വിജയ് മർച്ചന്റ് ട്രോഫിയിൽ ജമ്മു കശ്മീർ 384 റൺസിന് പുറത്ത്, കേരളം ആറിന് 163 റൺസെന്ന നിലയിൽ

ഗ്വാളിയോർ: 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചന്റ് ട്രോഫിയിൽ കേരളത്തിനെതിരെ ജമ്മു കശ്മീരിന്റെ ആദ്യ ഇന്നിങ്സ് 384 റൺസിന് അവസാനിച്ചു. 162 റൺസെടുത്ത ക്യാപ്റ്റൻ ഹരീന്ദർ സിങ്ങിന്റെ ഇന്നിങ്സാണ് കശ്മീരിനെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ടാം ദിവസം കളി നിർത്തുമ്പോൾ ആറ് വിക്കറ്റിന് 163 റൺസെന്ന നിലയിലാണ്.
ഏഴ് വിക്കറ്റ് നഷ്ടത്തിൽ 272 റൺസെന്ന നിലയിൽ രണ്ടാം ദിവസം കളി ആരംഭിച്ച കശ്മീരിന് ആകാശ് പ്രതാപ് സിങ്ങിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. 90 റൺസെടുത്ത ആകാശ്, കാർത്തിയുടെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. എന്നാൽ മറുവശത്ത് ഉറച്ചുനിന്ന ക്യാപ്റ്റൻ ഹരീന്ദർ സിങ് വാലറ്റക്കാരനായ ഹമ്മദ് ഫിർദൗസുമായി ചേർന്ന് 87 റൺസ് കൂട്ടിച്ചേർത്തു. 162 റൺസെടുത്ത ഹരീന്ദർ സിങ്ങിനെ പുറത്താക്കി ശ്രീഹരി പ്രസാദാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. തൊട്ടടുത്ത പന്തിൽ വീണ്ടുമൊരു വിക്കറ്റ് വീഴ്ത്തി ശ്രീഹരി കശ്മീരിന്റെ ഇന്നിങ്സിന് അവസാനമിട്ടു. കേരളത്തിന് വേണ്ടി എസ്. ആര്യൻ അഞ്ചും ശ്രീഹരി പ്രസാദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ വിശാൽ ജോർജ്ജിന്റെ (0) വിക്കറ്റ് നഷ്ടമായി. ദേവർഷും (9) ദേവതീർത്ഥും (4) കൂടി മടങ്ങിയതോടെ മൂന്ന് വിക്കറ്റിന് 30 റൺസെന്ന നിലയിലായിരുന്ന കേരളത്തെ ദേവനാരായണനും ആരോൺ അലക്സും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. എന്നാൽ ഇരുവരെയും പുറത്താക്കി ഹമ്മദ് ഫിർദൗസ് കളി വീണ്ടും കശ്മീരിന്റെ നിയന്ത്രണത്തിലാക്കി. ദേവനാരായണൻ 42-ഉം ആരോൺ അലക്സ് 41-ഉം റൺസ് നേടി. തുടർന്ന് ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന കാർത്തിയും ശ്രീഹരി പ്രസാദും ചേർന്ന് ഇതുവരെ 43 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. കളി നിർത്തുമ്പോൾ കാർത്തി 25-ഉം ശ്രീഹരി പ്രസാദ് 20 റൺസ് നേടി ക്രീസിലുണ്ട്. കശ്മീരിന് വേണ്ടി ഹമ്മദ് ഫിർദൗസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.








0 comments