടതാണ്. ലിംഗസമത്വം, ലിംഗനീതി, ലിംഗസ‍ൗഹൃദ പഠനാന്തരീക്ഷം തുടങ്ങിയവയും നമ്മുടെ വിദ്യാഭ്യാസ മേഖലയെ കൂടുതൽ തിളക്കമുള്ളതാക്കുന്നു. കേരളത്തിന്റെ മതനിരപേക്ഷ മനസ്സും പുരോഗമന സ്വഭാവവും രൂപപ്പെടുത്തിയതിൽ പൊതുവിദ്യാഭ്യാസത്തിനുള്ള പങ്ക്‌ വലുതാണ്‌. അത്‌ തകർക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിന്‌ കുടപിടിക്കുന്നു യുഡിഎഫ്‌ സർക്കാർ.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home